'സുവേന്ദു അധികാരി ഒരുപാട് സഹായിച്ചു'; ബംഗാൾ മുഖ്യമന്ത്രിയെയും ബിജെപിയെയും പ്രശംസിച്ച് മഹുവ മൊയ്‌ത്ര

കൊൽക്കത്ത: ബിജെപി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയെ പ്രശംസിച്ച് ടിഎംസി നേതാവ് മഹുവ മൊയ്‌ത്ര എംപി. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിലാണെങ്കിലും സുവേന്ദു അധികാരിയുമായി തനിക്ക് എന്നും ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടെന്നായിരുന്നു മഹുവയുടെ പരാമർശം. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014ൽ ലോക്‌സഭാ ടിക്കറ്റ് നിഷേധിക്കപ്പെട്ട് താൻ മാനസികമായി തകർന്ന ഘട്ടത്തിൽ ആശ്വസിപ്പിച്ചതും, 2016ൽ കരിംപൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തനിക്ക് വേണ്ടി ആദ്യമായി പ്രചാരണ റാലിക്ക് എത്തിയതും സുവേന്ദു മാത്രമായിരുന്നുവെന്ന് മഹുവ. പാർടി മാറിയതോടെ ഇപ്പോൾ പരസ്പരം സംസാരിക്കാറില്ലെങ്കിലും അന്ന് അദ്ദേഹം നൽകിയ രാഷ്ട്രീയ പിന്തുണയും സഹായങ്ങളും തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നുമായിരുന്നു മഹുവയുടെ മറുപടി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വൻ ആഭ്യന്തര തകർച്ചയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട വിമത ക്യാമ്പ് പാർടി പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. മമതയെ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്നും വിമതർ മാറ്റിയിരുന്നു. അനന്തരവൻ അഭിഷേക് ബാനർജിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനവും തെറിപ്പിച്ചു. പാർടിയുടെ പേരിനും ചിഹ്നത്തിനുമായി അവർ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുമുണ്ട്. ആകെയുള്ള 80 ടിഎംസി എംഎൽഎമാരിൽ 60 പേരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതർ അവകാശപ്പെടുന്നത്. മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തരായിരുന്ന അരൂപ് ബിശ്വാസ്, ഫിർഹാദ് ഹക്കിം തുടങ്ങിയ മുതിർന്ന നേതാക്കൾ പോലും ഇതിനോടകം വിമത ക്യാമ്പിലെത്തിക്കഴിഞ്ഞു. പാർലമെന്റിൽ 20 ലോക്‌സഭാ എംപിമാർ ഭരണകക്ഷിയായ ബിജെപിയെ പിന്തുണയ്ക്കുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിച്ചതും ടിഎംസിക്ക് കനത്ത തിരിച്ചടിയായി.
ഈ രാഷ്ട്രീയ അഴിച്ചുപണികൾക്കിടയിൽ, തെരഞ്ഞെടുപ്പ് പരാജയത്തിലൂടെ പാർടിയിലെ 'ഉപയോഗശൂന്യരായ മാലിന്യങ്ങൾ' പുറത്തുപോയതിനെ ടിഎംസിയുടെ 'ശുദ്ധീകരണം' എന്നാണ് മഹുവ മൊയ്‌ത്ര വിശേഷിപ്പിച്ചത്. ഇതിന് കാരണക്കാരായ സുവേന്ദുവിനോടും ബിജെപിയോടും തനിക്ക് നന്ദിയുണ്ടെന്നും സ്വന്തമായി ജയിക്കാൻ ശേഷിയില്ലാത്ത നേതാക്കളെയാണ് മമത ഇതുവരെ ചുമന്നിരുന്നതെന്നും അവർ പരിഹസിച്ചു. വ്യക്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രവും ശക്തമായ കേഡർ സംവിധാനവുമുള്ള ബിജെപി ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചു നിൽക്കുന്ന പാർടി അല്ലെന്നും മഹുവ ചൂണ്ടിക്കാട്ടി. ടിഎംസി കോൺഗ്രസുമായി ലയിക്കുമെന്ന അഭ്യൂഹങ്ങൾ മഹുവ തള്ളി. പ്രത്യയശാസ്ത്രപരമായി പാർടിക്ക് കോൺഗ്രസിനോടാണ് കൂടുതൽ അടുപ്പമെന്നും അവർ കൂട്ടിച്ചേർത്തു. മഹുവ പാർടി വിടുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തമായ സൂചനകളൊന്നുമില്ലെങ്കിലും, ബംഗാളിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അവരുടെ ഈ പ്രതികരണം അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.









0 comments