ad
Deshabhimani

വോട്ടുചൂട് - കോങ്ങാട്

കരുത്ത്‌ കൂട്ടാൻ

കോങ്ങാട് മണ്ഡലം
avatar
അഖില ബാലകൃഷ്‌ണൻ

Published on Mar 26, 2026, 12:20 AM | 1 min read

പാലക്കാട്‌

രാഷ്ട്രീയ കാറ്റിലും കോളിലും കുലുങ്ങാതെ എൽഡിഎഫിനൊപ്പം നിലയുറച്ച മണ്ഡലത്തിൽ ഇക്കുറി പെൺകരുത്തിന്റെ പോരാട്ടമാണ്‌. ജില്ലയിൽ മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാർഥികൾ മത്സരിക്കുന്ന ഏക മണ്ഡലം. അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തി നിലവിലെ എംഎൽഎ കെ ശാന്തകുമാരിതന്നെയാണ് എൽഡിഎഫിനായി കളം നിറയുന്നത്. കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളുടെയും നാടുവാഴിത്തത്തിനെതിരായ സമരങ്ങളുടെയും ചരിത്രം തുടിക്കുന്ന മണ്ണ്‌ ഇക്കുറിയും വികസനത്തിന്‌ വിരലമർത്തുമെന്ന്‌ ഇതുവരെയുള്ള മത്സരചിത്രത്തിൽനിന്ന്‌ വ്യക്തം. 2008ലെ മണ്ഡലം രൂപീകരണം മുതൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ മാത്രമാണ്‌ കോങ്ങാട്‌ വിജയിച്ചിട്ടുള്ളത്‌. നേരത്തെ ശ്രീകൃഷ്ണപുരം മണ്ഡലമായിരുന്നപ്പോഴും എൽഡിഎഫിനായിരുന്നു മുൻതൂക്കം. 2011ൽ കെ വി വിജയദാസ് വിജയിച്ചു. 2016ൽ ഭൂരിപക്ഷം 13,271 ആയി ഉയർത്തി. 2021ൽ കെ ശാന്തകുമാരി 27,219 വോട്ടുകൾക്കാണ്‌ ലീഗിന്റെ യു സി രാമനെ പരാജയപ്പെടുത്തിയത്‌. 1,050 കോടിയുടെ വികസന പ്രവർത്തനങ്ങളാണ്‌ എംഎൽഎയെന്ന നിലയിൽ ശാന്തകുമാരി മണ്ഡലത്തിൽ നടപ്പാക്കിയത്‌. 162 കോടി ചെലവിൽ കാഞ്ഞിരപ്പുഴ ഉദ്യാനം നവീകരണം പുരോഗമിക്കുന്നു. സ്വപ്നപദ്ധതിയായ ടിപ്പുസുൽത്താൻ റോഡ്‌ 60 കോടി ചെലവിട്ട്‌ യാഥാർഥ്യമാക്കി. ജൽജീവൻ മിഷൻ വഴി 400 കോടിയുടെ പ്രവർത്തനം നടപ്പാക്കി. കായിക കേരളത്തിന്‌ വേഗതാരങ്ങളെ സമ്മാനിക്കാൻ പറളി സ്കൂളിൽ 10 കോടി ചെലവിട്ട്‌ സിന്തറ്റിക്‌ ട്രാക്കും നീന്തൽക്കുളവും ഒരുക്കി. ആദിവാസി ജനവിഭാഗങ്ങളുടെ പുനരധിവാസത്തിന്‌ കാഞ്ഞിരപ്പുഴയില്‍ 98 വീടുകള്‍ സ്ഥലമേറ്റെടുത്ത്‌ നിര്‍മാണം പൂർത്തിയാക്കി. വലിയ സ്വീകാര്യതയാണ്‌ ഓരോ കേന്ദ്രങ്ങളിലും ശാന്തകുമാരിക്ക്‌ ലഭിക്കുന്നത്‌. സംവരണ മണ്ഡലം കൂടിയായ കോങ്ങാട്ടിൽ കെപിസിസി ജനറൽ സെക്രട്ടറി കെ എ തുളസിയാണ്‌ യുഡിഎഫ്‌സ്ഥാനാർഥി. വി കെ ശ്രീകണ്ഠൻ എംപിയുടെ ഭാര്യയാണ്‌. പ്രഖ്യാപനത്തിനുമുമ്പുതന്നെ മണ്ഡലത്തിൽ അവർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നാംതവണ നിയമസഭയിലേക്ക്‌ ജനവിധി തേടുന്ന ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home