മുട്ടയ്ക്ക് സ്വർണവില


സ്വന്തം ലേഖകൻ
Published on Jul 12, 2026, 12:31 AM | 1 min read
പാലക്കാട്
കോഴിമുട്ട വില എട്ട് രൂപയും കടന്ന് കുതിക്കുന്നു. ചില്ലറവ്യാപരികൾ 8.50 രൂപ വരെയാണ് ഇൗടാക്കുന്നത്. മൊത്തവ്യാപാരികൾ 7.20–7.50 രൂപയ്‌ക്കാണ് വിൽപ്പന നടത്തുന്നത്. ഇതാണ് ചില്ലറ വ്യാപാരികൾ എട്ടര രൂപയ്‌ക്ക് വിൽക്കുന്നത്. വണ്ടിവാടകയും മറ്റ് കണക്കാക്കിയാണ് എട്ടര രൂപവരെ ഇൗടാക്കുന്നത്. കേരളത്തിലേക്ക് മുട്ടയെത്തുന്ന നാമക്കലിൽ ഉൽപ്പാദനം കുറഞ്ഞതും ഉപയോഗം കൂടിയതുമാണ് മുട്ട വില ഉയരാനിടയാക്കിയത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കയറ്റുമതി നിലച്ചപ്പോൾ, നാമക്കലിൽ വൻതോതിൽ മുട്ട കെട്ടിക്കിടന്നു. ഇതോടെ കോഴികളെ ഇറച്ചിവിലയ്‌ക്ക് വിറ്റ് ഉൽപ്പാദനം കുറച്ചു. സംഘർഷം അയഞ്ഞ് കയറ്റുമതി പുനരാരംഭിച്ചതോടെ ആവശ്യത്തിന് മുട്ട കിട്ടാതായി. ഇതോടെയാണ് വിലയും ഉയർന്നത്. ഇന്ധനവില വർധനയും കോഴിത്തീറ്റ വില കുത്തനെ കൂടിയതും വിലവർധനവിന്റെ തോതുകൂട്ടി. തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ സർക്കാർ ആഴ്‌ചയിൽ അഞ്ചുദിവസം കോഴിമുട്ട നൽകുന്നുണ്ട്. ഇത് നേരത്തേ രണ്ടു ദിവസമായിരുന്നു. ഇതും കേരളത്തിലേക്കുള്ള മുട്ട വരവിൽ കുറവുണ്ടാക്കി. ട്രോളിങ് കാലത്ത് മീൻ ലഭ്യത കുറഞ്ഞതും മുട്ടയ്‌ക്ക് ആവശ്യക്കാരെ കൂട്ടിയിട്ടുണ്ട്. നാമക്കലിൽനിന്ന് മൂന്നുകോടിയോളം മുട്ട ദിവസേന കേരളത്തിലെത്തുന്നുവെന്നാണ് കണക്ക്. മൂന്ന് തരം കോഴിമുട്ടയാണ് പ്രധാനമായും വിപണിയിലുള്ളത്. ബുള്ളറ്റ്, നോർമൽ, ഓവർസൈസ്. ഇതിൽ നോർമലാണ് പ്രധാനമായും കേരളത്തിൽ വിൽക്കുന്നത്. ഇതുതന്നെയാണ് കയറ്റുമതി ചെയ്യുന്നതും. ആദ്യത്തെ ആഴ്‌ചകളിൽ ഇടുന്ന വലുപ്പംകുറഞ്ഞ ‘ബുള്ളറ്റ്’ മുട്ടയാണ് വഴിയരികിൽ ചെറിയവിലയ്‌ക്ക് കിട്ടുന്നത്. ഇതിന് 25 മുതൽ 35 ഗ്രാമാണ് തൂക്കമുണ്ടാകുക. നോർമൽ മുട്ടയ്‌ക്ക് 40 മുതൽ 55 ഗ്രാം ഉണ്ടാകും. ഓവർസൈസ് മുട്ട പെട്ടെന്ന് പൊട്ടാൻ സാധ്യത ഉള്ളതിനാലാണ് വ്യാപരികൾ അധികം വിൽപ്പന നടത്താത്തത്.











0 comments