Deshabhimani

കഥ

തൃപ്പടിദാനം

പടം
avatar
മനോജ്‌ വീട്ടിക്കാട്‌

Published on Oct 24, 2026, 02:11 PM | 6 min read


"അടുത്ത ഒരു രംഗത്തോടു കൂടി നാടകം പൂർത്തിയാകുകയാണ്.”

കറുത്ത തിരശ്ശീലയുടെ പിന്നിലെ ഇരുട്ടിൽനിന്ന് നാടക സൂത്രധാരന്റെ കനത്ത ശബ്ദം മുഴങ്ങി.

ദേശ ദേശാന്തരങ്ങളിൽനിന്ന് നാടകത്തോടൊപ്പം സഞ്ചരിച്ചു വന്ന കാണിക്കൂട്ടം ആർപ്പുവിളികളോടെയാണ് സൂത്രധാരന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

ഒടുവിൽ നാടകം പൂർത്തിയാകാൻ പോകുന്നു. കാലമെത്രയോ മുമ്പ് നാലഞ്ചു കാണികളുടെ മുന്നിൽ വെയിലിന്റെ അസ്‌തമനത്തിനും നിലാവിന്റെ ഉദയത്തിനുമിടയിലുള്ള ഇരുണ്ട ഒരു സന്ധ്യക്കായിരുന്നു നാടകത്തിന്റെ ആദ്യ അരങ്ങ്. ഒരാൽമരത്തിന്റെ ചുവട്ടിൽ നിരനിരയായി കത്തിച്ചുവച്ച ചെറിയ മൺചെരാതുകളുടെ മങ്ങിയ വെളിച്ചത്തിൽ നീണ്ടു നീണ്ട നിഴലുകളുടെ അകമ്പടിയോടെ നടന്ന ആദ്യത്തെ രംഗം ഇപ്പോഴും ഓർമയിലുണ്ട് ഗൗതമന്...

ജ്വരബാധ കൊണ്ട് തുള്ളി വിറയ്‌ക്കുന്ന മകൾക്ക് ചരട് മന്ത്രിച്ചുവാങ്ങാൻ കോപ്പൻ വൈദ്യരെ കാണാനിറങ്ങിയതായിരുന്നല്ലോ അയാൾ...

വൈദ്യരെ, പനിച്ചിട്ടു വയ്യാലോ പെണ്ണിന് എന്നയാൾ വൈദ്യരോട് പായാരം പറഞ്ഞതുമാണല്ലോ...

ഉടുമുണ്ടിന്റെ പുറമേ ത്രികോണാകൃതിയിൽ ഉടുത്തു കെട്ടിയ ചുവന്ന പട്ടിന്റെ കോന്തലയിൽ കെട്ടിയ ചരടുകളിലൊന്നിൽ ഗൗതമന്റെ മകളുടെ പനിയെ ബന്ധിച്ചു നിർത്താനുള്ള കുടുക്കുകൾ ഊതിയുണ്ടാക്കുന്നതിനിടയിലാണ് മന്ത്രവാദി ആൽത്തറയിലെ നാടകത്തിനു മുന്നിലേക്ക് നടന്നത്.

വൈദ്യരേ, ന്റെ കുട്ടി,

കുട്ടീടെ പനി,

പനിക്കുള്ള ചരട് എന്ന് പറഞ്ഞ് ഗൗതമനും അയാളുടെ പിന്നാലെ നടന്നു.

ഈ നാടകമൊന്നു കഴിയട്ടെ... എന്നിട്ട് തരാം മന്ത്രച്ചരട് എന്ന് മന്ത്രവാദി അവനെ സമാധാനിപ്പിച്ചു...

എന്നാൽ പിന്നെ നാടകം കഴിയട്ടെ എന്നു ഗൗതമനും തീരുമാനിച്ചു. ചരടും വാങ്ങാം, നാടകവും കാണാം.

