ജാമിയ മിലിയയിൽ സ്ഥാപകദിനാഘോഷം റദ്ദാക്കി; കടുത്ത പ്രതിഷേധവുമായി വിദ്യാർഥികൾ

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടരുന്ന വിദ്യാർഥികൾ
ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സ്ഥാപകദിനാഘോഷം റദ്ദാക്കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി വിദ്യാർഥികൾ. 'താലീമി മേള' എന്ന പേരിൽ ഒക്ടോബർ 29 മുതൽ നവംബർ ഒന്ന് വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആഘോഷ പരിപാടികളാണ് റദ്ദാക്കിയത്.
വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികളുടെ ഈ ആവശ്യം അംഗീകരിക്കാം തയ്യാറായില്ലെന്ന് മാത്രമല്ല, പ്രതികാരനടപടിയുടെ ഭാഗമായി ആഘോഷങ്ങൾ റദ്ദാക്കുക കൂടി ചെയ്യുകയാണ് മാനേജ്‌മന്റ്.
2006-ൽ പിരിച്ചുവിട്ട സ്റ്റുഡൻ്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുക എന്ന ആവശ്യവുമായി വിദ്യാർത്ഥികൾ ഒക്ടോബർ 12 മുതൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരക്കാരായ വിദ്യാർത്ഥികളെ ഡൽഹി പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് നീക്കം ചെയ്യാൻ ശ്രമിച്ചത് വലിയ സംഘർഷത്തിലേക്ക് വഴിതെളിച്ചിരുന്നു.
പരിപാടി റദ്ദാക്കുന്നതായി വകുപ്പ് മേധാവികൾക്കും ഡീനുമാർക്കും അയച്ച സന്ദേശത്തിൽ സർവകലാശാലയിലെ ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ പറഞ്ഞു. വിദ്യാർഥികൾക്ക് ഇതേപ്പറ്റി അറിയിപ്പ് ലഭിച്ചിട്ടില്ല.
സർവകലാശാല ഏഴംഗ ഉന്നതതല സമിതി മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാൻ വിദ്യാർത്ഥികളും തയാറല്ല. ജനാധിപത്യപരമായ യൂണിയൻ തെരഞ്ഞെടുപ്പ് നടത്തി വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് വിദ്യാർഥികൾ.








0 comments