Deshabhimani

തിരസ്‌മരണ

അവസാനത്തെ റീൽ

പടം
avatar
ബിജു മുത്തത്തി

Published on Oct 24, 2026, 02:18 PM | 15 min read

‘നിർണയമീ മഹാമായതൻ പിൻപുറം

നിൽപ്പുണ്ടദൃശ്യനായ് ചിത്രപ്രദർശകൻ.

തന്നിരുഹസ്തത്തിലാണു ഞാൻ കാണുമീ

യന്ത്രചിത്രത്തിന്റെ സൂത്രത്തിരിപ്പുകൾ.

വന്ദനം, ജാലാകലിതകരങ്ങളേ

വന്ദനമജ്ഞാത ദിവ്യപ്രകാശമേ.'


(‘സിനിമ കഴിഞ്ഞാൽ’ പി കുഞ്ഞിരാമൻ നായർ , 1947)

സിനിമ എന്ന ‘മായിക'കലയുടെ പിൻപുറത്തെ അദൃശ്യനായ ‘ചിത്രപ്രദർശക'നെക്കുറിച്ചാണ് 1988‐ൽ പുറത്തിറങ്ങിയ ജ്യൂസ്സെപ്പെ ടൊർണോടോറിന്റെ ‘സിനിമാ പാരഡീസോ' പറയുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന് വിശേഷിപ്പിക്കുന്ന ഈ സിനിമ ഒരു പ്രൊജക്ഷനിസ്റ്റിന്റെ ജീവിതം വർണിക്കുന്ന ലോകത്തുണ്ടായ ഏറ്റവും മനോഹരമായൊരു ദൃശ്യകാവ്യമാണ്. ആൽഫ്രെഡോ എന്ന മധ്യവയസ്കനായ പ്രൊജക്ഷനിസ്റ്റും ടോടോ (സാൽവാതോർ) എന്ന എട്ടുവയസ്സുകാരനും തമ്മിലുള്ള പിതൃപുത്ര നിർവിശേഷമായ സ്നേഹവാത്സല്യങ്ങളുടെ കഥയാണ് ‘സിനിമാ പാരഡീസോ.'

രണ്ടാം ലോകയുദ്ധകാലം. ഒരു ക്രിസ്ത്യൻ പള്ളിയുടെ ആകൃതിയിലുള്ള സിനിമാ തിയറ്ററാണ് സിനിമയിലെ കേന്ദ്രം. സിസിലിയെന്ന് പേരായ നഗരത്തിലെ ജനങ്ങളുടെ പ്രധാന വിനോദകേന്ദ്രമാണത്. ആ തിയറ്ററിന്റെ ഇരുട്ടിൽ വച്ചാണ് നഗരത്തിലെ പ്രണയങ്ങളും ആൺ‐പെൺ സൗഹൃദങ്ങളുമെല്ലാം ആരംഭിക്കുന്നത്. എന്നാൽ പ്രദേശത്തെ പള്ളിവികാരി ഒരു ചുംബനരംഗം പോലും സിനിമയിൽ അനുവദിക്കാറില്ല. വികാരരംഗങ്ങൾ ചുംബനത്തിലേക്കെത്തുമ്പോൾ വികാരി മണി മുഴക്കുന്നു. അപ്പോൾ ആ ‘അശ്ലീല' ദൃശ്യങ്ങൾ പ്രൊജക്ഷനിസ്റ്റ് റീലിൽനിന്ന് മുറിച്ചുമാറ്റുന്നു. സിനിമ കാണാനെത്തുന്നവരും ചുംബിക്കാനായുമ്പോൾ ഈ ‘സെൻസറിങ്‌' ഓർത്ത് ഞെട്ടി വേർപിരിയും.

സിനിമയിലെ ധീരോദാത്ത നായകരേക്കാൾ സ്ക്രീനിൽ പ്രകാശം പരത്തുന്ന വിചിത്ര യന്ത്രവുമായി മല്ലിടുന്ന പ്രൊജക്ഷനിസ്റ്റ് ആൽഫ്രെഡോയാണ് ടോടോയുടെ ഹീറോ. ആ ‘ദിവ്യപ്രകാശ'ത്തിന്റെ പ്രഭവകേന്ദ്രമായ പ്രൊജക്ഷൻ മുറിയാണ് അവന്റെ പാരഡൈസ്. മഹാകുസൃതിയും ബുദ്ധിമാനുമായ ടോടോ സമർഥമായാണ് ആൽഫ്രെഡോയുമായി അടുക്കുന്നത്. അയാളുടെ പ്രൊജക്ടർ റൂമിലേക്ക് സ്ഥിരമായി കയറിച്ചെല്ലുന്നതിനും ടോടോവിന് അനുവാദം ലഭിക്കുന്നു. സിനിമയുടെ പ്രകാശം കടന്നുപോകുന്ന ദ്വാരത്തിനടുത്തെ കിളിവാതിലിലൂടെ അവൻ തിയറ്ററിനകത്തേക്ക് നോക്കുമ്പോൾ കാണികളുടെ അതുവരെ കാണാത്ത വേറൊരു കാഴ്ച കാണുന്നു. പ്രൊജക്ഷൻ റൂമിൽനിന്ന് ലഭിക്കുന്ന ഫിലിംതുണ്ടുകളാകുന്നു പിന്നീട്് അവന്റെ കളിപ്പാട്ടങ്ങൾ.

പൂനം റഹീംപൂനം റഹീം

ബാല്യം തീരുന്ന മുറയ്ക്ക് ടോടോ ആൽഫ്രെഡോയുടെ പിൻഗാമിയായി അവിടത്തെ പ്രൊജക്ഷനിസ്റ്റാകുന്നു. പിന്നെ ആൽഫ്രെഡോയുടെയും ആഗ്രഹമനുസരിച്ച് നാടുവിടുന്നു. ഹൊളിവുഡിലെ പ്രശസ്തനായ സംവിധായകൻ സാൽവതോർ ഡി വിറ്റയായി മാറിയ ടോടോ മുപ്പതുവർഷത്തിനുശേഷം പ്രൊജക്ഷനിസ്റ്റ് ആൽഫ്രെഡോ മരിച്ചതറിഞ്ഞ് അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നതിന്റെ ഫ്ളാഷ് ബാക്കായാണ്്് ഈ സിനിമയുടെ ചുരുൾ നിവരുന്നത്.

‘ദി ഫയർമാൻ ഓഫ് വിഗ്ഗി' എന്ന അക്കാലത്തെ ഏറ്റവും പ്രശസ്തമായ കോമഡി ചിത്രം പ്രദർശിപ്പിക്കുന്ന ദിവസം ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് പേർ തിയറ്ററിൽ നിന്ന് പുറത്തായി ബഹളം വയ്്ക്കുന്നത് പ്രൊജക്ടർറൂമിൽനിന്ന് ആൽഫ്രെഡോയും ടോടോയും കാണുന്നു. അവർ തിയറ്ററിൽ കയറാനാവാതെ നിരാശരായി മടങ്ങിപ്പോകുന്നത് സിനിമയെയും സിനിമാ പ്രേക്ഷകനെയും അഗാധമായി സ്നേഹിക്കുന്ന ആൽഫ്രെഡോവിന് സഹിച്ചില്ല. അയാൾ പ്രൊജക്ടറിന്റെ ഗ്ലാസ് സ്ക്രീൻ വളച്ച് ഏതോ ഒരു ‘സൂത്രത്തിരിപ്പി'ലൂടെ ടൗൺ സ്ക്വയറിലെ ചുമരിൽ സിനിമ പതിപ്പിക്കുന്നു. ടിക്കറ്റെടുത്തവർക്ക് തിയറ്ററിനുള്ളിലും ടിക്കറ്റെടുക്കാനാവാത്തവർക്ക് തിയറ്ററിന് പുറത്ത് സൗജന്യമായും അങ്ങനെ ഒരേ സമയം സിനിമ കാണാനാവുന്നു.

ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാത്ത ആ സിനിമാസ്വാദനത്തിന്റെ ആനന്ദം അധികനേരം നിലനിന്നില്ല. പ്രൊജക്ടർറൂ മിന് എങ്ങനെയോ തീപിടിക്കുകയും അത് കെടുത്താനായി ചെന്ന ആൽഫ്രെഡോ പൊള്ളലേറ്റ് അന്ധനാവുകയും ചെയ്യുന്നു.

തുറന്ന മൈതാനങ്ങളിൽനിന്ന് തിയറ്ററിനുള്ളിലെത്തിയ സിനിമയെ വീണ്ടും തുറമൈതാനങ്ങളിലേക്ക് നയിച്ച എത്രയോ ആൽഫ്രെഡോമാരെ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഒരു തിരസ്മരണയാണ് ‘സിനിമാ പാരഡീസോ.' അങ്ങനെ എത്രയോ ചലച്ചിത്രപ്രദർശകരുണ്ടായിരുന്ന നാടായിരുന്നു ഒരുകാലത്ത് കേരളവും. അവരുടെ പ്രൊജക്ടർ റൂം ഇടുങ്ങിയ ചുമരുകൾക്കകമല്ല, ജനമധ്യത്തിലായിരുന്നു. കാണികളെ അങ്ങോട്ട് തേടിപ്പോയി സിനിമ കാണിച്ച, സിനിമ അന്യമായ വിദൂര ഗ്രാമീണരെയും ആദിവാസികളെയുംവരെ സിനിമ കാണിച്ച ആ പ്രസ്ഥാനത്തെ മലയാളിയുടെ പ്രബുദ്ധതയുടെയും നവോത്ഥാനത്തിന്റെയും മറ്റൊരു ചരിത്രമായാണ് കാണേണ്ടത്.

