Deshabhimani

നാട്ടുകലകൾക്ക് അംഗീകാരം: ഫോക്‌ലോർ അക്കാദമി പുരസ്‌കാരം 
26 കലാകാരന്മാർക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2026, 12:02 AM | 2 min read

പാലക്കാട്‌

ജില്ലയിൽ 26 കലാകാരന്മാർ വിവിധ വിഭാഗങ്ങളിൽ കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരത്തിന്‌ അർഹരായി. കണ്യാർകളി കലാകാരൻ പി കുട്ടികൃഷ്ണനും തുയിലുണർത്ത്‌ കലാകാരി വി തത്തയും ഫെലോഷിപ്‌ നേടി. 11 പേർക്കാണ്‌ സംസ്ഥാനത്താകെ ഫെലോഷിപ്‌. കണ്യാർകളി കലാകാരരായ നൊച്ചിയിൽ രാധാകൃഷ്ണൻ, മുരളീധരൻ ഇട്ടിരാംകണ്ടത്ത്‌, പി രാമൻ, തോൽപ്പാവക്കൂത്ത്‌ കലാകാരരായ എം രാമസ്വാമി പുലവർ, കെ രാമസ്വാമി, കെ വേലായുധൻ (കുമ്മിയടി), വി രാജഗോപാലൻ (ആര്യമാല), എൻ രാധാകൃഷ്ണൻ (ഉടുക്കുപാട്ട്‌), സി അമ്മുക്കുട്ടി (തുയിലുണർത്തുപാട്ട്‌) എന്നിവർ ഗുരുപൂജ പുരസ്കാരം നേടി. മണിത്താമര (നാടൻപാട്ട്‌), ആണ്ടികുളമ്പ്‌ കൃഷ്ണൻ (പൊറാട്ട്‌ നാടകം), സി മണികണ്ഠൻ (കണ്യാർകളി), പുള്ളോട്‌ ആർ മോഹൻ (ഭഗവതിപ്പാട്ട്‌), പി രാധാകൃഷ്ണൻ (ഉടുക്കുപാട്ട്‌), എസ്‌ വി മുരുകേശൻ (ഇരുളനൃത്തം), പി സത്യനാരായണൻ (പുള്ളുവൻപാട്ട്‌), ടി പി ജയചന്ദ്രൻ (അയ്യപ്പൻ തീയാട്ട്‌), സുന്ദരൻ മുണ്ട്രക്കോട്‌ (മലവാഴിയാട്ടം), കെ പത്‌മിനി (തോൽപ്പാവകൂത്ത്‌), പി സുബ്രഹ്മണ്യൻ (തോൽപ്പാവകൂത്ത്‌) എന്നിവർ ഫോക്‌ലോർ അവാർഡിനർഹരായി. ഗംഗാധരൻ കാറൽമണ്ണ (നാടൻപാട്ട്‌), പി ദിതി (പൊറാട്ട്‌നാടകം)‍, ജെ അശ്വതി (തോൽപ്പാവകൂത്ത്‌), അനസ്‌ മണ്ണാർക്കാട്‌ (മാപ്പിളകല) എന്നിവർ യുവപ്രതിഭാ പുരസ്കാരത്തിനും അർഹരായി.


കൊളയക്കോടിന്‌ ഏഴഴക്

പുതുശേരി

കലയുടെ ഭൂമിക്ക്‌ ഇനി പുരസ്‌കാരത്തിളക്കത്തിന്റെ ഏഴഴക്. ഫോക്‌ലോർ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ഏഴ്‌ പുരസ്‌കാരം പുതുശേരി കൊളയക്കോട്ടിലെ കലാകാരന്മാർക്ക്‌. അയൽവാസികളായ ഏഴ് പേർക്ക് ഫോക്‌ലോർ പുരസ്കാരം ലഭിക്കുക എന്ന അപൂർവതയുമുണ്ട്‌. കൊളയക്കോട് പുത്തൻവീട്ടിൽ കെ രാമസ്വാമി (തോൽപ്പാവക്കൂത്ത്), കൃഷ്ണകൃപയിൽ കെ വേലായുധൻ (കുമ്മിയടി), ചെങ്ങണംകോട് വി രാജഗോപാലൻ (ആര്യമാല), വൈശാഖ് നിവാസിൽ എൻ രാധാകൃഷ്ണൻ (ഉടുക്കുപാട്ട്), അരുൺ നിവാസ് പി രാധാകൃഷ്ണൻ (ഉടുക്കുപാട്ട്), പി സുബ്രഹ്മണ്യൻ (തോൽപ്പാവക്കൂത്ത്), പാർവതി നിലയം എം രാമസ്വാമി പുലവർ (തോൽപ്പാവക്കൂത്ത്) എന്നിവർക്കാണ് പുരസ്കാരം. ഇതിൽ സുബ്രഹ്മണ്യൻ ഒഴികെ ബാക്കിയുള്ളവരെല്ലാം അറുപത്‌ വയസ്സ് പിന്നിട്ടവരാണ്. ഏകദേശം 50 വർഷത്തോളമായി അഭ്യസിക്കുന്ന കലകൾ വിവിധ വേദികളിലായി അവതരിപ്പിക്കുന്നവരാണ്‌ ഇവർ. മുൻതലമുറകളിൽ നിന്ന്‌ പഠിച്ചെടുത്ത വിദ്യകൾ വരും തലമുറയ്ക്കും ഇവർ പകർന്ന് നൽകുന്നു. വൈകി കിട്ടിയ പുരസ്‌കാരത്തിന്റെ സന്തോഷത്തിലാണ് കൊളയക്കോട് ഗ്രാമം. പുരസ്കാര വിവരം അറിയുമ്പോൾ ജില്ലയിലെ വിവിധയിടങ്ങളിൽ തോൽപ്പാവക്കൂത്ത്‌ അവതരിപ്പിക്കുകയാണ്‌ കെ രാമസ്വാമി, എം രാമസ്വാമി പുലവർ, പി സുബ്രഹ്മണ്യൻ എന്നിവർ. ഇതാദ്യമായല്ല പുതുശേരിയിലേക്ക് ഫോക്‌ലോർ അവാർഡ് എത്തുന്നത്. നാടൻപാട്ട് കലാകാരൻമാരായ പ്രണവം ശശി, പുതുശേരി ജനാർദനൻ എന്നിവർക്കാണ്‌ മുന്പ്‌ ഫോക്‌ലോർ പുരസ്‌കാരം ലഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home