Deshabhimani

തായ്‌വാനിൽ ചാമ്പി ചുഴലിക്കാറ്റ്‌: ഒരു മരണം, 350 പേർക്ക് പരിക്ക്; 250 വിമാന സർവീസുകൾ റദ്ദാക്കി

champi typhoon

photo credit: AFP, VIDEO SCREENSHOT

വെബ് ഡെസ്ക്

Published on Oct 24, 2026, 02:23 PM | 1 min read

തായ്‌പേയ്: തായ്‌വാനിൽ ചാമ്പി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരു മരണം. 350 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെവരെ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. തായ്‌വാനിൽ ചുഴലിക്കാറ്റ് നേരിട്ട് കരതൊട്ടില്ലെങ്കിലും ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ചു. തെക്കൻ പിങ്‌തുങ് കൗണ്ടിയിൽ ശക്തമായ തിരമാലയിൽപ്പെട്ട് ഒഴുകിപ്പോയ യുവാവാണ് മരിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് 2.8 ലക്ഷം വീടുകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങളും കെട്ടിടങ്ങളും തകർന്നു. തായ്‌പേയിലെ കോളേജ് ഹോസ്റ്റലിന്റെ മേൽക്കൂരയ്ക്കും നാശനഷ്ടമുണ്ടായി. ശനിയാഴ്ച 259 വിമാന സർവീസുകൾ റദ്ദാക്കിയതായി തായ്വാൻ ​ഗതാ​ഗത മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച 1000 വിമാനങ്ങളാണ് റദ്ദാക്കിയത്.


ശനിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ അധികൃതർ അറിയിച്ചു. വൈകിട്ടോടെ കരപ്രദേശങ്ങൾക്കുള്ള ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിക്കുമെന്നും ജപ്പാനിലേക്ക് നീങ്ങുന്നതിനിടെ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമാകുമെന്നും അധികൃതർ വ്യക്തമാക്കി.


ചാമ്പി ചുഴലിക്കാറ്റിനെ തുടർന്ന് കിഴക്കൻ ചൈനയിലും മഴയും കാറ്റും ശക്തമായി. ഷാങ്ഹായിൽ 62,400 പേരെ മാറ്റിപ്പാർപ്പിച്ചു. തീരപ്രദേശങ്ങളിൽ അധികൃതർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച ശക്തമായ മഴയും കാറ്റും ഞായറാഴ്ചവരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഷാങ്ഹായിലെ കിഴക്കൻ, തെക്കൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴയ്ക്ക് സാധ്യത. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home