സർക്കസും പൂരവും കഥകളിയും കഥാപ്രസംഗവും നാടകവും കയ്യടക്കിവച്ച മൈതാനങ്ങൾ മാത്രമല്ല കൊയ്ത്തു കഴിഞ്ഞ പാടങ്ങളും പള്ളിക്കൂടങ്ങളുമെല്ലാം സിനിമയുടെ ‘അജ്ഞാത ദിവ്യപ്രകാശ'ങ്ങൾക്കായി വഴിമാറിത്തന്ന കാലം!


മൈതാനങ്ങളിൽനിന്ന് മൈതാനങ്ങളിലേക്കും ഉത്സവപ്പറമ്പുകളിൽനിന്ന് ഉത്സവപ്പറമ്പുകളിലേക്കും ഓടിക്കൊണ്ടിരുന്ന ആ ഒരു കാലചക്രത്തിന്റെ തിരിപ്പുകാരായ ചലച്ചിത്ര പ്രദർശകരിൽ കേരളത്തിൽ ഇപ്പോൾ എത്രപേർ ബാക്കിയുണ്ടാവും? ബാക്കിയായവരുടെ ജീവിതകഥയുടെ എത്രാമത്തെ റീലായിരിക്കും ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നുണ്ടാവുക? ഇരിങ്ങാലക്കുട കാട്ടൂരിലെ റഹ്മത്തലിയെന്ന പൂനം റഹീം പറയുന്നു, ആ വംശത്തിൽ ഇപ്പോൾ ഒരേയൊരാൾ മാത്രമേ ബാക്കിയുള്ളൂവെന്ന്‐ ‘ആ മനുഷ്യൻ ഞാൻ തന്നെ!'

ലോകം ‘കറങ്ങുന്നൊരു സിനിമാ റീലാ'ണെന്ന് മഹാനായ ഐസൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ടിലധികം കാലമായി പൂനം റഹീമിന്റെയും ലോകം കറങ്ങുന്ന ഈ റീലുകൾ തന്നെയാണ്. എഴുപതുകൾതൊട്ട് മലയാളത്തിൽ അരങ്ങേറിയ 16 എംഎം സിനിമകളുടെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ റഹീം ഇന്നും അതിന്റെ അവശേഷിപ്പുകളെ വട്ടത്തിൽ തിരിച്ചുകൊണ്ടിരിക്കുന്ന അവസാനത്തെ മനുഷ്യനാണ്്്.

തൃശൂർ ചേർപ്പ് പടിഞ്ഞാട്ടുമുറി ഭഗവതീ ക്ഷേത്ര മൈതാനത്തെ ഇരുട്ടിൽ ഒറ്റബൾബിന്റെ മഞ്ഞവെളിച്ചത്തിന് താഴെയിരുന്ന് പഴയ ഫിലിം റോളുകൾ സൂക്ഷ്മമായി തിരിക്കുന്ന റഹീംക്കയോട് റീലുകൾ കറങ്ങുന്നതിനേക്കാൾ ചെറിയ ഒച്ചയിൽ മന്ത്രിക്കുമ്പോൾ തിരശ്ശീലയിൽ ‘കള്ളിയങ്കാട്ടു നീലി'യുടെ അട്ടഹാസമായിരുന്നു. മുട്ടോളമെത്തുന്ന മുടിയും വിടർന്ന കണ്ണുകളും ആരെയും മയക്കുന്ന സൗന്ദര്യവുമായി പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയ നീലി തന്റെ ഉഗ്രരൂപം പ്രദർശിപ്പിക്കുന്ന ഒരു രംഗം. 1979‐ൽ പുറത്തിറങ്ങിയ എം കൃഷ്ണൻ നായരുടെ ‘കള്ളിയങ്കാട്ട് നീലി'യാണ് തിരശ്ശീലയിൽ. പതിറ്റാണ്ടുകൾക്ക് ശേഷവും ജനങ്ങൾ പൊടിമണ്ണിലിരുന്ന് കണ്ണിമയ്ക്കാതെ നീലിയുടെ ചെയ്തികൾ കണ്ടുകൊണ്ടിരിക്കുകയാണ്.

പഴയ സി ക്ലാസ് തിയറ്ററുകളിലും പുറത്ത് ഉത്സവപ്പറമ്പുകളിലും പൂനം പിക്ചേഴ്‌സിന്റെ 16 എംഎം ഫിലിമുകളിലൂടെ തകർത്തോടി ചരിത്രം സൃഷ്ടിച്ച സിനിമയാണ് ‘കള്ളിയങ്കാട്ട് നീലി.’ നീലി മാത്രമല്ല ‘ദേവീ കന്യാകുമാരി’, ‘അമ്മേ നാരായണ’, ‘കൃഷ്ണാ ഗുരുവായൂരപ്പാ’, ‘കുമാരസംഭവം’, ‘സീതാകല്ല്യാണം’, ‘ശിവമഹിമ’, ‘കടമറ്റത്ത് കത്തനാർ’, ‘ജീസ്സസ്’, ‘തോമാശ്ലീഹ’... തുടങ്ങിയ പൂനം റഹീമിന്റെ ഭക്തിസിനിമകളില്ലെങ്കിൽ ആവേശം കുറയുന്ന ഉത്സവങ്ങളാണ് ഇപ്പോഴും തൃശൂരിൽ.

‘‘നീലി ആദ്യത്തെ ഹൊറർ സിനിമയാണ്. പണ്ടൊന്നും നീലി കാണാൻ ഇതായിരുന്നില്ല ജനം.'' സിനിമാ യന്ത്രത്തിന്റെ ചുമതല സഹായിയെ ഏൽപ്പിച്ച് റഹീംക്ക ഞങ്ങൾക്കൊപ്പം മറ്റൊരു വെളിച്ചത്തിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.

‘സിനിമാ പാരഡീസോ’യിലെ രംഗം‘സിനിമാ പാരഡീസോ’യിലെ രംഗം

‘‘സിനിമ തീർന്നു കഴിഞ്ഞാൽ ആളുകൾ പേടിച്ച് കൂട്ടത്തോടെ മാത്രമേ പോകൂ. ഒറ്റയ്ക്കൊരു വഴിക്ക് പോവേണ്ട ആളാണെങ്കിൽ അവിടെ കാത്തിരിക്കും. നീ വരുന്നില്ലേ, നമുക്കൊന്നിച്ചു പോവാം എന്നു പറയും. അത്രയ്ക്ക് ഭയപ്പാടോടെ ഈ സിനിമ കണ്ടിരുന്ന ആളുകളാണുണ്ടായിരുന്നത്. പാലക്കാട് ജില്ലയിലൊക്കെ വഴികളിൽ ധാരാളമായി പനകളുണ്ടല്ലോ. സിനിമ കണ്ടു കഴിഞ്ഞവർ രാത്രി ഈ പനയുടെ അടുത്തൂടെയൊന്നും പോവില്ല. കള്ളിച്ചെടികൾ, കരിമ്പനകൾ‐ ഇതെല്ലാം യക്ഷിയുടെ വാസസ്ഥലമായി സങ്കൽപ്പിക്കുന്ന മുത്തശ്ശിക്കഥകൾ വളർത്തിയെടുത്ത സിനിമയാണത്. ആ സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോൾ തന്നെ ചിലരൊക്കെ മതിയെന്ന് പറഞ്ഞ് ഭർത്താവിനെയും വിളിച്ച് പോകുന്നത് കണ്ടിട്ടുണ്ട്.''

തിയറ്ററുകളിൽ വലിയ ഉത്സവങ്ങളായി വന്ന് മാഞ്ഞുപോയ പഴയ മലയാള സിനിമകൾ വീണ്ടും ഒരിടവേളയ്ക്കുശേഷം പൂനം റഹീമിന്റെ പ്രൊജക്ടറുകളിലൂടെ ഉത്സവപ്പറമ്പുകളുടെ ഹരമാവുകയാണ്. എന്നാൽ പഴയപോലെ സിനിമയിൽ ലയിച്ചിരിക്കുന്ന ജനതയല്ല ഇപ്പോൾ. 16 എംഎം സിനിമകളുടെ കൗതുകവും ഗൃഹാതുരതയും കഴിഞ്ഞുപോയ കാഴ്ചാകാലത്തെ അറിയാനുള്ള ആഗ്രഹവുമാണ് പലപ്പോഴും ഇത്തരം പ്രദർശനങ്ങൾക്കു മുന്നിൽ ഇപ്പോൾ ആളുകളെ പിടിച്ചിരുത്തുന്നത്. അമ്പലപ്പറമ്പുകളായാലും പള്ളിപ്പറമ്പുകളായാലും ജാതിമതഭേദമെന്യേ സിനിമ കാണലിന്റെ ഈ രണ്ട് ചരിത്രഘട്ടത്തെയും നയിക്കാനായതിന്റെ സാഫല്യമുണ്ട് റഹീമിന്.

പഴയ മദ്രാസിലെ വടപളനി മുരുകനുമുന്നിൽ പ്രാർഥിച്ച് ഭസ്മക്കുറി വരച്ച് യാത്ര തുടങ്ങുന്ന ഫിലിം പെട്ടികൾ വാളയാർ ചുരം കടന്നെത്തി മലയാളികളുടെ ഉത്സവശീലങ്ങളെയും കാഴ്ചാശീലങ്ങളെയും മാറ്റിമറിക്കുമ്പോൾ അതിനുപിന്നിലുണ്ടായിരുന്നത് അജ്ഞാതരായ എത്രയെത്ര ചലച്ചിത്ര പ്രദർശകരാണ്്. അവരുടെ എന്തെങ്കിലും ഒരു കണക്ക് എവിടെയെങ്കിലുമുണ്ടോ?

‘‘ഉണ്ട്്്'', പൂനം റഹീം വലിയ ആവേശത്തോടെ പറഞ്ഞു.


