പ്രായമുള്ള കർഷകർക്കും സ്‌മാർട്ട് -േഫാൺ ഇല്ലാത്തവർക്കും പ്രതിസന്ധി
വളത്തിന് വലഞ്ഞ് കർഷകർ


സ്വന്തം ലേഖകൻ
Published on Jul 08, 2026, 01:27 AM | 2 min read
പാലക്കാട്
സബ്സിഡി രാസവളത്തിന് ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (എഫ്‌എഫ്‌എസ്) ആപ് നിർബന്ധമാക്കിയ സർക്കാർ നടപടിയിൽ വലഞ്ഞ് കർഷകർ. ജൂൺ 30 മുതലാണ് കൃഷിഭൂമിയും വിളയും അടിസ്ഥാനമാക്കിയുള്ള വളംവിതരണം ജില്ലയിൽ ആരംഭിച്ചത്. ജില്ലയിലെ കർഷകരിൽ ഭൂരിപക്ഷവും എഴുപത് വയസ്സിന് മുകളിലുള്ളവരാണ്. ഇവരിൽ മിക്കവരും സ്‌മാർട്ട് ഫോൺ ഉപയോഗിക്കാത്തവരുമാണ്. ഇതാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്. വളം ലഭിക്കാനായി എഫ്‌എഫ്‌എസ് ആപ്പിൽ കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രി സ്റ്റാക്ക്), ആധാർ നന്പർ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. ഭൂമി എന്തിനൊക്കെ ഉപയോഗപ്പെടുത്തുന്നു എന്ന വിവരം ശേഖരിക്കുന്ന അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ ഭൂരിഭാഗം കർഷകർക്കും പൂർത്തിയാക്കാനായിട്ടില്ല. ആധാർ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നവർക്ക് ഭൂരേഖയുമായി ബന്ധിപ്പിക്കാത്താണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്. മറ്റൊരു പ്രശ്‌നം ആപ്പിൽനിന്ന് ലഭിക്കുന്ന ക്യൂആർ കോഡ് ഉപയോഗിച്ച് മൂന്നുദിവസത്തിനകം വളം വാങ്ങണമെന്ന വ്യവസ്ഥയാണ്. വാങ്ങാൻ പോകുന്ന വ്യക്തിയുടെ ആധാർ വിവരം ആപ്പിൽ നൽകണം.സ്‌മാർട്ട് ഫോൺ ഇല്ലാത്ത കർഷകരാണ് ഇതിൽ വലയുന്നത്. ക്യൂആർ നന്പർ മതിയെങ്കിലും അത് രേഖപ്പെടുത്താനുള്ള ബുദ്ധിമുട്ട് കാരണം ഡീലർമാർ പ്രോത്സാഹിപ്പിക്കുന്നില്ല. ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തശേഷം പിഒഎസ് മെഷീനിൽ വിരലടയാളവും ഉറപ്പിക്കായശേഷമാണ് വളം കിട്ടുക. നെല്ല് വിളയായി ആപ്പിൽ തെരഞ്ഞെടുത്താൽ ഇടവിളയ്‌ക്ക് വളം ലഭിക്കില്ല. മറ്റ് കൃഷിക്ക് നിലവിൽ ഇൗ പ്രശ്‌നമില്ല. ഭൂരേഖകളിലെ അപാകം, കൂട്ടവകാശമുള്ള ഭൂമികൾ, കൈവശഭൂമിയും റവന്യു രേഖകളും തമ്മിലുള്ള പൊരുത്തക്കേട്, പാട്ടക്കൃഷി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മുണ്ടൂരിലെ ഒരു ഏജൻസിയിൽനിന്ന് ഇൗ ആഴ്‌ച ആകെ അഞ്ച് ചാക്ക് വളം മാത്രമാണ് വിൽക്കാനായത്. ബുദ്ധിമുട്ട് നേരിടുന്ന കർഷകർ കൃഷി ഓഫീസുമായി ബന്ധപ്പെടണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആപ് ഇങ്ങനെ എഫ്‌എഫ്‌എസ് ആപ്പിൽ ലോഗിൻ ചെയ്‌ത് വിള തെരഞ്ഞെടുക്കണം. ഭൂവിവരം നൽകിയാൽ കാർഷിക സർവകലാശാല തയ്യാറാക്കിയ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള വളത്തിന്റെ അളവ് കാണിക്കും. അതിലുള്ള അളവോ, അതിൽ കുറവോ തെരഞ്ഞെടുക്കാം. കൂടുതൽ പറ്റില്ല. ശേഷം സമീപത്തെ ഡീലർമാരുടെ വിവരങ്ങൾ ലഭിക്കും. സ്‌റ്റോക്ക് അനുസരിച്ചാണ് ഡീലർമാരുടെ വിവരം ആപ്പിലുണ്ടാകുക. തുടർന്ന് വാങ്ങാൻ പോകുന്ന വ്യക്തിയുടെ ആധാർ വിവരം നൽകണം. മറ്റൊരാളെയാണ് നിയോഗിക്കുന്നതെങ്കിൽ അയാളുടെ ആധാർ വിവരമാണ് രേഖപ്പെടുത്തേണ്ടത്. ക്യൂആർ കോഡ് ലഭിച്ചാൽ ഡിപ്പോയിൽ പോയി വളം വാങ്ങാം.