നാടകത്തിന്റെ ആദ്യത്തെ രംഗം മാത്രമായിരുന്നു അന്ന് കളിച്ചത്.

‘‘കാണികളേ...”

കുറുകിയ ഇരുട്ടിനു നടുവിൽനിന്ന് സൂത്രധാരൻ വിളിച്ചു. അയാൾക്കപ്പോൾ നിറഞ്ഞുകവിഞ്ഞ ഒരു സദസ്സിനെ അഭിസംബോധനചെയ്യുന്ന ഭാവമായിരുന്നു.

‘‘ഈ നാടകം ഒരു വേദിയിലോ ഒരു രംഗത്തോ ഒരു ദേശത്തോ പൂർത്തിയാകാനുള്ളതല്ല...”

പിന്നെയോ പിന്നെയോ എന്നൊരു ചോദ്യം സദസ്സിൽ നിന്നുയരുന്നതായും അതിനുള്ള മറുപടി ആലോചിക്കുന്നതായും അയാൾ നടിച്ചു.

‘‘ദേശദേശാന്തരങ്ങളിലൂടെയുള്ള സഞ്ചാരത്തിലൂടെയാണല്ലോ ഈ നാടകം പൂർത്തിയാകേണ്ടത്. കാല കാലാന്തരങ്ങളിലൂടെ കടന്നുപോയിട്ടാണല്ലോ നാടകം പൂർണമാകേണ്ടത്.”

അതിനാൽ പ്രിയപ്പെട്ട കാണികളേ...”

പടംചിത്രീകരണം: നാസർ ബഷീർ

സൂത്രധാരൻ ആൽത്തറയിലെ വിളക്കുകളെല്ലാമണയ്‌ക്കുകയും ആകാശത്തിന്റെ കിഴക്കേച്ചരിവിൽനിന്ന് ഉദിച്ചുയരുന്ന ചന്ദ്രനു നേരെ കൈ ചൂണ്ടുകയും ചെയ്‌തു.

‘‘നാടകത്തിന് ഒരു ദേശത്ത് ഒരു വേദിയേ ഉണ്ടാകൂ... ഒരു വേദിയിൽ ഒരേ ഒരു രംഗവും...”

അന്നു തുടങ്ങിയ സഞ്ചാരമാണ് അടുത്ത രംഗത്തോടെ അവസാനിക്കുമെന്ന് പറയുന്നത്.

‘‘പോകുമ്പോൾ എന്റെ കുഞ്ഞിനുള്ള മന്ത്രച്ചരട് തരണേ വൈദ്യരേ...”

ഗൗതമൻ വൈദ്യരെ ഓർമിപ്പിച്ചു.

ദ്രവിച്ചു തുടങ്ങിയ മൂന്നുനാലു ചരടുകൾ കോന്തലയിൽ നിന്നെടുത്തു നോക്കി അയാൾ.

കാണിക്കൂട്ടത്തിനിടയിലൂടെ തന്റെ രണ്ടു പശുക്കളേയും മേയ്ച്ചു നടന്നിരുന്ന ഗോപാലപിള്ള വൈദ്യരെ കണ്ട് അടുത്തേക്കു വന്നു.

‘‘അപ്പോൾ ഇന്നത്തോടെ നാടകം കഴിയുമല്ലോ വൈദ്യരേ...”

‘‘കഴിയും.”

‘‘ഇന്ന് നമ്മളെല്ലാവരും വീട്ടിലേക്ക് മടങ്ങുമല്ലോ...”

‘‘മടങ്ങും.”

‘‘ന്റെ പയ്‌ക്കളില്ലാതെ ഞാനെങ്ങനെ മടങ്ങിച്ചെല്ലും വൈദ്യരേ...?”

ഗോപാലപിള്ളയുടെ കൈയിൽ രണ്ടു കഷ്‌ണം കയറല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

‘‘അനാദിയായ നാടകത്തിന്റെ കാലപ്രവാഹത്തിൽ താങ്കളുടെ ഗോക്കൾ ബലിയായിരിക്കുന്നു എന്നു കരുതിയാലും മഹാത്മൻ.”

