നാദാപുരത്ത് രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി; അബോധാവസ്ഥയിലായ വയോധികൻ മെഡിക്കൽ കോളേജിൽ

കോഴിക്കോട്: നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. ഇതേത്തുടർന്ന് അബോധാവസ്ഥയിലായ മുടവന്തേരി സ്വദേശി ചന്ദ്രനെ (60) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചന്ദ്രന് ഡോക്ടർ ഉറക്ക ഗുളിക മാറി നൽകിയെന്നും, ഇത് കഴിച്ചതിന് പിന്നാലെ ബോധം നഷ്ടപ്പെടുകയുമായിരുന്നു എന്നുമാണ് ബന്ധുക്കളുടെ പരാതി. പേരിലെ സാമ്യമാണ് മരുന്ന് മാറാൻ കാരണമായതെന്നാണ് വിവരം.
ചന്ദ്രൻ്റെ തൊട്ടടുത്ത ബെഡിൽ ഇതേ പേരിലുള്ള മറ്റൊരു രോഗി ചികിത്സയിലുണ്ടായിരുന്നു. ഈ രോഗിക്ക് നൽകേണ്ടിയിരുന്ന ശക്തമായ ഉറക്ക ഗുളികയാണ് മുടവന്തേരി സ്വദേശിയായ ചന്ദ്രന് മാറി നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു.
ഗുളിക മാറിയ കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, തെറ്റ് മറച്ചുവെക്കാൻ ഡോക്ടർ ആശുപത്രി രേഖകളിൽ തിരുത്തൽ വരുത്തിയതായും ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, നാദാപുരത്തെ ചികിത്സാപ്പിഴവിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് അവിടെയും ചികിത്സയിൽ വീഴ്ച സംഭവിച്ചതായി സൂചനകളുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.









0 comments