16 എംഎം സിനിമകളുടെ പ്രദർശകരായി പൂനം റഹീം ഉൾപ്പെടെ നൂറ്റിപ്പതിനാറു പേരും അവർക്കൊരു സംഘടനയും ഉണ്ടായിരുന്നു തൊണ്ണൂറുകൾ വരെ കേരളത്തിൽ. 2015 ആകുമ്പോഴേക്കും അതിൽ 113 പേരും കൊഴിഞ്ഞുപോയി. ബാക്കിയായ റഹീം, ജോൺസൺ (ഇരിങ്ങാലക്കുട), മാധവൻ (ഇരിട്ടി) എന്നീ ത്രിമൂർത്തികളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് റഹീം മാത്രം!

റഹീമിന്റെ വിജയകഥയ്ക്ക്‌ പിന്നിൽ സിനിമയുടെ വേറൊരു സൂത്രഗണിതമുണ്ട്. ഒരു ഭാഗത്ത് അടിയും ഇടിയും പ്രേമവും ഭക്തിയുമുള്ള സിനിമകളുമായി ഉത്സവപ്പറമ്പുകളെ ആവേശത്തിലാക്കുമ്പോൾ തന്നെ റഹീം കുട്ടികൾക്ക് കാണാനുള്ള ‘കുമ്മാട്ടി’, ‘അമ്മുവിന്റെ ആട്ടിൻകുട്ടി’ പോലുള്ള പടങ്ങളുമായി സ്കൂളുകൾ തോറും കയറിയിറങ്ങി. പിന്നെ, ഫിലിം സൊസൈറ്റികളിലെ ബുദ്ധിജീവികൾക്കുള്ള പടങ്ങളും. അവസാനത്തെ രണ്ടും നഷ്ടമാകുമ്പോൾ ആദ്യത്തെ അമ്പലപ്പറമ്പുകൊണ്ട് അയാളത് നികത്തി.

‘‘തിയറ്ററിൽ പോകുന്നതിനൊക്കെ ചെലവേറിയ കാലമായിരുന്നു. ഒരു പ്രൊജക്ടറും ഒരു പ്രിന്റുമുണ്ടെങ്കിൽ അന്നൊക്കെ മാസം 25 ഷോകൾ വരെ കിട്ടും. അതിൽനിന്ന് ഒരു നിശ്ചിത സംഖ്യ മാസശമ്പളം പോലെ ലഭിച്ചിരുന്നു. ആവശ്യക്കാർ കൂടിയപ്പോൾ കൂടുതൽ പ്രിന്റുകൾ വിലകൊടുത്തു വാങ്ങാൻ തുടങ്ങി. ഭക്തിസിനിമകൾക്ക് 99 വർഷത്തേക്കും മറ്റുള്ള സിനിമയക്ക് 25 വർഷത്തേക്കുമായിരുന്നു റൈറ്റ് കൊടുത്തിരുന്നത്. കാരണം, ഭക്തിക്ക് എപ്പോഴും ആവശ്യക്കാരുണ്ടല്ലോ!''

സിനിമാ വ്യവസായം അടിമുടി മാറിയതോടെ ഓല ടാക്കീസുകൾ മൾട്ടിപ്ലക്സുകൾക്ക് വഴിമാറി. 16 മില്ലീമീറ്ററിന്റെ സ്ഥാനത്ത് ഓവർഹെഡ് പ്രൊജക്ടറും എൽസിഡി പ്രൊജക്ടറും സ്ഥാനം പിടിച്ചു. ഡിസ്ക്കും ക്യൂബും റീലുകൾക്ക് സലാം പറഞ്ഞു; പ്ലാസ്മയും എൽഇഡി സ്ക്രീനും വെള്ളത്തുണിക്കും. ടെക്നോളജി അപ്ഡേറ്റ്‌ ചെയ്തതുകൊണ്ട് മാത്രമാണ് താനും അതിജീവിച്ചതെന്നാണ് റഹീംക്ക പറയുന്നത്.

സിനിമാ വിദ്യാർഥികൾക്കും ഗവേഷകർക്കും വേണ്ടി മാത്രമാണ് റഹീം ഇപ്പോൾ തന്റെ ഗോഡൗണിലെ പ്രൊജക്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും അലമാരകൾ തുറക്കുന്നത്. പഴയ സാധനങ്ങൾക്കൊപ്പം ഈ മനുഷ്യനും പഴഞ്ചനായി ഗോഡൗണിലേക്ക് തള്ളപ്പെടാതിരുന്നെങ്കിൽ അതിന് കാരണം അയാളിലെ കണിശക്കാരനായ കച്ചവടക്കാരനും ദീർഘദൃഷ്ടിയുള്ള സാങ്കേതിക വിദഗ്ധനുമാണ്. അതുകൊണ്ടുതന്നെ വിലാപകാവ്യങ്ങൾ എഴുതാനുള്ളതല്ല വിജയ കഥകൾക്കുള്ളതാണ് പൂനം റഹീമിന്റെ റീ(യ)ൽ ജീവിതം.

‘ദേവലോക’ത്തിൽ മമ്മൂട്ടി‘ദേവലോക’ത്തിൽ മമ്മൂട്ടി

‘‘തൃശൂരിലും എറണാകുളത്തും പാലക്കാടും മാത്രമല്ല വയനാട്ടിലെ ആദിവാസി ഊരുകളിൽ വരെ ഞങ്ങൾ ഇപ്പോഴും സിനിമയുമായി പോകുന്നുണ്ട്. സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കാൻ കലാകാരന്മാർ ചെല്ലാത്ത, യാത്രാസൗകര്യം കുറഞ്ഞ ഉൾഗ്രാമങ്ങളിൽ ഞങ്ങളെത്തും. മലയോര ഗ്രാമങ്ങളിലെ പത്തോ നൂറോ ആളുകളുള്ള കൊച്ച്് ഇടവകകളിലെ ചെറിയ ആഘോഷങ്ങളിലെല്ലാം ഇപ്പോഴും സിനിമയുണ്ട്. അമ്പലങ്ങളിലൊക്കെ ശിവരാത്രിക്കാലത്ത് നിറയെ ഷോകൾ ലഭിക്കുമായിരുന്നു.''

പൂനം എന്ന വാക്കിന് ഹിന്ദിയിൽ പൂർണചന്ദ്രൻ എന്നാണ് അർഥം. ബൊളിവുഡിലെ പൂനം ധില്ലൻ മുതൽ പൂനം പാണ്ഡെ വരെയുള്ള താരങ്ങളാകും അപ്പോൾ ഏവരുടെയും മനസ്സിലെത്തുക. എന്നാൽ പാവങ്ങളുടെ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെയാണ് തൃശൂർക്കാർ പൂനം ഫിലിംസ് എന്ന പേര് ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നത്. അറുപതുകളുടെയൊടുവിൽ സിനിമയുടെ സ്വപ്നഭൂമിയായ കോടമ്പാക്കത്തുനിന്നും രണ്ടേരണ്ട് ഫിലിം പെട്ടികളുമായി തൃശൂരിലേക്ക് വന്ന്, പഴയ എവറസ്റ്റ് ഹോട്ടലിൽ ഒമ്പത് രൂപ വാടകയ്ക്കൊരു മുറിയെടുത്ത് തുടങ്ങിയ റഹീമിന്റെ ജീവിതയാത്ര കൂടി ചേർന്നതാണ് മലയാള സിനിമയുടെ ചരിത്രം.

‘‘അന്നെനിക്ക്് പതിനേഴോ പതിനെട്ടോ വയസ്സ് പ്രായമുണ്ട്.''

റഹിം പറഞ്ഞു തുടങ്ങുന്നത് സ്വന്തം കഥയാണെങ്കിലും പറഞ്ഞുകേട്ട എത്രയോ കോടമ്പാക്കം കഥകളുടെ മാറ്റൊലികളായി അതെല്ലാം നമുക്ക് മറ്റെവിടെയോ കേട്ടതുപോലെ തോന്നും. ഒരിക്കലും കോടമ്പാക്കത്തു പോകാത്തവർക്കുപോലും സുപരിചിതമാണല്ലോ മദ്രാസിലെ വടപളനി ഗേറ്റ് വേയും ദശരഥപുരവും സാലിഗ്രാമവും പൂക്കാരൻ തെരുവും മസൂദി തെരുവുമെല്ലാം.

ചുണ്ടിൽ ആവശ്യത്തിലധികം ചായം തേച്ച് ജമന്തിപ്പൂ ചൂടി നിൽക്കുന്ന സ്ത്രീകളെ പോലെ എണ്ണമറ്റ സ്റ്റുഡിയോ ഫ്ളോറുകളും അതിന്റെ മുന്നിൽ ഭാഗ്യാന്വേഷികളായെത്തിയ കരുവാളിച്ച മനുഷ്യരെയും ഏതു കോടമ്പാക്കം കഥയിലെയും പോലെ നമുക്ക് റഹീമിന്റെ ജീവിതകഥയിലും കാണാം.

അറുപതുകളിൽ സിനിമയുടെ മായാനദിയിൽ മുങ്ങിക്കുളിക്കാനായി പഴയ മദ്രാസ് സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ആയിരങ്ങളിലൊരുവൻ. കോടമ്പാക്കത്ത് സ്റ്റുഡിയോ സെറ്റുകൾക്ക് പെയിന്റടിച്ചു ജീവിതം തുടങ്ങിയ പി എൻ മേനോൻ സിനിമയെ സ്റ്റുഡിയോ സെറ്റുകളിൽനിന്ന്്് മോചിപ്പിക്കാൻ നടക്കുന്ന കാലമായിരുന്നു അത്. കാട്ടൂരുകാരനായ റഹീമിന് അയൽനാടായ എങ്കക്കാട്ടെ പി എൻ മേനോൻ അഭയം നൽകിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പി എൻ മേനോന്റെ ‘ഓളവും തീരവും' സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റിലെത്താൻ റഹീമിന് സ്വന്തം നാടിന്റെ വിലാസം മാത്രം മതിയായിരുന്നു.