വൈദ്യരുടെ ചുമലിനു മുകളിലൂടെ പിള്ളയെ നോക്കി നീണ്ട താടിയും ജഡപിടിച്ച മുടിയുമുള്ള ഒരാൾ പറഞ്ഞു.

അയാൾ ആരെന്നോ, എവിടെ വച്ചാണ് അയാൾ നാടകത്തോടൊപ്പം നടന്നുതുടങ്ങിയത് എന്നോ വൈദ്യരോ ഗൗതമനോ ഓർക്കുന്നില്ല. പക്ഷേ എത്രയോ കാലമായി നാടകം നടക്കുന്ന സമയമത്രയും അയാൾ കാണികൾക്കിടയിലൂടെ നടന്നുകൊണ്ടേയിരിക്കുന്നു.

‘‘പക്ഷേ പയ്‌ക്കളില്ലാതെ ഞാൻ വീട്ടിലേക്കില്ല.”

‘‘നിങ്ങൾക്ക് രണ്ട്‌ പശുവല്ലേ പിള്ളച്ചേട്ടാ പോയത്... എന്റെ കാര്യമൊന്നാലോചിച്ചു നോക്ക്. അച്ഛന്റെ കൈപിടിച്ച് നാടകത്തിന് വന്നതല്ലേ ഞാൻ...!”


കൈയിലൊരു പമ്പരവും പിടിച്ച് അച്ഛന്റെ കൈവിരലിൽ തൂങ്ങി കാണിക്കൂട്ടത്തിലേക്ക് വന്ന ചെറിയ ചെക്കനാണ്. ഇപ്പോൾ താടിയും മുടിയുമാെക്കെ നീണ്ട് ഒത്ത യുവാവായിരിക്കുന്നു. കനത്ത കൂട്ടുപുരികങ്ങൾക്കു താഴെ കണ്ണുകളിൽ തീവ്രമായ വെളിച്ചമുണ്ടായിരിക്കുന്നു.

‘‘അച്ഛനില്ലാതെ ഞാനെങ്ങനെയാണ് വൈദ്യരേ തിരിച്ചു പോവുക?”

പുഴയുടെ തീരത്തെ വേദിയിൽ നാടകം കളിച്ച ദിവസമായിരുന്നല്ലോ അവന്റെ അച്ഛൻ നിന്നനിൽപ്പിൽ താഴെ വീണതും നിശ്ശബ്ദനായി മരിച്ചുപോയതും.

‘‘പക്ഷേ നാടകം തീരുമ്പോൾ നമുക്കൊക്കെ തിരിച്ചു പോയേ പറ്റൂ...”

കോപ്പൻ വൈദ്യർ തന്റെ ചെറിയ ശബ്ദത്തിൽ പറഞ്ഞു.

‘‘നാടകം പൂർത്തിയാകും വരെ മാത്രമേ നാടകത്തിനു കാണികളെ ആവശ്യമുള്ളൂ.”

‘‘പക്ഷേ എനിക്കെന്റെ കുഞ്ഞിനുള്ള മന്ത്രച്ചരട് തരാൻ മറക്കരുതേ വൈദ്യരേ. അതില്ലാതെ ഞാനെങ്ങനെയാണ് തിരിച്ചു പോവുക...”

വൈദ്യർ ഗൗതമനെ സൂക്ഷിച്ചു നോക്കി.

ശേഷം പിഞ്ഞിയ പട്ടുകച്ചയുടെ മടിക്കുത്തിൽനിന്ന് ദ്രവിച്ച ഒരു ചരട് പുറത്തെടുത്ത് അതിൽ കുഞ്ഞിന്റെ ജ്വരത്തെ ബന്ധിക്കാനുള്ള മന്ത്രങ്ങൾ ഊതിനിറയ്‌ക്കാൻ തുടങ്ങി.

