Deshabhimani

വിജിലൻസിൽ ഇനി എല്ലാം രഹസ്യം; വിവരാവകാശം ബാധകമല്ലെന്ന് സർക്കാർ

V D Satheesan Vigilance

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Oct 23, 2026, 10:36 AM | 1 min read

തിരുവനന്തപുരം: വിവരാവകാശ നിയമത്തെ അട്ടിമറിച്ച് യുഡിഎഫ് സർക്കാർ. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിലെ ടി സെക്ഷനെ വിവാരവകാശനിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി വിജ്ഞാപനമിറക്കി. രാഷ്ട്രീയനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന കേസുകളിലെ നിർണായക വിവരങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാ​ഗമാണ് വിജിലൻസിലെ ടി സെക്ഷൻ. പുതിയ ഉത്തരവിറങ്ങിയതോടെ ഈ വിവരങ്ങളൊന്നും തന്നെ ഇനി പൊതുജനങ്ങൾക്ക് ലഭ്യമാകില്ല.


ടി 1, ടി 2 എന്നീ സെക്ഷനുകളാണ് ഉന്നത വ്യക്തികളുടെ ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം തെയ്യുന്നത്. ഏത് ഫയലുകൾ ഈ സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനമെടുക്കാം. സർക്കാരിന് ഒളിച്ചുവെക്കേണ്ട ഫയലുകൾ ഇത്തരത്തിൽ വിവരാവകാശനിയമത്തിന്റെ പരിധിയി‍ൽ വരാതിരിക്കാനാണ് ധൃതിപിടിച്ചുള്ള നീക്കം. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള വിജിലൻസ് റിപ്പോർട്ട് വിവരാവകാശ രേഖകളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിജ്ഞാപനം എന്നതും ശ്രദ്ധേയമാണ്.


ഉന്നതരുടെ അഴിമതിക്കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിച്ചിരുന്ന സാഹചര്യം ഇല്ലാതാക്കുന്നത് ​ഗൂഢലക്ഷ്യത്തോടെയാണ്.


വിവരാവകാശ നിയമം 2005


ഭരണകൂടത്തിൻറെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി 2005ൽ ഇന്ത്യയിൽ നിലവിൽ വന്ന ചരിത്രപരമായ ഒരു നിയമമാണ് വിവരവകാശ നിയമം (ആർടിഐ). ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടൽ നിയമം വന്നതിന് പിന്നിലുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ പക്കലുള്ള പൊതുവിവരങ്ങൾ അറിയാൻ ഏതൊരു ഇന്ത്യൻ പൗരനും ഈ നിയമം വഴി അവകാശമുണ്ട്. അഴിമതി നിർമാർജനം ചെയ്യുക, ജനങ്ങൾക്ക് ഭരണകാര്യങ്ങളിൽ പങ്കാളിത്തം നൽകുക, ജനാധിപത്യം കൂടുതൽ ശക്തമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. സുരക്ഷ, പ്രതിരോധം തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ള ചില മേഖലകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, സാധാരണയായി അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം അധികാരികൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ ബാധ്യസ്ഥരാണ്. പൗരന്മാരെ ശാക്തീകരിക്കുന്നതിൽ ഈ നിയമം വലിയൊരു പങ്കുവഹിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home