‘‘കോടമ്പാക്കം ബ്രിഡ്ജിനോട് ചേർന്നായിരുന്നു ഉമാ ലോഡ്ജും വെങ്കിടേശ്വര ലോഡ്ജും. ഈ ലോഡ്ജിൽ താമസക്കാർ നമ്മൾ 17 പേരായിരുന്നു; ഒരു റൂമിൽ മൂന്നാൾ വച്ച്. നടൻ സുകുമാരൻ, കുതിരവട്ടം പപ്പു, ജനാർദനൻ എന്നിവരെല്ലാം അതിൽ പെടും. ഇതിൽ പാർട്ട്ടൈമായി വന്നുപോകുന്നവരുമുണ്ട്. അതിലൊരാളാണ് രവി മേനോൻ (നിർമാല്യം). അദ്ദേഹത്തിന്റെ അച്ഛന് അന്ന് എയർഫോഴ്സിലായിരുന്നു ജോലി. അവിടത്തെ ക്വാർട്ടേഴ്‌സിലാണ് താമസമെങ്കിലും രാവിലെ തന്നെ ലോഡ്ജിൽ വന്ന് നേരം കളയും. തൊട്ടപ്പുറത്തെ ലോഡ്ജിലാണ് മുതുകുളവും പി എ ലത്തീഫും ശ്രീമൂലനഗരം വിജയനുമെല്ലാം താമസിച്ചിരുന്നത്. പിൽക്കാലത്ത് സിനിമ നിയന്ത്രിച്ചിരുന്ന വലിയൊരു നിര ആളുകൾ അന്ന് ഉമാ ലോഡ്ജിലും വെങ്കിടേശ്വര ലോഡ്ജിലുമായിരുന്നു താമസം. സത്യൻ സാറും ജോസ് പ്രകാശുമെല്ലാം ഉയർന്ന നിലയിലുള്ള സ്വാമീസ് ലോഡ്ജിലായിരുന്നു. സ്വാമീസ് ലോഡ്ജ് ഇപ്പോഴുമുണ്ട്. പുതുപ്പേട്ട ഗാർഡൻ സ്ട്രീറ്റിലാണ് നസീർ സാർ താമസിച്ചിരുന്നത്.''


മലയാള സിനിമാ നിർമാണം കോടമ്പാക്കത്തെ വരണ്ട മണ്ണിൽ സൂര്യകാന്തിപ്പൂക്കളെപ്പോലെ തഴച്ചുവളർന്ന കാലമായിരുന്നു അത്. പ്രേംനസീർ, സത്യൻ, ഷീല, ശാരദ എന്നിങ്ങനെ താരങ്ങളെല്ലാം തമിഴ് മണ്ണിൽ തമ്പടിച്ച് മലയാളം പേശിക്കൊണ്ടിരുന്ന കാലം. പശിയടക്കാൻ തന്നെ പാടുപെട്ടിരുന്ന വേറൊരു കൂട്ടം സിനിമാക്കാരുടെ ഇടയിലായിരുന്നു റഹീം ചെന്നെത്തിയിരുന്നത്.

‘‘ബഹദൂർക്കായുടെ വീട്ടിൽ പോയാൽ ജമീലത്താ ഭക്ഷണം തരും. നമ്മളെ കാണുമ്പോൾ തന്നെ ഒന്നും കഴിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് മനസ്സിലാവും. അങ്ങേർക്ക് സിനിമയിൽ അഭിനയിച്ചാൽ കൃത്യമായി കാശ് കിട്ടുക കുറവാണ്. വണ്ടിച്ചെക്ക് കൊടുത്ത് എത്രയോ പേർ പറ്റിച്ചതൊക്കെ അറിയാം. നടൻ പി കെ അബ്ബാസിക്ക അദ്ദേഹത്തിന്റെ ഒരു ബന്ധുവാണ്. ഒരു തവണ പെരുന്നാളിന്റെ തലേന്ന് അബ്ബാസിക്ക ബഹദൂറിക്കയുടെ വീട്ടിൽ പോയി പറഞ്ഞു, ‘നാളെ പെരുന്നാളല്ലേ ഇക്കാ, വീട്ടിലേക്കൊന്നും മേടിച്ചിട്ടില്ലാ'ന്ന്. ബഹദൂർക്കായുടെ ഭാര്യ ജമീലത്താ ഇലക്ട്രിസിറ്റിക്ക് കെട്ടാനുള്ള പണമെടുത്ത് കൊടുത്തു. അബ്ബാസിക്ക ആ പണവുമായി പോയി മദ്യപിച്ചു വരുന്നതാണ് പിന്നീട് കണ്ടത്. ഇക്കാര്യം ബഹദൂർക്കായോട് ചെന്നു പറഞ്ഞപ്പോൾ മൂപ്പര് പറഞ്ഞത്, ‘അയാൾ അതുകൊണ്ട് കള്ളുകുടിച്ചാലും കഞ്ചാവ് വലിച്ചാലും എനിക്കതിന്റെ കൂലി കിട്ടു'മെന്നാണ്. ദാരിദ്ര്യത്തിന്റെ ആ കാലത്ത് പലർക്കും കടന്നുപോകാനുള്ള ഒരു പാലമായിരുന്നു ദാനശീലനായ ബഹദൂർ.''

ബഹദൂറിനെ പോലെ പ്രസിദ്ധനല്ലെങ്കിലും പി കെ അബ്ബാസ് അഭിനയിക്കാത്ത കോടമ്പാക്കം സിനിമകൾ അക്കാലത്ത് കുറവായിരുന്നു. അറുപതെഴുപത് കാലങ്ങളിൽ മല്ലനായും വില്ലനായും വൃത്തികെട്ട ഗുണ്ടയായും പൊലീസായും കള്ളനായുമെല്ലാം ചെറുവേഷങ്ങളിൽ തിളങ്ങിയ ചേറ്റുവാക്കാരൻ.

പി എ തോമസ് സംവിധാനം ചെയ്ത ‘ജീസ്സസ്' (1973) പള്ളികളിൽ പ്രദർശിപ്പിക്കുമ്പോഴെല്ലാം പി കെ അബ്ബാസ് എന്ന നടനെ റഹീം ഓർക്കും. ഞാറയ്ക്കലുകാരനായ തോമസിന്റെ ബ്രഹ്മാണ്ഡചിത്രമായ ‘ജീസ്സസി’ൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഭടന്റെ റോളായിരുന്നു പി കെ അബ്ബാസിന്. ക്രിസ്തു അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടിയതുപോലെ അബ്ബാസ് ആ ഒരു ചെറു വേഷംകൊണ്ട് വിശപ്പടക്കിയവരിൽ ഒരാളായിരുന്നു പൂനം റഹീമും.

‘‘മരിച്ച് കുരിശിൽ കിടത്തിയിരിക്കുകയാണ് ജീസ്സസിനെ. അപ്പോൾ അപ്പുറത്തും ഇപ്പുറത്തും രണ്ട് ഭടന്മാരുണ്ട്. അതിലൊന്ന് അബ്ബാസിക്കയാണ്. മറ്റേത് ആർ കെ നായർ. ഇവരുടെ രണ്ടു പേരുടെയും ഷൂട്ടിങ്‌ കഴിഞ്ഞു. നൂറ് രൂപയാണ് ഇവരുടെ കൂലി. ഷൂട്ടിങ്‌ കഴിഞ്ഞ് വരുന്ന വഴി അബ്ബാസിക്ക എന്നോട് ചോദിച്ചു‐ ‘ഡാ, നീ ഭക്ഷണം കഴിച്ചോ? തോമസിന്റെ സ്റ്റുഡിയോയിൽ പോയാൽ നൂറുരൂപ കിട്ടും. വാ, നമുക്ക് കഴിച്ചിട്ട് വരാം.' തോമസിന്റെ സ്റ്റുഡിയോയിൽ പോയെങ്കിലും തോമസ് ചില്ലിക്കാശ് കൊടുത്തില്ല. എന്തു ചെയ്യും, ചോറ് കഴിക്കണമല്ലോ? അബ്ബാസിക്ക തോമസിന്റെ മുറിയിൽ കയറി ബഹളംവച്ചു. അങ്ങനെ നാൽപ്പതു രൂപ കിട്ടി. അതുകൊണ്ട് അന്നത്തെ ദിവസം കഴിഞ്ഞു. അതാണ് അന്നത്തെ കാലം.''

പൂനം റഹീംപൂനം റഹീം

കോടമ്പാക്കത്ത് മലയാള സിനിമയുടെ നിർമാണങ്ങൾ അതിന്റെ പാരമ്യത്തിലായിരുന്ന കാലത്ത് അഭിനയത്തിലോ സംവിധാനത്തിലോ ഉള്ള ഭാഗ്യപരീക്ഷണത്തിനല്ല സിനിമയുടെ വിതരണ വിപണിയുടെ വേറൊരു വഴിയിലാണ് പൂനം റഹീമിന് കയറിപ്പറ്റാനായത്. റഹീമിന്റെ ഭാഷയിൽ പറഞ്ഞാൽ ‘കിട്ടിയ ഇടത്ത് പായും തലയിണയും വച്ച് കിടന്നു!' നടൻ സത്യന്റെ ഭാരത് ഫിലിംസ് കോർപറേഷന്റെ റപ്രസെന്റേറ്റീവായി കൽക്കരി നഗരമായ കോർബ, ഭിലായി, ബിലാസ്പൂർ, ഭോപ്പാൽ, ജഗദീഷ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഫിലിം പെട്ടികളുമായി സഞ്ചരിച്ചത് റഹീമായിരുന്നു.

