Deshabhimani

ആർസി വിവരങ്ങളിലെ പിശക്‌

വാഹന ഉടമകളും വ്യാപാരികളും 
പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 17, 2026, 02:00 AM | 1 min read


പാലക്കാട്‌

വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) വിവരങ്ങളിലെ പിശകുകൾമൂലം ഉടമസ്ഥാവകാശം മാറ്റാനാവാതെ വാഹന ഉടമകളും സെക്കൻഡ് ഹാൻഡ് വാഹന വ്യാപാരികളും പ്രതിസന്ധിയിൽ. പരിവാഹൻ ഓൺലൈൻ സംവിധാനം അപ്‌ഡേറ്റ്‌ ചെയ്‌തതോടെയാണ്‌ പിശകുകൾ വിനയാകുന്നത്‌. വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സമയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി, ഭാരം തുടങ്ങിയ വിവരങ്ങൾ പലപ്പോഴും തെറ്റായി രേഖപ്പെടുത്തിയതാണ് വിനയാകുന്നത്. വിൽപ്പനസമയത്ത്‌ വിവരങ്ങൾ പരിവാഹൻ ഓൺലൈനിൽ അപ്‌ലോഡ്‌ ചെയ്യുമ്പോഴാണ്‌ പ്രതിസന്ധി. ഇതോടെ വാഹനം വാങ്ങിയ സമയത്തെ ഇൻവോയ്‌സ്‌ തേടിപ്പോകേണ്ട അവസ്ഥയിലാണ്‌ ഉടമകളും വ്യാപാരികളും. ജില്ലയിലെ വ്യാപാരികളുടെ കൈയിലുള്ള 4000 വാഹനങ്ങളിൽ 1600 എണ്ണത്തിന്റെ ആർസികളിൽ പിശകുള്ളതായി ഇവർ പറഞ്ഞു. പൊതുജനങ്ങളുടെ കൈയിലുള്ള വാഹനങ്ങളുടെ എണ്ണവും കൂടിച്ചേർന്നാൽ ഇതിലുമേറെ വരും. ചരക്കുവാഹനങ്ങൾ, ലോറി, ബസ്‌ എന്നിവയുടെ ആർസി ബുക്കുകളിലെല്ലാം പിശകുണ്ട്‌. കഴിഞ്ഞ നാല് മാസമായി മോട്ടോർ വാഹന വകുപ്പിലും പരിവാഹൻ ഓൺലൈൻ സംവിധാനത്തിലും തുടരുന്ന പ്രതിസന്ധികൾക്കുപുറമേയാണ് ആർസി വിവരങ്ങളിലെ തെറ്റുകൾ പുതിയ തലവേദനയാകുന്നത്. രേഖകളിലെ തെറ്റുകൾ തിരുത്താനും ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനും കഴിയാതെ നിരവധി പേരാണ്‌ ദുരിതത്തിലായത്‌. ആർസി രേഖകളിലെ തെറ്റുകൾ തിരുത്താനും ഉടമസ്ഥാവകാശ കൈമാറ്റം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനും മോട്ടോർ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home