ad
Deshabhimani

അഞ്ചുവിളക്ക്

ഇന്നും പ്രസക്തമാകുന്ന 
സ്‌മാരകം

പാലക്കാട് കോട്ടമെെതാനത്തിന് സമീപത്തെ അഞ്ചുവിളക്ക് സ‍്മാരകം
വെബ് ഡെസ്ക്

Published on Jun 13, 2026, 02:00 AM | 1 min read

റഹനാസ്‌ മടിക്കൈ

പാലക്കാട്

ജെൻസി തലമുറയിലെ വിദ്യാര്‍ഥികളുടെ സമരങ്ങൾക്കുവരെ സാക്ഷിയാണ് പാലക്കാട്ടെ അഞ്ചുവിളക്ക്. നഗരസഭാ ആസ്ഥാനത്തിന് സമീപം റോഡിനുനടുവിലെ ഈ വിളക്ക് വെറുമൊരു കൗതുകക്കാഴ്ചയല്ല. പോരാട്ടങ്ങളുടെ സാക്ഷിയാകുന്ന ഈ വിളക്കിന് പറയാൻ ആത്മാഭിമാനത്തിന്റെ പ്രതീകമായൊരു ചരിത്രംകൂടിയുണ്ട്. രത്നവേലു ചെട്ടിയാരെന്ന സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സ്മാരകമാണിത്‌. ഇംഗ്ലണ്ടിൽനിന്ന് ബാർ അറ്റ്‌ ലോ ജേതാവായ സംയുക്ത മദ്രാസ് സംസ്ഥാനത്തെ ആദ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരനായ മലബാർ കലക്ടർ പാലക്കാട്ടെത്തിയപ്പോൾ വെള്ളക്കാരായ ഉദ്യോഗസ്ഥർ നിറഞ്ഞിരിക്കുന്ന വേദിയിൽ ചെട്ടിയാർ കലക്ടർക്ക് ഹസ്തദാനം നൽകി. ദളിതനായ ഉദ്യോഗസ്ഥൻ കൈകൊടുത്തതിൽ അമർഷംപൂണ്ട വെള്ളക്കാരൻ എല്ലാവരും നോക്കിനിൽക്കെ തന്റെ കൈകഴുകി. ഇതിൽ മനംനൊന്ത ചെട്ടിയാർ നഗരസഭാ ഓഫീസിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണകാരണമായി മറ്റൊരു കഥയുമുണ്ട്‌. ബ്രിട്ടീഷുകാർക്കുവേണ്ടിയുള്ള മലബാർ ക്ലബ്ബിൽ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥനായിട്ടുപോലും തന്നെ ക്ലബ്ബിൽ കയറ്റാതെ വംശീയ അധിക്ഷേപം നടത്തിയതിൽ പ്രതിഷേധിച്ച് അദ്ദേഹം സ്വയം വെടി ഉതിർക്കുകയായിരുന്നെന്നും പറയപ്പെടുന്നു. 1866 ജൂലൈ ഒന്നിന് പാലക്കാട് നഗരസഭാ നിലവിൽവന്നതുമുതൽ 26 വർഷം സഭാധ്യക്ഷന്മാർ വിദേശികളായിരുന്നു. 1892ൽ റാവു ബഹാദൂർ ചിന്നസ്വാമി പിള്ള അധികാരമേറ്റപ്പോഴാണ് ഈ കസേരയിൽ സ്വദേശിയായത്. ബ്രിട്ടീഷ് സർക്കാരാണ് ഇദ്ദേഹത്തെ നിയമിച്ചത്. നാട്ടുകാരിൽനിന്ന് പണം പിരിച്ച് രത്നവേലു ചെട്ടിയാർക്ക് സ്മാരകമായി അഞ്ചുവിളക്ക് സ്ഥാപിച്ചത് ചിന്നസ്വാമി പിള്ളയാണ്. വിളക്കെടുത്തു മാറ്റണമെന്ന് ബ്രിട്ടീഷുകാരനായ കലക്ടർ ഉത്തരവിട്ടെങ്കിലും നാട്ടുകാരുടെ പ്രക്ഷോഭം കാരണം നടപ്പായില്ല. ആത്മാഭിമാനത്തിന്റെ പ്രതീകമായി മണ്ണെണ്ണ വിളക്കിന്റെ പ്രഭയിൽ ജ്വലിച്ചുനിന്ന മണ്ഡപം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി. മണ്ഡപം അവർ പൂർണമായും നശിപ്പിച്ചു. ജനവികാരം തിരിച്ചറിഞ്ഞ മദ്രാസ് ഗവർണർ ജോർജ് സ്റ്റാൻലി ഗ്രേറ്റ് പിൽക്കാലത്ത് അഞ്ചു തലയുള്ള വിളക്ക് യാഥാർഥ്യമാക്കി. അതേസമയം രത്നവേലു ചെട്ടിയാരെ അനുസ്മരിക്കാൻ മറ്റൊന്നും അവശേഷിക്കുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home