കോടമ്പാക്കത്തെ സ്റ്റുഡിയോ സെറ്റുകൾ ഉപേക്ഷിച്ച് സിനിമ നാടൻ ഗ്രാമങ്ങൾ തേടിപ്പോയ കാലത്താണ് റഹീമും സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നത്്.

കോടമ്പാക്കത്തെ മണ്ണിൽ ഒന്നുമാവാതെ പോയ മനുഷ്യരുടെ കദനകഥകൾ അപ്പോഴേക്കും അദ്ദേഹത്തിന്റെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. പ്രത്യകിച്ച് പി കെ അബ്ബാസിന്റെ അവസാനകാലം. നൂറുകണക്കിന് തെന്നിന്ത്യൻ സിനിമകളിലും വിദേശഭാഷാ സിനിമകളിലും വരെ അഭിനയിച്ച് പേരെടുത്ത അബ്ബാസിനെ എം ജി ആർ വരെ ‘കോടമ്പാക്കം തലൈവർ' എന്നാണ് വിളിച്ചിരുന്നത്. കോടമ്പാക്കം വിട്ട് നാട്ടിലെത്തിയതോടെ അബ്ബാസിനെ സ്വീകരിച്ചത്് രോഗവും ദാരിദ്ര്യവുമായിരുന്നു. ഒടുവിൽ അവശകലാകാര പെൻഷന് കാത്തിരുന്നായിരുന്നു മരണം.

‘‘ബ്ലാക്ക് ആൻഡ്‌ വൈറ്റ് പടത്തിൽ സൗണ്ട് ട്രാക്ക് വെള്ളിയിലാണ്. വെള്ളിക്ക് വില കിട്ടുമെന്ന് കരുതി വേസ്റ്റ് ഫിലിം വാങ്ങുന്ന മാർവാഡികളുണ്ടായിരുന്നു അക്കാലത്ത് മദ്രാസിൽ. അക്കൂട്ടത്തിലൊരു നല്ല ഫിലിമും വന്നു. കെടാമംഗലം സദാനന്ദൻ തിരക്കഥയും പാട്ടുമെഴുതിയ ‘അരപ്പവൻ.' സത്യൻ സാറും പ്രേംനസീറിന്റെ അനിയൻ പ്രേംനവാസും അംബികയും എസ് പി പിള്ളയും ടി എസ് മുത്തയ്യയുമെല്ലാമാണ് താരങ്ങൾ. കമ്പനിക്കാർ ഫിലിം പെട്ടി പുറത്തു കൊടുത്തപ്പോൾ നല്ലതും ചീത്തയുമെല്ലാം മിക്സായിപ്പോയതാണെന്ന് മനസ്സിലായി. ഞാൻ അന്നത്തെ 1500 രൂപ കൊടുത്ത് ‘അരപ്പവൻ' വാങ്ങി നാട്ടിലേക്ക് തീവണ്ടി കയറി. തൃശൂരിൽ സിലോൺ ലോഡ്ജിലെ സുമതി ഫിലിംസിൽ പോയി പെട്ടി നൽകി. സുമതി ഫിലിംസ് എന്നൊക്കെ പേരേയുള്ളൂ. കയ്യിൽ ഒരു സിനിമാ പെട്ടി പോയിട്ട് തീപ്പെട്ടി പോലുമില്ലാതിരുന്ന സുമതി മുരളി അവിടെ വെറുതേ ഒരു മേശ വച്ചിരിക്കുകയായിരുന്നു. അക്കാലത്ത് അവിടത്തെ നിത്യ സന്ദർശകരായിരുന്നു പത്മരാജനൊക്കെ.'' പൂനം റഹീം തന്റെ സിനിമാ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചാണ് പറയുന്നത്്.

റഹീമിന്റെ ജീവിത കഥയിലെ കോടമ്പാക്കം റീൽ ഓടിത്തീർന്ന് തൃശൂർ റീൽ ഓടുമ്പോൾ തെളിയുന്ന സ്ഥലം വിയ്യൂരിലെ പൂനം ഫിലിംസിന്റെ ഗോഡൗണാണ്. നിധി കുംഭങ്ങൾ പോലെ തുണിയിൽ പൊതിഞ്ഞുവച്ച റീൽ പെട്ടികൾ ഓരോന്നായി അടുക്കിവച്ച സിനിമയുടെ നിലവറകൾ തുറക്കപ്പെടുകയാണ്. ഇത് പൂനം ഫിലിംസിന്റെ ഗോഡൗണോ അല്ല പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആർക്കൈവോ എന്ന് അതിശയപ്പെട്ടുപോയി.

കേരളത്തിൽ സിനിമയ്ക്കൊരു സ്വകാര്യ ആർക്കൈവ്സ് ഉണ്ടെങ്കിൽ അതാണ് പൂനം ഫിലിംസ് പ്രവർത്തിക്കുന്ന തൃശൂരിലെ റഹീമിന്റെ വീടും ഗോഡൗണും. ഇരുപതോളം 16 എംഎം പ്രൊജക്ടർ അയാൾ അടുക്കി അട്ടത്ത് വച്ചിരിക്കുകയാണ്. റഹീമിന്റെ ജീവിതത്തെക്കുറിച്ചുമാത്രമല്ല, അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ ചലച്ചിത്ര പ്രദർശന ചരിത്രത്തെക്കുറിച്ചും ചലച്ചിത്ര വിതരണ വിപണിയുടെ സവിശേഷമായ ചരിത്രത്തെക്കുറിച്ചും അറിയാൻ ഈ ഗോഡൗണിലേക്ക് ഒന്നെത്തിനോക്കിയാൽ മതിയാവും.

ഒരു കറുത്ത തുണിക്കെട്ട് തുറന്ന് റഹീംക്ക ശ്രദ്ധയോടെ ഒരു റീലെടുത്ത് പ്രൊജക്ടറിൽ വച്ച് ഫിലിം വലിച്ച് സ്പൂളിലേക്ക് ചുരുട്ടുന്നതിനിടെ പറഞ്ഞു:


‘‘16 എംഎം കണ്ടിരിക്കാൻ ഇപ്പോഴും ആളുകൾക്ക് ഇഷ്ടമാണ്. പഴയ ആളുകൾ ‘ചെമ്മീൻ’ കാണിക്കാമോ ‘തുലാഭാരം’ കാണിക്കാമോ എന്നൊക്കെ ചോദിച്ച് വരും. എന്നാൽ പലർക്കും ക്ഷമയില്ല. പടം ഫുൾ കാണുന്നതിന് മുമ്പേ സ്ഥലംവിടും. കാരണം, മൂന്നുമണിക്കൂർ പടം കാണിക്കാൻ നാലുമണിക്കൂർ സമയമെടുക്കും. നൂറുകണക്കിന് നേരംപോക്കിനിടയിൽ ഡ്യൂറേഷനൊക്കെ നോക്കിയല്ലേ ഇപ്പോൾ ആളുകൾ സിനിമ കാണാൻ പോകുന്നത്. പണ്ട് കാണാൻ വരുന്നവർക്കല്ല, കാണിക്കുന്ന നമ്മൾക്കാണ് ക്ഷമയില്ലാതിരുന്നത്. പതിനാറ് റീലുള്ള പടം കളിക്കുമ്പോൾ ഇടയ്‌ക്ക് ഒരു റീലൊക്കെ വിഴുങ്ങും. 14 കളിച്ചാൽ 15 കളിക്കില്ല. 16 കളിക്കും. അതിന്റെ പ്രശ്നങ്ങളുമുണ്ടാകും. ലൈറ്റ് ഓണാക്കിയ ശേഷം ചിലർ കുഴപ്പമുണ്ടാക്കാൻ വരും. ഇപ്പോൾ ഇത്തരം സിനിമകൾ ‘കാണിക്കുന്നത്' തന്നെയാണ് കാഴ്ച. ഫിലിം ഫെസ്റ്റിവലുകളിലൊക്കെ പോയാൽ ആളുകൾ ഈ പ്രൊജക്ടറും റീലുകളുമാണ് നോക്കുക. എക്സിബിഷനുകളിലും ഇതൊക്കെ വച്ചുകൊടുക്കാറുണ്ട്. നമ്മുടെ പുതിയ തലമുറ ‘ഫിലിം' എന്താണെന്ന് കണ്ടിട്ടില്ലല്ലോ.''

റഹീംക്ക പറഞ്ഞു തീരുമ്പോൾ സ്ക്രീനിൽ 1967‐ലെ ‘രമണൻ' തെളിഞ്ഞു. പ്രേംനസീറും ഷീലയും ‘കാനനഛായയിൽ' പാടുന്നു. മറ്റൊരു റീൽ 1985‐ൽ പുറത്തിറങ്ങിയ അരവിന്ദന്റെ ‘ചിദംബരം.' യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിൽ സ്മിതാപാട്ടിലും ഭരത് ഗോപിയും. സ്മിതാപാട്ടിലിന് അച്ഛന് അയക്കാനുള്ള കത്തിൽ ഗോപി അഡ്രസ് എഴുതി നൽകുന്നു. പിന്നെ 1977‐ലെ ജോൺ എബ്രഹാമിന്റെ ‘അഗ്രഹാരത്തിൽ കഴുതൈ.' ദക്ഷിണേന്ത്യയിലെ പ്രസിദ്ധ സംഗീത സംവിധായകനായിരുന്ന എം ബി ശ്രീനിവാസൻ ഒരു കഴുതയെ ലാളിക്കുന്ന രംഗം. എം ബി ശ്രീനിവാസന്റെ ദൃശ്യം ഇപ്പോൾ ഇതുപോലെ നമുക്ക് കാണാനാവുന്ന വേറെ ദൃശ്യശേഖരമൊന്നും ലഭ്യമല്ല. ജോണിന്റെ വ്യത്യസ്തമായൊരു പരീക്ഷണ സിനിമയായാണ് ‘അഗ്രഹാരത്തിൽ കഴുതൈ’ അറിയപ്പെടുന്നത്.