******

വേദിയിൽ നാടകത്തിന്റെ അവസാനരംഗം പുരോഗമിക്കുകയാണ്. പല തട്ടുകളിലായി നിർമിച്ചിട്ടുള്ള വേദിയുടെ ഏറ്റവും മുകളിൽ പുരോഹിത വേഷമിട്ട നടൻമാർ നിരന്നുനിന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നു. രണ്ടാം നിലയിൽ പല വർണത്തിലുള്ള വിളക്കുകൾ ചൊരിയുന്ന പ്രകാശത്തിൽ കുളിച്ച് തിളങ്ങി നിൽക്കുന്ന ക്ഷേത്രഗോപുരം. ക്ഷേത്രത്തിനു മുന്നിൽ വലിയ സുവർണ സിംഹാസനം...

അഭിഷേകത്തിനുള്ള ഒരുക്കങ്ങളാണ്. നിയുക്ത ചക്രവർത്തിയുടെ അപദാനങ്ങൾ വേദിയുടെ പിന്നിലും വശങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള വലിയ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

വേദിയുടെ ഏറ്റവും താഴത്തെ നിലയിൽ കൂട്ടംകൂടി നിൽക്കുന്നവർ രാജാവിനെ വാഴ്‌ത്തി തോറ്റം പാടുന്നു.

വലിയ ശബ്ദഘോഷങ്ങൾക്കിടയിലേക്ക് അത്യുച്ചത്തിലുള്ള പ്രഖ്യാപനം വന്നു.

മഹാരാജാവ് എഴുന്നള്ളുന്നു.

വേദി ഒരു നിമിഷംകൊണ്ട് നിശ്ശബ്ദമായി. സിംഹാസനത്തിനു പിന്നിലെ ചെമ്പട്ടു തിരശ്ശീല ഇരുവശത്തേക്കുമൊതുക്കിപ്പിടിച്ച് ആലവട്ടവും വെഞ്ചാമരവും വീശുന്ന പരിചാരകരുടെ അകമ്പടിയോടെ മഹാരാജാവ് വേദിയിലേക്ക് പ്രവേശിച്ചു. മുകൾനിലയിൽനിന്ന് പുഷ്‌പവൃഷ്ടിയുണ്ടായി. മഹാരാജാവ് അമ്പലത്തിനുള്ളിലേക്കു നോക്കി കൈകൂപ്പി കണ്ണടച്ച് പ്രാർഥനയിൽ മുഴുകി.

ഭഗവദ് കീർത്തനങ്ങളാൽ വേദി മുഖരിതമായി.

പ്രാർഥന കഴിഞ്ഞ് രാജാവ് കണ്ണു തുറന്നു.

പടംചിത്രീകരണം: നാസർ ബഷീർ

‘‘പ്രജകളേ...”

ഭാരമേറിയ ഒരു ശിലാഖണ്ഡം പോലെ മഹാരാജാവിന്റെ ശബ്ദം കാണിക്കൂട്ടത്തിനിടയിലേക്ക് പറന്നുവീണു.

‘‘ഈ മഹാസാമ്രാജ്യത്തിന്റെ അധിപൻ, ഇതാ നിങ്ങളുടെ മുന്നിൽ, നിങ്ങളുടെ സേവകനായി നിൽക്കുന്നു.”

രാജാവ് കൈകൾ രണ്ടും വിടർത്തി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌തു.

വേദിയിലെ ആൾക്കൂട്ടം കയ്യടിച്ചു. അതു കേട്ട് കാണികളുടെ കൂട്ടവും ഉച്ചത്തിൽ ആരവം മുഴക്കി.

‘‘നമ്മുടെ മഹാസാമ്രാജ്യത്തെ ലോകം മുഴുവൻ ഇപ്പോൾ ഭയപ്പെടുകയും ആദരിക്കുകയും ചെയ്യുന്നുണ്ട് എന്ന് നിങ്ങൾക്കുമറിയാമല്ലോ.”

