മാനദണ്ഡം അട്ടിമറിച്ച് കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് നടപടി
എക്‌സൈസിൽ 59 പേരെ സ്ഥലംമാറ്റി

പാലക്കാട്
യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിനുപിന്നാലെ എക്‌സൈസ് വകുപ്പിൽ അനധികൃതസ്ഥലംമാറ്റം. ജില്ലയിൽ എട്ട് വനിതകളെ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റിയത്. മാനദണ്ഡം അട്ടിമറിച്ച് കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് നടപടി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്), പ്രിവന്റീവ് ഓഫീസർ തസ്തികയിൽ 10 പേരെയും സിവിൽ എക്‌സൈസ് ഓഫീസർമാരായ 37 പേരെയും വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ എട്ടുപേരെയും നാല് ഡ്രൈവർമാരെയും മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് ചൊവ്വാഴ്‌ച പുറത്തുവന്നത്. പാലക്കാട് ഡിവിഷനുകീഴിലെ 20 ഫീൽഡ് ഓഫീസുകളിലേക്കും ഒരു മേജർ ചെക്ക്‌പോസ്റ്റിലേക്കും എട്ട് ഇൻസ്റ്റിറ്റ്യൂഷനുകളിലേക്കുമാണ് ഇവരെ മാറ്റി നിയമിച്ചത്. എന്നാൽ, നിലവിൽ ഇവർ പ്രവർത്തിച്ചിരുന്ന സ്ഥാനങ്ങളിൽ പലയിടങ്ങളിലും പകരം ആളെ നിയമിക്കുന്നതായി ഉത്തരവിലില്ല. എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ പട്ടികയിലുണ്ട്. മൂന്നുമാസത്തിനുള്ളിൽ സ്ഥലംമാറ്റം ലഭിച്ചവരും പട്ടികയിലുണ്ട്. എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിമുക്തി പ്രവർത്തനങ്ങളിൽ മികവ് കാണിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എക്‌സൈസ് നടത്തിയ വ്യാപക പരിശോധനയിൽ ഒന്നരമാസത്തിനിടെ 275 പേരാണ് പിടിയിലായത്. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ "വിമുക്തി' മിഷൻ വഴി 2024ൽ മാത്രം ജില്ലയിൽ 5,717 പേരാണ് ചികിത്സ തേടിയത്.










0 comments