‘അഗ്രഹാരത്തിൽ കഴുതൈ’യൊക്കെ പോലെ കേരളത്തിലെ ഒട്ടുമിക്ക പരീക്ഷണാത്മക സിനിമയുടെ പ്രദർശകനാവുമ്പോഴും സ്വയം ഒരു ബുദ്ധിജീവി പരീക്ഷണത്തിന് എറിഞ്ഞ് കൊടുക്കാൻ ഒരുക്കമായിരുന്നില്ല പൂനം റഹീം. അതാണ് അയാളുടെ ഈ രംഗത്തെ വിജയത്തിന് മറ്റൊരു കാരണം.

‘‘ബുദ്ധിജീവികൾ പറയുന്നത് ഞാൻ പൂർണമായും കച്ചവടക്കാരനാണെന്നാണ്. അവർ അങ്ങനെ പറയുന്നതിൽ എനിക്ക് പ്രയാസമൊന്നുമില്ല. അവരോട് എനിക്ക് പറയാനുള്ളത്, ഞാൻ കലാകാരനായി മാത്രം നിൽക്കുകയായിരുന്നുവെങ്കിൽ അവരുടെ മുമ്പിൽ ഞാൻ ഇപ്പോൾ ഇങ്ങനെ ഉണ്ടാവുമായിരുന്നില്ല എന്നാണ്. അവർ വരുമ്പോൾ അവർക്ക് വേണ്ട പ്രിന്റെടുത്തു കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ നിലനിർത്തിയ കച്ചവട സിനിമയാണ്. ‘അഗ്രഹാരത്തിൽ കഴുതൈ' കാണിച്ചാൽ എനിക്ക് 250 രൂപയാണ് ലഭിക്കുക. ‘അശ്വമേധം' കളിച്ചാൽ 2000 രൂപ കിട്ടും. ‘ശരശയ്യ' കളിച്ചാലും അത് കിട്ടും. നാല് ബുദ്ധിജീവി സിനിമ കളിച്ചാൽ കിട്ടുന്നത് എനിക്ക് ഒരു ‘മൂലധനം' കളിച്ചാൽ കിട്ടും. കച്ചവട സിനിമയുടെ കച്ചവടം നന്നായി നടന്നതുകൊണ്ടാണ് ബുദ്ധിജീവികൾക്കുള്ള പ്രിന്റ് 50 രൂപയ്ക്ക് കൊടുക്കാനാവുന്നത്.'' റഹീംക്ക ഓരോരോ തുണിക്കെട്ടുകൾ അഴിച്ചുമുറുക്കിക്കൊണ്ട് പറഞ്ഞു.


1907‐ലെ തൃശൂർ പൂരത്തിന് കാട്ടൂർക്കാരൻ വാറുണ്ണി ജോസഫാണ് തൃശൂർക്കാരെ ആദ്യമായി സിനിമ കാണിച്ചത്. കേരളത്തിലെ ചലച്ചിത്ര പ്രദർശനത്തിന്റെ പിതാവായി തന്നെ നമുക്ക് വാറുണ്ണി ജോസഫിനെ വിശേഷിപ്പിക്കാം. കഷ്ടിച്ച് നൂറ്‌ പേർക്കിരിക്കാവുന്ന കൂടാരം. കൈകൊണ്ട് തിരിക്കുന്ന പ്രൊജക്ടർ‐ അതാണ് ബയോസ്കോപ്പ്. തീവണ്ടി വരുന്നതും പൂവിരിയുന്നതും കുതിരസവാരിയുമെല്ലാമുള്ള ആ ചലനചിത്ര അത്ഭുതത്തിന് മുന്നിൽ തൃശൂർക്കാരുടെ ആനയും മേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം പഴഞ്ചൻ കാഴ്ചകളായി പിന്തള്ളപ്പെട്ടു. ഈ നാടിന്റെ രക്തത്തിലോടുന്ന ഉത്സവപ്രേമവും ഒപ്പംതന്നെ നൂറ്റാണ്ട് പഴക്കമുള്ള ആ ചലച്ചിത്ര ലഹരിയും തന്നെയാകണം മറ്റെല്ലാ സ്ഥലത്തും നിശ്ചലമായിട്ടും തൃശൂരിൽ ഇങ്ങനെയൊരു 16 എംഎം പ്രൊജക്ടറിന്റെ എഴുന്നള്ളത്തിന് ഇപ്പോഴും മഠത്തിൽവരവ് പോലെ ആളുകൂടുന്നത്. കാട്ടൂർക്കാരൻ വാറുണ്ണി ജോസഫിൽനിന്ന് കാട്ടൂർക്കാരൻ റഹ്മത്തലിയിലേക്കുള്ള മലയാള സിനിമാ പ്രദർശനത്തിന്റെ ദൂരം അങ്ങനെ അധികമൊന്നും മനസ്സിലാക്കപ്പെട്ടിട്ടില്ല.

‘‘ടൂറിങ്‌ സിനിമയുടെ കാലത്ത് പ്രിന്റ് ഒന്നേയുള്ളൂ. അത് കാണിക്കാൻ പ്രൊജക്ടറും ഫിലിമുമായി ഒരു സ്ഥലത്തേക്ക് പോകും. അവിടെ രണ്ടാഴ്ച കളിച്ച് മറ്റൊരു സ്ഥലത്തേക്ക്. പ്രിന്റുകൾ കൂടുതൽ കിട്ടിയപ്പോൾ ഒരു സ്ഥലത്ത് തന്നെ സ്ഥിരമായ കൂടാരമുണ്ടായി. നിലത്ത് ചമ്രംപടിഞ്ഞിരുന്ന് സിനിമ കാണുന്ന ഒരു സമൂഹം ഉണ്ടായി. നാടൻ ഭാഷയിൽ പറഞ്ഞാൽ തറ. ഒരു ലോഡ് മണൽ വിരിച്ചിള്ള തറ കഴിഞ്ഞാൽ ചാരുബെഞ്ച്, പിന്നെ ചാരുകസേര എന്നിങ്ങനെയായിരുന്നു സിനിമയുടെ ക്ലാസ്. തിയറ്ററുകളിൽ തറ എന്ന വിഭാഗം ഇല്ലാതായപ്പോഴും അമ്പലപ്പറമ്പുകളിൽ ആ തറ ഇന്നും തുടരുന്നു. ചിലർ ഇന്ന് കസേരയിട്ടാലേ ഇരിക്കൂവെങ്കിലും മാനസികമായി അവർ ആ തറ സംസ്കാരം ആസ്വദിക്കുന്നവരാണ്.'' ‘അവൻ തറയാണ്' എന്ന അധിക്ഷേപങ്ങളൊക്കെ വരുന്നത് റഹീമിന്റെ അഭിപ്രായത്തിൽ സിനിമാ തിയറ്ററിലെ ആ തറയിൽനിന്നാണ്.

ജ്യുസ്സെപ്പെ ടൊർണാടോറിന്റെ ‘സിനിമാ പാരഡീസോ' ലോകത്തിന്റെ പരിച്ഛേദം പോലെ സിനിമാ തിയറ്ററിലെ രണ്ട് ക്ലാസുകളെക്കുറിച്ചും ക്ലാസ് സ്ട്രഗിളിനെക്കുറിച്ചും ഭംഗിയായി പറയുന്നുണ്ട്. മുകളിൽ ബാൽക്കണിയിലിരിക്കുന്ന ബൂർഷ്വാ വർഗത്തിലുള്ളവർ സിനിമ കാണുന്നതിനിടയിൽ താഴേയിരിക്കുന്ന ദരിദ്ര തൊഴിലാളികളെ നിരന്തരം ആക്ഷേപിക്കുന്നത് കാണാം. ചാർലി ചാപ്ലിന്റെയും ലുസിനോ വിസ്ക്കോന്തിയുടെയും സിനിമകളിലെ തൊഴിലാളി വർഗത്തിന്റെ ആഹ്ലാദപ്രകടനങ്ങൾ തറടിക്കറ്റിലുള്ളവരെ ആവേശഭരിതരാക്കുമ്പോൾ ബാൽക്കണിയിലുള്ള ധനികർക്ക് അത് സഹിക്കുന്നില്ല. അവർ താഴേക്ക് കാർക്കിച്ച് തുപ്പുകയാണ്. മുകളിലേക്ക് തിരിച്ച് മണ്ണുവാരിയെറിഞ്ഞുകൊണ്ടാണ് താഴെയിരിക്കുന്ന ദരിദ്രരുടെ പ്രതിഷേധം. സിനിമയിലെ സംഘർഷം തിയറ്ററിലേക്കും പടരുന്നു. യഥാർഥ ‘തറ' തറടിക്കറ്റിലിരിക്കുന്നവരല്ല ബാൽക്കണിയിലിരിക്കുന്നവരാണെന്നാണ് സിനിമ കാണിക്കുന്നത്. സിനിമയെന്ന മഹത്തായ കലയുടെ അടിത്തറ തറയിലിരിക്കുന്ന സാധാരണ ജനതയാണെന്നുമാണ്് അതിന്റെ ഭാഷ്യം.


