കീറിയ പത്ത് രൂപ നോട്ട് മാറ്റിച്ചോദിച്ചതിന് മർദനം; അപമാനം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

ന്യൂഡൽഹി : കീറിയ പത്ത് രൂപ നോട്ട് മാറ്റി നൽകാൻ ആവശ്യപ്പെട്ടതിന് ഫ്ലിപ്കാർട്ട് ഡെലിവറി പാർട്നറായ യുവാവിനെ മർദിച്ച് ഉപഭോക്താവ്. പിന്നാലെ തനിക്കുണ്ടായ അപമാനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.
ഡൽഹി, വിനോദ് നഗർ സ്വദേശിയായ സമീർ ഹുസൈനാണ് ദുരനഭുവം നേരിട്ടത്. ഫ്ലിപ്കാർട്ട് മിനിറ്റ്സിലെ ഡെലിവറി എക്സിക്യൂട്ടീവ് ആയിരുന്നു സമീർ. ഒക്ടോബർ നാലിനാണ് സംഭവം. ഓർഡറിന് കാഷ് ഓൺ ഡെലിവറി നൽകിയ ഉപഭോക്താവിൽ നിന്നും പണം വാങ്ങിയപ്പോൾ കൂട്ടത്തിൽ കീറിയ പത്ത് രൂപയുള്ളതായി കാണുകയും അത് മാറ്റി നൽകാൻ ഹുസൈൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ രോഷാകുലനായ റാംപാൽ സിങ് എന്ന വ്യക്തി സമീറിനെ മുഖത്തടിക്കുകയായിരുന്നു.
റാംപാൽ സിങ്ങിൻ്റെ കൊച്ചുമകനും സമീറിനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദിച്ചു. ആൾക്കൂട്ടം നോക്കി നിൽക്കെയായിരുന്നു മർദനം. കടുത്ത മനോവിഷമത്തിലായ സമീർ ഒക്ടോബർ 5 ന് വിഷം കഴിച്ചു. വിഷം കഴിക്കുന്നതിന് തൊട്ടുമുൻപ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 15 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ യുവാവ് ഒക്ടോബർ 20 ന് മരിച്ചു. റാംപാൽ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു.








0 comments