Deshabhimani

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്: മോണ അഗർവാളിന് റെക്കോര്‍ഡ് മികവോടെ രണ്ടാമത്തെ സ്വര്‍ണം

mona agarwal
വെബ് ഡെസ്ക്

Published on Oct 23, 2026, 11:29 AM | 2 min read

നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാര ഗെയിംസിൽ ഇന്ത്യയുടെ ചരിത്ര നേട്ടങ്ങൾക്ക് തിളക്കമേറ്റി മോണ അഗര്‍വാളിന് ചരിത്ര മികവോടെ രണ്ടാമത്തെ സ്വർണം. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് എസ്‌ എച്ച്-1 ൽ മോണ തന്റെ രണ്ടാമത്തെ സ്വ‍ര്‍ണ ലക്ഷ്യം കീഴടക്കി. മത്സരത്തിൽ 357.5 പോയിന്റുകൾ നേടിയാണ് താരം റെക്കോര്‍ഡ് മികവോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.


ചൈനയുടെ ക്യുപിംഗ് ഷാങ്ങിനെക്കാൾ 3.8 പോയിന്റുകൾക്ക് മുന്നിലെത്തിയാണ് മോണ ലക്ഷ്യം ഭേദിച്ചത്. ഗെയിംസിന്റെ ആദ്യ ദിവസം വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്‌ എച്ച്-1 ഇനത്തിലും മോണ സ്വർണം നേടിയിരുന്നു. യോഗ്യതാ റൗണ്ടിൽ 629.1 പോയിൻ്റോടെ ഒന്നാം സ്ഥാനം നേടിയ മോണ ഫൈനലിലും അതേ മികവ് ആവർത്തിച്ചാണ് മുന്നേറിയത്. ആകെ 250.0 പോയിൻ്റുകൾ നേടിയാണ് റെക്കോര്‍ഡ് തിളക്കത്തോടെ ഗെയിംസിലെ തന്റെ ആദ്യ സ്വർണ മെഡലും അവര്‍ സ്വന്തമാക്കിയത്. ഈ ഘട്ടത്തിൽ ഇന്ത്യയുടെ തന്നെ അവനി ലേഖര ആയിരുന്നു എതിരാളി. അവര്‍ 249.6 പോയിൻ്റ് നേടിയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.


തൊട്ടതെല്ലാം പൊന്നാക്കിയ മോണ അഗര്‍വാൾ


രാജസ്ഥാനിലെ സികാറിൽ ജനിച്ച മോണയ്ക്ക് ഒരു വയസ് തികയുന്നതിന് മുൻപ് പോളിയോ ബാധിച്ചതാണ്. 2021 ഡിസംബറിൽ പ്രൊഫഷണൽ ഷൂട്ടിംഗിലേക്ക് തിരിയുന്നതിന് മുൻപ് പാരാ-അത്‌ലറ്റിക്സ്, പാരാ-പവർലിഫ്റ്റിംഗ്, സിറ്റിംഗ് വോളിബോൾ എന്നിവയിലും താരം തിളങ്ങിയിട്ടുണ്ട്. 2019-ലെ ദേശീയ സിറ്റിംഗ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ രാജസ്ഥാൻ ടീമിനെ നയിച്ച് സ്വർണമെഡലും നേടിയിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ മോണ അഗർവാൾ അർജുന അവാർഡ് നേടിയ താരമാണ്.

Mona

2023 ൽ ലോകകപ്പ് സ്വർണമെഡൽ സ്വന്തമാക്കി. തൊട്ടടുത്ത വര്‍ഷം ന്യൂഡൽഹി ലോകകപ്പിൽ സ്വർണവും ഏഷ്യൻ റെക്കോർഡും നേടി. അതേ വര്‍ഷം തന്നെ പാരിസ് പാരാലിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 ഇനത്തിൽ വെങ്കല മെഡൽ സ്വന്തമാക്കി.



Related News


മെഡൽ നില

ഇന്ത്യ നാലാമത്


ജപ്പാനിലെ അച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ പാര ഗെയിംസ് 2026-ൽ ഇന്ത്യ ആകെ 103 മെഡലുകളാണ് സ്വന്തമാക്കിയത്. ഇതിൽ 27 സ്വർണ്ണവും, 33 വെള്ളിയും, 43 വെങ്കലവും ഉൾപ്പെടുന്നു. നിലവിൽ മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 354 മെഡലുകളുമായി ചൈനയാണ് പട്ടികയിൽ ഒന്നാമതായി മുന്നേറുന്നത്. 2023-ൽ ഹാങ്ചൗവിൽ ആയിരുന്നു ഏഷ്യൻ പാരാ ഗെയിസ്. അന്ന് നേടിയ 111 മെഡലുകൾ സര്‍വകാല റെക്കോർഡ് ആയിരുന്നു. ഇതിനെ മറികടക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.


പതറാതെ മുന്നോട്ട്


ഗെയിംസിന്റെ അഞ്ചാമത്തെ ദിവസം പുരുഷന്മാരുടെ സിംഗിൾസ് SL3 ഫൈനലിൽ നിതേഷ് കുമാർ സ്വർണം നേടി. പ്രമോദ് ഭഗത് വെള്ളി നേട്ടവും സ്വന്തമാക്കി. എസ്‌ എൽ 4 ഇനത്തിൽ നവീൻ ശിവകുമാർ ഇന്തോനേഷ്യയുടെ ഫ്രെഡി സെറ്റിയവാനെ പരാജയപ്പെടുത്തി സ്വർണ മെഡൽ നേടി. പുരുഷന്മാരുടെ റിക്കർവ് ഡബിൾസ് ഇനത്തിൽ ഹർവീന്ദർ സിങ്ങും വിജയ് സുന്തിയും ചേർന്ന് സ്വർണം നേടി. പുരുഷന്മാരുടെ 400 മീറ്റർ ടി64ഫൈനലിൽ സന്ദീപ് സ്വർണവും അജയ് കുമാർ വെള്ളിയും നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്37/38 ഫൈനലിൽ ഹാനിയും സ്വർണ മെഡൽ ജേതാവായി.


വെള്ളി മെഡലുകൾ: തുളസിമതി മുരുകേശൻ (വനിതാ സിംഗിൾസ് എസ്‌.യു.5 - SU5), നിത്യ ശ്രീ സുമതി ശിവൻ (വനിതാ സിംഗിൾസ് എസ്‌.എച്ച്.6 - SH6), പൂജ ജാട്യൻ - ഭാവന ചൗധരി സഖ്യം (വനിതാ റിക്കർവ് ഡബിൾസ്), പ്രമോദ് ബിജാർനിയ (പുരുഷന്മാരുടെ 1500 മീറ്റർ ടി46), നിമിഷ സുരേഷ് (വനിതാ ലോങ് ജമ്പ് ടി47).


വെങ്കല മെഡൽ: പുരുഷന്മാരുടെ ഡബിൾസ് പാര ടേബിൾ ടെന്നീസ് എം.ഡി.4 ഇനത്തിൽ ജെഹാൻ മദൻ, ശുഭം വധ്വ എന്നിവർ വെങ്കലം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home