വിശ്രമ ജീവിതം കൃഷിയിടത്തിൽ

വി ചെന്താമര ചെണ്ടുമല്ലിത്തോട്ടത്തിൽ
എസ് നന്ദകുമാർ
Published on Sep 30, 2026, 01:10 AM | 1 min read
പുതുശേരി
മൂന്നരപ്പതിറ്റാണ്ട് കാക്കിയണിഞ്ഞ് ക്രമസമാധാനപാലനത്തിന്റെ നെട്ടോട്ടത്തിലായിരുന്ന എലപ്പുള്ളി വേങ്ങോടി മണിയേരിക്കളം സ്വദേശി വി ചെന്താമരയ്‌ക്ക് (70) വിശ്രമജീവിതം മണ്ണിലെ വിപ്ലവമാണ്. പൊലീസിൽനിന്ന് എഎസ്‌ഐയായി വിരമിച്ചശേഷം വിശ്രമജീവിതത്തിന്റെ ശൂന്യതയിലേക്ക് പച്ചപ്പ് പടർത്തി കൃഷിയിൽ പൊന്നുവിളയിക്കുകയാണ് ചെന്താമര. അഞ്ചേക്കറിൽ പച്ചപ്പണിഞ്ഞ നെൽപ്പാടവും രണ്ടേക്കറിൽ പച്ചക്കറി കൃഷിയും തെങ്ങും വാഴയും കവുങ്ങുമെല്ലാം നിറഞ്ഞ കൃഷിയിടം ആരെയും വിസ്മയിപ്പിക്കും. ഓണവിപണി ലക്ഷ്യമിട്ട് ഒന്നരയേക്കറിൽ നടത്തിയ ചെണ്ടുമല്ലിക്കൃഷി നവരാത്രിനാളുകളിലും പൂത്തുലഞ്ഞുനിൽക്കുന്നു. മികച്ച വിളവിനൊപ്പം ഇത്തവണത്തെ കർഷകദിനത്തിൽ പഞ്ചായത്തിലെ മികച്ച പുഷ്പകർഷകനുള്ള പുരസ്‌കാരവും ചെന്താമരയെ തേടിയെത്തി. 35 വർഷത്തെ സർവീസിനുശേഷം വിരമിച്ചപ്പോൾ വീട്ടുപറമ്പിലെ രണ്ടേക്കർ തരിശുഭൂമിയിൽ കൃഷി തുടങ്ങി. പിന്നാലെ കൂടുതൽ ഭൂമിയിലേക്ക് വ്യാപിപ്പിച്ചു. സർവീസ് കാലത്തെ കൃത്യതയും അച്ചടക്കവുമാണ് കൃഷിയിലും പിന്തുടരുന്നത്. പുലർച്ചെ അഞ്ചിന് കൃഷിയിടത്തെത്തും. രാസവളങ്ങൾ ഒഴിവാക്കി ചാണകവും ചകിരിച്ചോറും ജീവാണുവളങ്ങളും ഉപയോഗിച്ചാണ് പരിപാലനം. വെർട്ടിക്കൽ ഗാർഡൻ, നേന്ത്രവാഴ, വിവിധയിനം ഫലവർഗങ്ങൾ, ആട്, പശു, താറാവ് എന്നിവയെല്ലാം ചേർന്ന സമ്മിശ്രകൃഷിയാണ് ചെന്താമര ചെയ്യുന്നത്. ഇപ്പോൾ നിലക്കടല കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്. എലപ്പുള്ളി മണിയേരി ക്ഷീരസംഘം ഡയറക്‌ടർ, ഹരിതവനി കൃഷിക്കൂട്ടം പ്രസിഡന്റ്, നാളികേര ഉൽപ്പാദകസംഘം പ്രസിഡന്റ്, കൃഷിദർശൻ ഫാർമേഴ്‌സ് ക്ലബ് ഡയറക്‌ടർ, ഓയിസ്‌ക എലപ്പുള്ളി ചാപ്റ്റർ ട്രഷറർ, ജനമൈത്രി പൊലീസ് കസബ സർക്കിൾ കോ–ഓർഡിനേറ്റർ തുടങ്ങി കൃഷിക്കൂട്ടായ്‌മകളിലും സാമൂഹ്യസേവന മേഖലകളിലും സജീവസാന്നിധ്യമാണ്. കൃഷിക്ക് പിന്തുണയുമായി എലപ്പുള്ളി കൃഷി ഓഫീസർ ബി എസ് വിനോദ്കുമാറും എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുമുണ്ട്. ഭാര്യ ആർ ശൈലജയും മക്കളും മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബവും കൃഷിയിടത്തിലും കൂട്ടായുണ്ട്.









0 comments