അദ്ദേഹം ഡയലോഗ് നിർത്തി താഴെയുള്ള ജനക്കൂട്ടത്തിലേക്ക് നോക്കി.

അക്കൂട്ടത്തിൽനിന്ന് തലപ്പാവു കെട്ടിയ ഒരു നടൻ മുന്നോട്ടു കയറി രാജാവിനെ വണങ്ങി.

‘‘നീതിമാനും ശക്തനുമായ അങ്ങയുടെ ചെങ്കോലിനു കീഴിൽ ഈ രാജ്യം ഐശ്വര്യപൂർണവും സുരക്ഷിതവുമായിരിക്കുമെന്ന് ഞങ്ങൾ പ്രജകൾക്ക് ഉറപ്പുണ്ടല്ലോ മഹാരാജൻ...”

മഹാരാജാവ് നീണാൾ വാഴട്ടെ എന്ന എല്ലാ നാടകത്തിലുമുള്ള മുദ്രാവാക്യം ജനക്കൂട്ടം ഉച്ചത്തിൽ വിളിച്ചു. മുദ്രാവാക്യം മൂന്നുതവണയായപ്പോൾ രാജാവ് കൈയ്യുയർത്തി തടഞ്ഞു.

അടുത്ത ഡയലോഗ് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രേക്ഷകർക്ക്‌ തോന്നുന്നതിന് നിശ്ശബ്ദതയുടെ ഒരു നിമിഷം.

ശേഷം പിന്നണിയിൽനിന്ന് നേർത്ത സംഗീതം...

‘‘എന്റെ പ്രിയപ്പെട്ട പ്രജകളേ...ഈ സാമ്രാജ്യവും ഐശ്വര്യവുമൊന്നും നമ്മുടേതു മാത്രമല്ലല്ലോ...”

പിന്നണിയിൽ പുല്ലാങ്കുഴലും മൃദംഗവും സൃഷ്ടിക്കുന്ന സിംഫണി.

‘‘എല്ലാം അവിടുത്തെ അനുഗ്രഹം...”

രാജാവ് ഒരിക്കൽക്കൂടി ഭഗവാനെ തൊഴുതു.

‘‘ആയതിനാൽ എന്റെ സഹോദരീസഹോദരൻമാരേ... ഇനിമേൽ നമ്മുടെ സാമ്രാജ്യത്തിന്റെ ചക്രവർത്തിസ്ഥാനം അലങ്കരിക്കുക ദേവദേവനും രാജരാജനുമായ സാക്ഷാൽ ഭഗവാനായിരിക്കും...”

ഉച്ചത്തിൽ ശംഖനാദം...

‘‘ഈ ചെങ്കോൽ ഞാനിതാ ഭഗവാന്റെ തൃപ്പടിമേൽ സമ‍‍ര്‍പ്പിക്കുന്നു.”

മഹാരാജാവ് ചെങ്കോൽ അടുത്തു നിന്ന പുരോഹിതന് കൈമാറി.

‘‘നമ്മുടെ ജീവിതം ഭഗവത്ദാസനായി രാഷ്‌ട്രസേവനം ചെയ്യുന്നതിനായി സമർപ്പിക്കുകയാണ്.”

കുടമണികൾ കൂട്ടത്തോടെ ഝിൽഝിലാരവം മുഴക്കി.

വേദിയിൽ ജനക്കൂട്ടമായി അഭിനയിക്കുന്ന നടൻമാർ ആർപ്പു വിളിച്ചു.

മേൽത്തട്ടിൽനിന്ന് പല വർണപ്പൂക്കൾ താഴേക്ക് വീണുകൊണ്ടിരുന്നു.

പെട്ടെന്നാണ് ഒരു കാട് ഒരുമിച്ചലറുന്നതുപോലെ കാണിക്കൂട്ടത്തിൽനിന്ന് മഹാരാജാവേ എന്ന വിളി ഉയർന്നത്.

