ഒന്നാംവിള നെൽകൃഷി; കാലവർഷം ചതിച്ചു

ചിറപ്പാടം പിലാപ്പിള്ളി പാടശേഖരത്ത് തയ്യാറാക്കിയ ഞാറ്റടി

സ്വന്തം ലേഖകൻ
Published on Jun 18, 2026, 12:10 AM | 1 min read
കുഴൽമന്ദം
കാലവർഷം ചതിച്ചതോടെ ഒന്നാംവിള നെൽകൃഷിയുടെ പണികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാതെ കർഷകർ. ഇടയ്ക്ക് പെയ്യുന്ന മഴയിലും പാടശേഖരങ്ങളിൽ ആവശ്യത്തിന് വെള്ളം നിലനിർത്താൻ സാധിക്കുന്നില്ല. കാലവർഷത്തെ മുഖ്യ ഞാറ്റുവേലകളിലൊന്നായ മകീര്യത്തിലും കാര്യമായ മഴ ലഭിക്കാതെ വന്നതോടെ ഇനിയുള്ള പ്രതീക്ഷ തിരുവാതിരയിലാണ്. മൂപ്പെത്തിയ ഞാറ്റടികൾ യഥാസമയത്ത് പറിച്ചുനടാൻ കഴിയാതെ വന്നാൽ വിളവിനെ ഇത് പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിൽ പൊടിവിത പാളിയതോടെ കർഷകർക്ക് ഞാറ്റടി തയ്യാറാക്കി പറിച്ചുനടേണ്ട സ്ഥിതിയുണ്ടായി. രണ്ടാംവിള നെല്ലിന്റെ വില ലഭിക്കാത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കടം വാങ്ങിയാണ് പലരും ഒന്നാംവിളയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെക്കൂടി കൃഷിപ്പണികൾക്ക് പ്രയോജനപ്പെടുത്താൻ അധികൃതർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.









0 comments