സമാന്തര സിനിമാപ്രസ്ഥാനം ശക്തമായ എഴുപതുകളിൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള ജനശക്തി ഫിലിംസ് വലിയൊരു മുന്നേറ്റമാകുമെന്ന് പൂനം റഹീമും കരുതിയിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന കെ ചാത്തുണ്ണി മാസ്റ്ററും പി ഗോവിന്ദപിള്ളയും അഡ്വ. പി ജയപാലമേനോനുമായിരുന്നു ആ ജനകീയ ഇടപെടലിന്റെ സാരഥികൾ. മലയാള സിനിമകൾ മാത്രമല്ല ബംഗാളി, കന്നട ക്ലാസിക് സിനിമകളും വാടകയ്ക്കെടുത്ത് ചുരുങ്ങിയ ചെലവുകളിൽ കേരളമെങ്ങും അരങ്ങേറിയ ജനശക്തിയുടെ സമാന്തരപ്രദർശനങ്ങൾ ജനങ്ങളുടെ സിനിമയെക്കുറിച്ച് അക്കാലത്ത് വ്യത്യസ്തമായ കാഴ്ചകൾ അവതരിപ്പിച്ചു.

മൃണാൾ സെന്നിന്റെ സംവിധാനത്തിലുള്ള ‘കയ്യൂരും' എം ടിയുടെ ‘ദേവലോക'വും (മമ്മൂട്ടി ആദ്യമായി അഭിനയിച്ച സിനിമ) ജനശക്തിയുടെ സിനിമാ സ്വപ്നങ്ങളായിരുന്നെങ്കിലും രണ്ടും തുടക്കത്തിലേ മുടങ്ങി. വലിയ രാഷ്‌ട്രീയ വിവാദങ്ങൾ അവശേഷിപ്പിച്ച് ജനശക്തി ദുർബലമായി പതിയെ അടച്ചുപൂട്ടപ്പെട്ടു. റഹീമിന്റെ ഗോഡൗണുകളിലെ പ്രൊജക്ടറുകളിൽ കിടക്കുന്ന റീലുകളെ പിന്നോട്ട് തിരിച്ചാൽ നമുക്ക് ജനശക്തിയുടെ പഴയ ഓർമകളിലെത്താനാവും. ജനശക്തിയുടെ ചരിത്രമാണ് ഇപ്പോൾ പൂനം റഹീമിന്റെയും ചരിത്രമായി കറങ്ങിക്കൊണ്ടിരിക്കുന്നത്. അതായത്, ജനശക്തിയുടെ മൂന്ന് പ്രൊജക്ടറുകളും പിതിനൊന്ന് ഫിലിം പ്രിന്റുകളും മുപ്പതിനായിരം രൂപയ്ക്ക്് സ്വന്തമാക്കിയതോടെയാണ് റഹീമിന്റെ പൂനം ഫിലിംസ്് ശക്തിപ്പെട്ടത്്. ജോൺ എബ്രഹാമിന്റെ ‘അഗ്രഹാരത്തിൽ കഴുതൈ', പി എ ബക്കറിന്റെ ‘കബനീനദി ചുവന്നപ്പോൾ', ജി എസ് പണിക്കരുടെ ‘ഏകാകിനി', എം കൃഷ്ണൻ നായരുടെ ‘കള്ളിയങ്കാട്ട് നീലി', ഡി എം പൊറ്റെക്കാടിന്റെ ‘രമണൻ' എന്നി സിനിമകളെല്ലാം ജനശക്തിക്കുശേഷം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടത് പൂനം ഫിലിംസ് വലിച്ചുകെട്ടിയ വെള്ളത്തുണികളിലായിരുന്നു.

1961‐ലെ കുഞ്ചാക്കോയുടെ സിനിമ ‘ഉണ്ണിയാർച്ച'യുടെ അഞ്ചാമത്തെ റീലെടുത്തിട്ടു റഹീംക്ക. തിരശ്ശീലയിൽ പ്രേംനസീറിന്റെ കുഞ്ഞിരാമനും രാഗിണിയുടെ ഉണ്ണിയാർച്ചയും. അല്ലിമലർക്കാവിലേക്ക് അങ്കക്കലിയോടെയുള്ള രാഗിണിയുടെ പുറപ്പാട് വടക്ക് കടത്തനാട്ടിലാണെങ്കിലും ഏറ്റവും കൂടുതൽ ഹരം കൊണ്ടിട്ടുണ്ടാവുക തൃശൂരിലെ പെണ്ണുങ്ങളായിരിക്കും. കാരണം, പൂനം റഹീമിന്റെ ഈ മധുരപ്പതിനാറ്് എംഎം പ്രൊജക്ടർ തന്നെ! ഉണ്ണിയാർച്ച മത്രമല്ല, രമണനും നീലക്കുയിലും കുമാരസംഭവവും തുലാഭാരവും ഭക്തകുചേലയും കണ്ടംബെച്ച കോട്ടും പടയോട്ടവും സ്വാമി അയ്യപ്പനും ആട്ടക്കലാശവും രാജാവിന്റെ മകനും നിറക്കൂട്ടുമെല്ലാം അമ്പലപ്പറമ്പിൽനിന്ന് ഇപ്പോഴും പൂർണമായി ഇറങ്ങിപ്പോയെന്ന്്് പറയാനാവില്ല.

‘‘നാടകത്തിന് മുമ്പേയാണ്് സിനിമാപ്രദർശനം. ചിലപ്പോൾ നാടകത്തേക്കാൾ സിനിമ വിജയിക്കും. പിന്നെ ജനങ്ങൾക്ക് സിനിമ മതിയെന്നായി, നാടകം വേണ്ടെന്നായി. ഞാൻ നാടകത്തെ കുറ്റപ്പെടുത്തുകയല്ല. പലപ്പോഴും പല നാടകങ്ങളും അക്കാലത്ത് വിഷയദാരിദ്ര്യംകൊണ്ട് ജനങ്ങളെ മടുപ്പിച്ചിരുന്നു. സിനിമ പഴയ ‘രമണ'നായാൽ പോലും സ്ത്രീകൾ വന്നാൽ പോവില്ല. അവരെ കൊണ്ടുപോകാതെ ഭർത്താക്കന്മാർക്കും പോവാനാവില്ല. ഭർത്താവ് ചായക്കടയിലെ ബെഞ്ചിലിരിക്കും. അയാൾ അവിടെ ഇരിക്കുന്നത്് കണ്ടാൽ ഇവിടെ ഓഡിയൻസ് റിസർവ്ഡാണെന്നാണ് അർഥം.'' ഉണ്ണിയാർച്ചയുടെ ഉറുമിപ്പയറ്റിനിടെ റഹീമിന്റെ പൊട്ടിച്ചിരിയും വേറെ തന്നെ കേട്ടു.


പ്രായത്തിൽ പതിനാറു പോലെ തന്നെ മലയാളിക്ക് സിനിമയോടുള്ള ഏറ്റവും ആത്മാർഥമായ അനുരാഗകാലവുമായിരുന്നു ആ പതിനാറ് എംഎം കാലം. ആ പ്രസ്ഥാനത്തിന്റെ ഊർധശ്വാസവും നമുക്കിപ്പോൾ റഹീമിന്റെ വാക്കുകളിൽ ശ്രവിക്കാം.

‘‘ജനം ഇരുട്ടിലും ഞങ്ങൾ വെളിച്ചത്തും ഇരുന്നുകൊണ്ടാണ് റിപ്പയറിങ്ങുകളൊക്കെ നടക്കുക. സിനിമ ഇടയ്‌ക്കുവച്ച് നിൽക്കുമ്പോൾ ജനം മണ്ണ് പൊതിഞ്ഞ് എറിയും. ചിലരൊക്കെ നമ്മുടെ കഷ്ടപ്പാട് മനസ്സിലാക്കും. പുതിയ പ്രിന്റ് മേടിക്കാൻ കാശുവേണ്ടേ എന്നൊക്കെ ആലോചിക്കും. മാക്സിമം ഒട്ടിക്കുക എന്നതാണ് തിയറി. അന്നിത് അഭ്രമായിരുന്നു. അഭ്രം വേഗത്തിൽ പൊട്ടും. അഭ്രപാളികൾ എന്നൊക്കെ സാഹിത്യത്തിൽ പറയാമെന്നേയുള്ളൂ. ഏറ്റവും ഒടുവിലായി വന്നത് പൊളിസ്റ്ററിന്റെ ഫിലിമാണ്. അത് പൊട്ടില്ല, പക്ഷേ വേഗത്തിൽ വര വീഴും. ഇപ്പോൾ അതെല്ലാം പോയി. തിയറ്ററിൽ ഫിലിമെന്ന് പറയുന്ന സാധനമേയില്ലാതായി.''

ഏറ്റവും ആദ്യത്തേതെന്ന് പറയുന്ന നൈട്രേറ്റ് ഫിലിമിന്റെ ഒരു റോൾ റഹീംക്ക എടുത്തുകാണിച്ചു തന്നു. അത് വേഗത്തിൽ കത്തിപ്പോകുന്നതാണ്. ‘സിനിമാ പാരഡീസോ’ സിനിമയിൽ പ്രൊജക്ട് റൂമിന് മുഴുവൻ തീപിടിക്കാൻ കാരണവും നൈട്രേറ്റ്്് ഫിലിമാണ്്്.

‘‘നമ്പർ ഇട്ടിട്ടാണ് റീൽ കളിക്കുക. ഒരു സ്ഥലത്ത് ‘മുഹൂർത്തം 11.30ന്' എന്ന സിനിമ കളിക്കുകയാണ്. മമ്മൂട്ടിയും രതീഷും സരിതയുമെല്ലാമാണ് താരങ്ങൾ. ഈ സിനിമയുടെ രണ്ടാമത്തെ റീലിൽ കല്ല്യാണവും മൂന്നാമത്തെ റീലിൽ പ്രസവവുമാണ്. ഒരു ദിവസം ഈ രണ്ടാമത്തെ റീലും മൂന്നാമത്തെ റീലും അങ്ങോട്ടുമിങ്ങോട്ടും തെറ്റിപ്പോയി. അറിയാതെ മൂന്ന് രണ്ടിലും രണ്ട് മൂന്നിലും വച്ചു. ‘നിങ്ങളുടെ നാട്ടിലൊക്കെ പ്രസവം കഴിഞ്ഞിട്ടാണോ കല്ല്യാണം?' ഒരാൾ ചോദിച്ചു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ഞാൻ പറഞ്ഞുവരുന്നത്, ഞങ്ങളുടെ കുഴപ്പങ്ങൾ മുഴുവൻ സഹിച്ചിട്ടും ജനം പടം കണ്ടിരുന്നുവെന്നാണ്.''