വേദിയിലെ എല്ലാ ശബ്ദങ്ങളും നിലച്ചു.

പടംചിത്രീകരണം: നാസർ ബഷീർ

വെളിച്ചം നിയന്ത്രിക്കുന്നയാൾ കാണികൾക്കിടയിലെ വിളക്കുകൾ തെളിച്ചു.

ഒരു ചെറിയ കൂട്ടമായിരുന്നു അത്. ഇതുവരെയും അങ്ങനെയൊരു കൂട്ടരെ രാജാവോ പരിവാരങ്ങളോ ശ്രദ്ധിച്ചിട്ടില്ല. കാണികൾക്കിടയിൽ ആരെല്ലാമാണുള്ളതെന്ന് അല്ലെങ്കിലും ആരാണ് നോക്കാറുള്ളത്...

‘‘ഭഗവാനെ വിചാരണ ചെയ്യണം രാജാവേ...”

ചുറ്റും നിറഞ്ഞ വെളിച്ചത്തിനു നടുവിൽനിന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു.

‘‘ദേശത്തിന്റെ ചക്രവർത്തി നീതിമാനാണെന്ന് പ്രജകൾക്ക് ബോധ്യപ്പെടേണ്ടതുണ്ട് രാജൻ.”

‘‘ചക്രവർത്തി നീതിമാനല്ലെന്നോ...?”

കാണികളുടെ വലിയ കൂട്ടം രണ്ടായി പിരിഞ്ഞു.

‘‘ഭഗവാൻ നീതിമാനാണോ എന്ന് വിചാരണ ചെയ്‌ത്‌ തീരുമാനിക്കണം.”

വെളിച്ചവൃത്തത്തിന് പുറത്തു നിൽക്കുന്ന വലിയ സംഘത്തോട് അവർ ആവർത്തിച്ചു...

അവർ സാവധാനം വേദിയുടെ നേരെ മുന്നേറുകയായിരുന്നു. അവരോടൊപ്പം വെളിച്ചവും അവർക്കു ചുറ്റും ഒരു വലിയ വട്ടമായി മറ്റു കാണികളുടെ കൂട്ടവും സഞ്ചരിച്ചു.

‘‘നിൽക്കൂ... നിൽക്കൂ...”

സൂത്രധാരൻ വിളിച്ചു പറഞ്ഞു.

‘‘നാടകം വേദിയിലും കാണികൾ വേദിക്കുപുറത്തും നിൽക്കേണ്ടവരാണ്. അതാണ് നാടകത്തിന്റെ പാരമ്പര്യം. പാരമ്പര്യം ലംഘിക്കരുത്.”

വേദിക്കു തൊട്ടടുത്തെത്തിയ സംഘത്തെ പ്രതിരോധിക്കാൻ സൂത്രധാരൻ മുന്നോട്ടു നീങ്ങി നിന്നു.

‘‘ചക്രവർത്തിയെ വിചാരണ ചെയ്യാതെ ഈ നാടകം പൂർത്തിയാക്കാൻ നിങ്ങൾക്കു സാധിക്കില്ല രാജാവേ.”

‘‘പണ്ടീ ചക്രവർത്തി യുവരാജാവായിരുന്ന കാലത്ത് നാട്ടിൽ നിന്നു ഭ്രഷ്ടനാക്കി കാട്ടിലയച്ച കാലം യുവരാജാവിനെ കണ്ടു മോഹിച്ചൊരു ഗോത്ര രാജകുമാരിയോട് ചെയ്‌ത അതിക്രമത്തിന് ചക്രവർത്തി വിചാരണ നേരിടേണ്ടേ മഹാരാജൻ? അക്കാലത്ത് ചെയ്‌തതാണെങ്കിലും അനീതി അനീതി തന്നെയാണെന്നും എന്നായാലും നീതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും അങ്ങു തന്നെയല്ലേ രാജാവേ ഞങ്ങളോട് പറഞ്ഞത്?”