രാസവള ലഭ്യത തടയുന്ന പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ ഇടപെടണം: കർഷകസംഘം
പാലക്കാട്
കർഷകർക്ക് ആവശ്യത്തിനുള്ള രാസവളലഭ്യത തടയുന്ന കേന്ദ്രസർക്കാരിന്റെ ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ (എഫ്എഫ്എസ്) പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകരെ ദോഷകരമായി ബാധിക്കുന്ന പദ്ധതി തമിഴ്‌നാട്ടിൽ സർക്കാർ ആവശ്യപ്പെട്ടതോടെ ഉപേക്ഷിച്ചു. അതുപോലെ കേരളത്തിലും ഉപേക്ഷിക്കുന്നതിന് സർക്കാർ ഇടപെടണം. എഫ്എഫ്എസ് ആപ്പ് ഡൗൺലോഡ് ചെയ്‌ത രജിസ്‌റ്റർ ചെയ്‌ത് ലഭിക്കുന്ന ക്യൂആർ കോഡ് വളം വിൽക്കുന്ന കടകളിലെ പിഒഎസ് മെഷീനിൽ സ്‌കാൻ ചെയ്യുമ്പോൾ കൃഷിഭൂമിയുടെ വിസ്‌തീർണത്തിന്റെ അടിസ്ഥനത്തിൽ ശുപാർശ ചെയ്‌തിരിക്കുന്ന ഒരേക്കർ നെൽകൃഷിക്ക് ഒരു സീസണിൽ 165 കിലോ വളം മാത്രമേ ലഭ്യമാകൂ. ഏറ്റവും പുതിയ കരം അടച്ചരസീതും ആധാർകാർഡും വേണം ആപ്പിൽ രജിസ്ട്രേഷന്. ഇങ്ങനെ രജിസ്‌റ്റർ ചെയ്യുമ്പോൾ നിലമുടമയുടെ നമ്പറിലേക്കാണ് ഒടിപി എത്തുക. പലപ്പോഴും ദൂര സ്ഥലങ്ങളിലോ വിദേശത്തോ ജോലിചെയ്യുന്ന ആളുകൾക്ക് രജിസ്‌റ്റർ ചെയ്യാൻ സാധിക്കാതെ വരും. ഇത് കർഷകരെ ആകെ ദുരിതത്തിലാക്കും. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ പൈലറ്റ് പദ്ധതിയായാണ് എഫ്‌എഫ്‌എസ് നടപ്പാക്കുന്നത്. സബ്സിഡി രാസവളങ്ങളിൽനിന്ന് കർഷകരെ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. രാസവളങ്ങൾക്ക് അമിതമായി വിലകൂട്ടുകയും ആവശ്യത്തിനുള്ള വളം ലഭ്യമാകാതെയും ചെയ്യുന്നത് കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കും. നെൽകൃഷിക്കും നാളികേര കൃഷിക്കും ദോഷകരമായ എഫ്എഫ്എസ് പരിപാടി ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ, സെക്രട്ടറി എം ആർ മുരളി എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments