മഹാരാഷ്ട്രയിൽ കാമുകനെ കൊന്ന് ഫ്ലാറ്റിൽ ഉപേക്ഷിച്ച് ദമ്പതികൾ ഒളിവിൽ പോയി

പ്രതീകാത്മക ചിത്രം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ വാടക ഫ്ലാറ്റിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. താനെയിലെ ഡോംബിവ്‌ലി മൻപാദ പ്രദേശത്തെ ഫ്ലാറ്റിൽ നിന്ന് ഏകദേശം 40 വയസ്സ് പ്രായമുള്ള പുരുഷന്റെ അഴുകിയ നിലയിലുള്ള മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ദമ്പതികൾക്കായി വിവിധ സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ നാല് ദിവസമായി ഫ്ലാറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഫ്ലാറ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ ഉടൻ തന്നെ വാടകക്കാരെ ബന്ധപ്പെടാൻ ശ്രമിച്ചു.
ഇതിന് മറുപടിയായി പ്രതിയായ യുവതി ഫ്ലാറ്റ് ഉടമയ്ക്ക് ഒരു വോയ്‌സ്‌മെയിൽ അയക്കുകയായിരുന്നു. കാമുകൻ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായും, അതിനാൽ ഭർത്താവുമായി ചേർന്ന് അയാളെ കൊലപ്പെടുത്തിയതായും യുവതി സന്ദേശത്തിൽ സമ്മതിച്ചതായി സീനിയർ പൊലീസ് ഇൻസ്പെക്ടർ സന്ദീപ് ഷിൻഡെ അറിയിച്ചു.
ഈ വിവരത്തെത്തുടർന്ന് ഉടമ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യം വൈകിപ്പിക്കാനും മൃതദേഹത്തിൽ നിന്നുള്ള ഗന്ധം കുറയ്ക്കാനും പ്രതികൾ ബാത്ത്റൂമിലെ ടാപ്പ് തുറന്നിട്ടാണ് സ്ഥലം വിട്ടതെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദമ്പതികൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 103 പ്രകാരം മൻപാദ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.










0 comments