സൂത്രധാരനും രാജാവും പുരോഹിതന്മാരും മാത്രമല്ല ചുറ്റും കൂടിയ കാണികളും നിശ്ശബ്ദരായി.

‘‘കുലവും ഗോത്രവും നോക്കാതെ ഇഷ്ടപുരുഷനോട് തന്റെ കാമിതം വെളിപ്പെടുത്തിയ രാജകുമാരിയോട് യുവരാജാവ് ചെയ്‌തതിനെ ന്യായീകരിക്കാൻ ഏതു നീതിശാസ്‌ത്രമാണു രാജാവേ നിങ്ങളെ തുണയ്‌ക്കുക?”

‘‘അതു കൊള്ളാം...” സൂത്രധാരൻ കൈയടിച്ച് ഉറക്കെച്ചിരിച്ചു.

‘‘നാടകത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ഉണ്ടാകുന്നത് നല്ലതാണ്.”

‘‘പക്ഷേ...” അയാൾ വേദിയിലൂടെ ഒരു വൃത്തം നടന്ന്, ഇരുട്ടിലൂടെ കടന്ന് വീണ്ടും വെളിച്ചത്തിലേക്ക് നീങ്ങി നിന്നു.

‘‘ഏതോ ഒരു രാക്ഷസരാജകുമാരിയുടെ മൂക്കും മുലയും ഛേദിച്ചതിന് യുവരാജാവിനെ വിചാരണ ചെയ്യുകയോ? കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ പറഞ്ഞ് നല്ലൊരു നാടകത്തെ നശിപ്പിക്കരുത് എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്.”

‘‘ഈ ദേശത്തിന്റെ ചക്രവർത്തി എല്ലാ പൗരൻമാരേയും തുല്യരായി കാണുന്നവനായിരിക്കണ്ടേ മഹാരാജൻ?”

‘‘സ്‌ത്രീകളോടും ദുർബലരോടും ദയയില്ലാത്ത ഒരാളെങ്ങനെ ചക്രവർത്തിയാകും... നാടകമായാലും അതിലും വേണ്ടേ രാജാവേ ന്യായവും നീതിയും. അതല്ലേ നമ്മുടെ ദേശത്തിന്റെ പാരമ്പര്യം?”

ഇപ്പോൾ ഭഗവാനെ വിചാരണ ചെയ്യണം എന്നാവശ്യപ്പെടുന്നവരുടെ ചേരിയിലേക്ക് കൂടുതൽ കാണികൾ വന്നുചേർന്നു.


ഭഗവാന് ബാല്യത്തിലേ വനവാസികളോട് പകയുണ്ടായിരുന്നു.

പുതുതായി വന്നവരിലാരോ വിളിച്ചു പറഞ്ഞു.

ഭഗവാൻ കുമാരനായിരുന്നപ്പോൾ മുനിമാരോടൊപ്പം കാട്ടിൽ പോയതും വനവാസികളെ കൊന്നൊടുക്കിയതും നിങ്ങൾ നാടകത്തിൽ കാണിച്ചില്ലേ?

അന്നതൊക്കെ രാജകുമാരന്റെ ധീരതയായി വാഴ്‌ത്തുകയല്ലേ നിങ്ങൾ ചെയ്‌തത്?

ചോദ്യങ്ങൾ എവിടുന്നൊക്കെയോ വന്നുകൊണ്ടിരുന്നു.

ആയതിനാൽ...

എല്ലാ ശബ്ദങ്ങളുടേയും മേലേക്ക് രണ്ടു കൈയുമുയർത്തി ഒരു നിശ്ശബ്ദതയെ വലിച്ചിട്ടു കൂട്ടത്തിന്റെ മുന്നിൽ നിന്ന കറുത്ത അതികായനായ മനുഷ്യൻ...

