ad
Deshabhimani

തെറ്റായ പ്രചാരണം അവസാനിപ്പിക്കണം: കെജിഎംഒഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2025, 12:00 AM | 1 min read

പാലക്കാട്
ഒന്പതുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നതുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ കെജിഎംഒഎ ആവശ്യപ്പെട്ടു. കുട്ടിയുടെ കൈമുട്ടിന് താഴെയുള്ള രണ്ട് അസ്ഥികൾക്ക് ഒരേസമയം പൊട്ടലുണ്ടായിരുന്നു. ആ അവസ്ഥയിൽ ചെയ്യേണ്ട ക്ലോസ്ഡ് മാനിപുലേറ്റീവ് റിഡക്ഷനിലൂടെ (ചർമം കീറാതെ അസ്ഥികൾ ക്രമപ്പെടുത്തുന്ന രീതി) അസ്ഥികൾ പൂർവസ്ഥിതിയിലാക്കി. സ്ലാബിട്ട്‌ രക്തയോട്ടം ഉറപ്പാക്കി. അടുത്തദിവസം കുട്ടിയെ എല്ലുരോഗ വിദഗ്‌ധൻ പരിശോധിച്ചു. നീരോ വേദനയോ ഇല്ലെന്നും കൈകളിലേക്ക് ശരിയായരീതിയിൽ രക്തയോട്ടം ഉണ്ടെന്നും ഉറപ്പാക്കി തുടർചികിത്സ നൽകി. ഒരാഴ്‌ചയ്‌ക്കുശേഷം വരാനും ആവശ്യപ്പെട്ടു. വേദനയോ നീരോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ ആശുപത്രിയിൽ എത്തണമെന്നും നിർദേശിച്ചു. അഞ്ചുദിവസത്തിനുശേഷം ആശുപത്രിയിലെത്തിച്ച കുട്ടി വളരെ ക്ഷീണിതയും അവശയുമായിരുന്നു. കടുത്ത വേദനയും കൈയിലെ നിറവ്യത്യാസവും കണ്ട ഡോക്ടർ പ്ലാസ്റ്റർ നീക്കി. പരിശോധനയിൽ രണ്ട് രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. രക്തം അലിയിക്കാനുള്ള മരുന്ന്‌ നൽകി. രോഗിയെ കാർഡിയോവാസ്കുലർ സർജറി വിഭാഗത്തിലേക്ക് റഫർ ചെയ്തു. ഇക്കാര്യത്തിൽ ചികിത്സാപ്പിഴവില്ല. അപൂർവമായി സംഭവിക്കാവുന്ന സങ്കീർണതയാണ് ഉണ്ടായിട്ടുള്ളതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ജില്ലാ പ്രസിഡന്റ് ഡോ. പി ജെ മനോജ്, സെക്രട്ടറി ഡോ. വൈശാഖ് ബാലൻ എന്നിവർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home