ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ഇന്നുമുതൽ
വിഷം കലർത്തരുത് വിഷുവിന്


സ്വന്തം ലേഖകൻ
Published on Apr 06, 2026, 12:00 AM | 1 min read
പാലക്കാട്
വിഷുവിനോടനുബന്ധിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തിങ്കളാഴ്‌ച ആരംഭിക്കും. പായസം മിക്സ്, ശർക്കരവരട്ടി, കായവറവ് നിർമാണ യൂണിറ്റുകളിലും കാറ്ററിങ് യൂണിറ്റുകളിലുമാണ് പ്രധാനമായി പരിശോധന നടത്തുക. കായവറവിലും പായസം മിക്സിലും ചേർക്കുന്ന കൃത്രിമനിറങ്ങളും കട്ടികൂട്ടാൻ ഉപയോഗിക്കുന്ന വസ്‌തുക്കളും പരിശോധിക്കും. കാറ്ററിങ് യൂണിറ്റുകളിൽ പച്ചക്കറിയുടെ ഗുണനിലവാരവും പരിശോധിക്കും. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. കൃത്രിമ നിറങ്ങളും രുചി വർധിപ്പിക്കാനും കൂടുതൽ നേരം കേടുകൂടാതെ സൂക്ഷിക്കാനും രാസപദാർഥങ്ങൾ ചേർത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. പാകംചെയ്ത ഭക്ഷണങ്ങൾ തണുപ്പിച്ച് സൂക്ഷിക്കരുതെന്നും കൃത്യസമയത്തിനുള്ളിൽ വിതരണം ചെയ്യണമെന്നും കാറ്ററിങ് യൂണിറ്റുകൾക്ക് നിർദേശമുണ്ട്. 13, 14 ദിവസങ്ങളിൽ മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റുകളിൽ പാൽവാനുകളും പരിശോധിക്കും. അതത് സർക്കിളുകളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനും തൊട്ടടുത്ത സർക്കിളുകളിലെ ഉദ്യോഗസ്ഥനുമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുക. ഓരോ സ്ക്വാഡിലും ഒരു ഓഫീസ് അസിസ്റ്റന്റ് വീതമുണ്ടാകും. സംശയാസ്‌പദമായി കണ്ടെത്തുന്ന ഭക്ഷണപദാർഥങ്ങൾ മൊബൈൽ ലാബിൽ പരിശോധിക്കും. വിദഗ്‌ധ പരിശോധനയ്‌ക്ക് എറണാകുളം കാക്കനാട്ടെ ലാബിലേക്ക് അയക്കും. താരതമ്യേന ചെറിയ കേസുകളാണെങ്കിൽ നോട്ടീസ് നൽകി പാലക്കാട് അസിസ്റ്റന്റ് കമീഷണറുടെ മുമ്പിൽ ഹിയറിങ് നടത്തി പിഴ ഇൗടാക്കും. വലിയ കേസുകളാണെങ്കിൽ സബ്‌കലക്ടറുടെ കോടതിയിലോ ജുഡീഷ്യൽ മജിസ്‌ട്രേറ്റിനുമുമ്പിലോ ഹാജരാക്കും. ഗുരുതര കുറ്റകൃത്യങ്ങൾക്ക് കർശന നടപടിയുണ്ടാകും. കഴിഞ്ഞ വർഷങ്ങളിൽ വിഷു, ഓണം ആഘോഷങ്ങളുടെ ഭാഗമായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ പശ്ചാതലത്തിൽ ഇത്തവണ പരിശോധന കടുപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. വേനലിനോടനുബന്ധിച്ച് നേരത്തെ തട്ടുകടകളിലും വഴിയോര ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.











0 comments