‘‘ആയതിനാൽ അന്നു ചെയ്യാതെ പോയത് ഇന്നു ചെയ്യണം. ചക്രവർത്തിയെ വിചാരണ ചെയ്യണം. ഈ നാടകത്തിന്റെ അവസാന രംഗം അങ്ങനെയാവട്ടെ സൂത്രധാരാ...”

സൂത്രധാരൻ നിസ്സഹായനായി രാജാവിനെ നോക്കി.

രാജാപ്പാർട്ട് കെട്ടിയ നടൻ നാടകീയ ചലനങ്ങളോടെ വേദിയുടെ മുന്നിലേക്ക് നീങ്ങി നിന്നു.

ആൾക്കൂട്ടവേഷക്കാർ മഹാരാജാവിന് ജയ് വിളിച്ചു. സൂത്രധാരൻ കൈയുയർത്തി അവരെ തടഞ്ഞു.

വേദിയിലേയും സദസ്സിലേയും എല്ലാ വിളക്കുകളും തെളിഞ്ഞു. കാണികളുടെ കൂട്ടം വേദിക്കു മുന്നിൽ അനന്തമായി പരന്നു കിടന്നു.

‘‘അങ്ങനെ പറ്റില്ലല്ലോ കാണികളേ...”

രാജാവ് തന്റെ സ്‌ത്രൈണത കലർന്ന ചിലമ്പിയ സ്വരത്തിൽ പറഞ്ഞു.

‘‘ഈ നാടകത്തിന്റെ അവസാന രംഗമെന്തായിരിക്കണമെന്ന് നാടകം തുടങ്ങുന്നതിനു മുമ്പേ നിശ്ചയിച്ചതാണ്. അതിനി മാറ്റി എഴുതുക സാധ്യമല്ലല്ലോ...”

‘‘ഓരോ ദേശത്തും കാലത്തും നാടകത്തിലേക്ക് കൂട്ടിച്ചേർത്തതൊക്കെയും ഈ രംഗത്തിലേക്കെത്താനുള്ള നാടക ശകലങ്ങളായിരുന്നല്ലോ.”

സൂത്രധാരൻ രാജാവ് പറഞ്ഞതിന്റെ ബാക്കി പറഞ്ഞു...

‘‘എന്തായാലും ഇതൊരു നാടകം മാത്രമല്ലേ...”

അയാൾ കാണികളുടെ നേതാവിനെ നോക്കി.

‘‘വൈദ്യരേ...” ഗൗതമൻ മന്ത്രവാദിയെ തോണ്ടി.

‘‘എന്റെ കുഞ്ഞിന്റെ പനിക്കുള്ള മന്ത്രച്ചരട്‌ വേഗം തരണം...”

‘‘എന്റെ പശുക്കളില്ലാതെ ഞാനെങ്ങനെ വീട്ടിൽ പോകും...” ഗോപാലപിള്ള ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു.

‘‘ചക്രവർത്തിയെ വിചാരണ ചെയ്യാതെ എങ്ങനെ നാടകം പൂർത്തിയാകാനാണ്...?”

നീണ്ട താടിയും ജടപിടിച്ച മുടിയുമുള്ള അയാൾ കാണികളുടെ പെരുങ്കൂട്ടത്തെ ഒരിക്കൽക്കൂടി പ്രദക്ഷിണം ചെയ്‌തു വന്നു.

‘‘നാടകം പൂർത്തിയാകാതെ നിങ്ങളൊക്കെ എങ്ങനെ മടങ്ങിപ്പോകാനാണ്...”

അയാൾ ചിരിച്ചു...

പിന്നെ കൈയുയർത്തി ഉറക്കെ വിളിച്ചു പറഞ്ഞു.

‘‘ചക്രവർത്തിയെ വിചാരണ ചെയ്യുക...”

കാണിക്കൂട്ടം അതേറ്റു വിളിച്ചു...

ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ നാടകം കുടുങ്ങിക്കിടന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home