മധ്യകേരളത്തിലെ ഇപ്പോൾ മണ്ണടിഞ്ഞ പല ബി, സി ക്ലാസ് തിയറ്ററുകളുടെ പഴയ പ്രതാപങ്ങൾ പരതിയാലും ആരവങ്ങൾക്കിടയിലൂടെ ഫിലിം പെട്ടികളുമായി നടന്നു നീങ്ങുന്ന പൂനം റഹീം എന്ന ഡിസ്ട്രിബ്യൂട്ടറുടെ ദൃശ്യം നമുക്ക് സങ്കൽപ്പിക്കാം. എൺപത്‐തൊണ്ണൂറ് കാലങ്ങളിൽ സോഫ്റ്റ് പോൺ സിനിമകളാണ് സി ക്ലാസ് തിയറ്ററുകളെ സാമ്പത്തികമായി രക്ഷിച്ചതെന്ന അഭിപ്രായക്കാരനാണ് റഹീം.

‘‘പടം ഷൂട്ട് ചെയ്യുമ്പോൾ തന്നെ ബെഡ്റൂം സീനും ഷൂട്ടുചെയ്യും. എന്നാൽ ആ സീൻ സെൻസറിന് അയയ്ക്കാതെ മാറ്റിവയ്‌ക്കും. കണ്ടിന്യൂറ്റി പ്രശ്നമുണ്ടാവില്ല. സിറ്റ്വേഷൻ കണക്ടായിരിക്കും. തിയറ്ററുകളിലേക്ക് പെട്ടി അയക്കുമ്പോൾ ഈ സീനിന്റെ ബിറ്റും നൽകും. സി ക്ലാസ് തിയറ്ററുകൾ വലിയ തിയറ്ററുകൾക്കൊപ്പം പിടിച്ചുനിന്നത് ഈ ബിറ്റ് കൊണ്ടാണ്. രണ്ട് ദിവസം മാത്രമേ ഈ ബിറ്റ് ഇട്ട് കളിക്കാനാവൂ. അപ്പോഴേക്കും പൊലീസെത്തും. ബിറ്റുണ്ടെന്ന് കേട്ടറിഞ്ഞ് ആളുകൾ ഓടിവരും. അവർ വരുമ്പോഴേക്കും ആ സീനുണ്ടാവില്ല. ആളുകൾ ബഹളം വയ്‌ക്കും.''

റഹീംക്കയുടെ വാക്കുകൾ കേൾക്കുമ്പോൾ അശോകൻ ചരുവിലിന്റെ ‘ദ്വാരകാ ടാക്കീസ്' എന്ന കഥയിൽ ‘പീസ്' രംഗങ്ങൾ കാണാതെ തിയറ്ററിൽ ഉണ്ടാകുന്ന അടിപിടിയും കത്തിക്കുത്തുമെല്ലാമാണ് ഓർമയിലേക്ക് വന്നത്. അക്കാലത്തെ കേരളത്തിലെ സി ക്ലാസ് തിയറ്ററുകളുടെ പൊതുവായ കഥയാണ് ‘ദ്വാരകാ ടാക്കീസ്.'

‘സിനിമാ പാരഡീസോ’യിലെ ടോടോ സാൽവതോർ ഡി വിറ്റ എന്ന വലിയ സംവിധായകനായി തിരിച്ചെത്തുമ്പോൾ മരിച്ച പ്രൊജക്ഷനിസ്റ്റ്്്് ആൽഫ്രെഡോവിന്റെ ഭാര്യ അയാൾക്ക് നൽകുന്നത് ഒരു ഫിലിം റീലാണ്. ലോക സിനിമയിൽനിന്ന് ആൽഫ്രെഡൊ വെട്ടിയൊഴിവാക്കിയ ചുംബനരംഗങ്ങളുടെ ദീർഘമായൊരു കൊളാഷായിരുന്നു അത്‌.

അധികാരികളുടെ ആജ്ഞയനുസരിച്ച്് താൻ ചെയ്ത പാപത്തിനുള്ള പശ്ചാത്താപം പോലെ ആൽഫ്രെഡോ രഹസ്യമായി തയ്യാറാക്കിവച്ച ആ റീൽ സെൻസറിങ്ങിനെതിരെ സിനിമയ്ക്കുള്ളിൽ നടന്ന ആദ്യത്തെ കലാകലാപമാകുന്നു.


ആൽഫ്രെഡോവിനെപ്പോലെ ഒരു റീലല്ല, ചലിക്കുന്നതും ചലിക്കാത്തതും വെട്ടിക്കളഞ്ഞതും ഒട്ടിച്ചുവച്ചതുമായ നൂറുകണക്കിന് റീലുകൾ തന്നെയാണ് പൂനം റഹീമിന് ഇപ്പോൾ പിൽക്കാലത്തിന് നൽകാനുള്ളത്. ആ ‘പാരഡീസോ'യിലെ ടോടോ അദ്ദേഹത്തിന്റെ മകൻ സ്വാതിഖ് റഹീം തന്നെയാണ്. ഫിലിം റീലുകൾക്കും പ്രൊജക്ടറുകൾക്കും നടുവിൽ സിനിമയെ കളിപ്പാട്ടമാക്കി വളർന്ന സ്വാതിഖ് ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന പ്രൊജക്ട് ഡിസൈനറാണ്. ഒരു സിനിമയുടെ നിർമാണത്തിൽ പങ്കാളിയായെങ്കിലും അത് വിജയിച്ചില്ല.

‘‘മൂന്നുകോടി ചെലവായി. ഒരു രൂപപോലും തിരിച്ചു കിട്ടിയില്ല.'' മകന്റെ സാമ്പത്തിക പരാജയമായ സിനിമയെക്കുറിച്ച് അത്രമാത്രം പറഞ്ഞ്‌ മുറിയുടെ മറ്റൊരു ഭാഗത്തുനിന്ന് ഒരു തുണിക്കെട്ട്്് വിശിഷ്ട വസ്തു പോലെ കൊണ്ടുവന്ന് പൂനം റഹീം പറഞ്ഞു:

‘‘ഇത് ഓളവും തീരവും! ഇതിന്റെ നെഗറ്റീവ് പണ്ടേ നഷ്ടമായതാണ്. ഭാഗ്യത്തിന് എന്റെ കയ്യിലുണ്ടായിരുന്നതുകൊണ്ടാണ് പ്രിന്റുകൾ എടുക്കാനായത്.''

അതായത് പൂനം റഹീം സൂക്ഷിച്ചില്ലായിരുന്നെങ്കിൽ മലയാള സിനിമയിൽ ഒരു ഭാവുകത്വ മാറ്റത്തിന് തുടക്കം കുറിച്ചെന്ന്്് പറയുന്ന ‘ഓളവും തീരവും' വെറുമൊരു ഓർമ മാത്രമായി ഒടുങ്ങിയേനെ. സിനിമയുടെ പെട്ടിയുമായി ടാക്സിക്ക് കൊടുക്കാൻ കാശില്ലാതെ മദ്രാസിലെ എവിഎം സ്റ്റുഡിയോയുടെ വാതിലിൽ നിൽക്കുന്ന നിർമാതാവ് പി എ ബക്കറിനെയും സംവിധായകൻ പി എൻ മേനോനെയും ഓർമവരും റഹീമിന് ഈ റീലുകൾ കയ്യിലെടുക്കുമ്പോൾ.

ആ ചരിത്രമെല്ലാം ഇനി എത്ര കാലം? എത്ര കാലം അയാൾക്ക് ഒരു വെള്ളത്തുണി വലിച്ചുകെട്ടി മധുരമായ ആ കാഴ്ചാകാലത്തിന്റെ റീലുകൾ തിരിക്കാനാവും? ഇപ്പോൾ തന്നെ ഏതാണ്ട് ഒരു വിഷാദഛവിയുള്ള ഈ കഥയുടെ പര്യവസാനം ഇനി എങ്ങനെയായിരിക്കും? സക്കറിയയുടെ കഥ ‘ലാസ്റ്റ്്് ഷോ'യിൽ പറയുന്നതുപോലെ ഒരു കത്രിക കിട്ടിയാൽ അതിന്റെ ക്ലൈമാക്സ് നമുക്ക് മറ്റൊരു രീതിയിലേക്ക്‌ വെട്ടിമാറ്റാനാകുമോ?

‘‘ഞാൻ തിയറ്ററിന്റെ ആളൊഴിഞ്ഞ ഇടനാഴികളിലൂടെ നടന്നുചെന്ന് പ്രൊജക്ഷൻ റൂമിലേക്കുള്ള നടകൾ കയറി. വാതിൽ അൽപ്പം തുറന്നു. പ്രൊജക്ഷനിസ്റ്റ് റീലുകൾ റീവൈൻഡ് ചെയ്യുകയായിരുന്നു. ‘കൂട്ടുകാരാ', അയാൾ പറഞ്ഞു. ‘ഇത് ലാസ്റ്റ് ഷോയായിരുന്നു. ഇനി തിരുത്തലുകളുടെ സാധ്യതപോലുമില്ല. നാളെ ഈ പെട്ടികൾ ഈ പട്ടണം വിടും.'.

(‘ലാസ്റ്റ് ഷോ'‐ സക്കറിയയുടെ കഥകൾ)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home