ad
Deshabhimani

വോട്ട്ചൂട് - തരൂ‍ര്‍ മണ്ഡലം

ഇടറാതെ ഇടതോരം

തരൂര്‍ മണ്ഡലം
avatar
അഖില ബാലകൃഷ്‌ണൻ

Published on Mar 29, 2026, 12:00 AM | 1 min read

പാലക്കാട്‌

മെയ്‌ നാലിന്‌ തെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോൾ തരൂരുകാർക്ക്‌ ഒന്നേ അറിയേണ്ടൂ, ‘എത്രയുണ്ട്‌ ഭൂരിപക്ഷം’‍?. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കോട്ടായിയും എം ഡി രാമനാഥന്റെ ജന്മദേശവും ഉൾപ്പെടുന്ന സാംസ്കാരിക മണ്ഡലത്തിൽ ഒന്നാമതാരെന്ന ചോദ്യത്തിന്‌ സ്ഥാനമില്ല. ഏത്‌ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലം. വികസനത്തുടർച്ചയ്ക്ക്‌ എൽഡിഎഫ്‌ സ്ഥാനാർഥി പി പി സുമോദ്‌ എംഎൽഎ ഇതിനകം മണ്ഡലത്തിൽ കളം നിറഞ്ഞുകഴിഞ്ഞു. പഴയ കുഴൽമന്ദം മണ്ഡലമാണ്‌ ഇന്നത്തെ തരൂർ. 2001 മുതൽ 2016വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച എ കെ ബാലൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്‌ അഞ്ചുവർഷം സുമോദ്‌ നടപ്പാക്കിയത്‌. അഭിമാനപദ്ധതിയായ കണ്ണമ്പ്ര വ്യവസായ പാർക്ക്‌ ഉദാഹരണം. ഇതിനായി കിഫ്‌ബി വഴി 4.70 കോടി രൂപ ചെലവിട്ട്‌ 313 ഏക്കർ ഭൂമി 179 ഉടമകളിൽനിന്ന്‌ ഏറ്റെടുത്തു. കമ്യൂണിറ്റി കോളേജിനും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും സ്വന്തം കെട്ടിടം, തോലനൂരിൽ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എന്നിവ എടുത്തുപറയണം. അരങ്ങാട്ടുകടവ്, തെന്നിലാപുരം, കുരുത്തിക്കോട്, അത്തിപ്പൊറ്റ തുടങ്ങി പാലങ്ങൾക്കായി മാത്രം 56 കോടിയിലേറെ ചെലവിട്ടു. കവി ഒളപ്പമണ്ണ സ്മാരകം 1.20 കോടിയിലാണ്‌ പൂർത്തിയായത്‌. ആരോഗ്യസംരക്ഷണത്തിന്‌ ഹെൽത്തി തരൂർ, കായിക മേഖലയിൽ ഖേലോ തരൂർ, കാർഷികമേഖലയിൽ സമൃദ്ധി, വിദ്യാഭ്യാസ ഉന്നമനത്തിന്‌ മെറിറ്റ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. വികസന വഴികളിൽ നിറപുഞ്ചിരിയോടെയാണ്‌ പ്രിയപ്പെട്ട എംഎൽഎക്ക്‌ നാടിന്റെ വരവേൽപ്പ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കെ എ ഷീബയെ 24,531 വോട്ടിനാണ്‌ സുമോദ്‌ പരാജയപ്പെടുത്തിയത്‌. തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിനായിരുന്നു മേൽക്കൈ. എട്ട്‌ പഞ്ചായത്തുകളിൽ അഞ്ചിലും എൽഡിഎഫ്‌. സംവരണ മണ്ഡലംകൂടിയായ തരൂരിൽ കെജിഒയു സംസ്ഥാന പ്രസിഡന്റായിരുന്ന കെ സി സുബ്രഹ്മണ്യനാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. 2021ൽ കോങ്ങാട്‌ മണ്ഡലത്തിൽ കെ ശാന്തകുമാരിയോട്‌ പരാജയപ്പെട്ട ബിജെപി പാലക്കാട്‌ വെസ്റ്റ്‌ ജില്ലാ ട്രഷറർ എം സുരേഷ്‌ബാബുവാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home