കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രതിഷേധ റാലി
വിദ്യാഭ്യാസം കച്ചവടമാക്കരുത്

പാലക്കാട്
രാജ്യത്ത് വിദ്യാഭ്യാസകച്ചവടത്തിന് നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധറാലി നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ നിരവധി വിദ്യാർഥികൾ അണിനിരന്നു. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ രാജ്യത്ത് നിരവധി കുട്ടികളാണ് ആത്മഹത്യ ചെയ്തത്. സിബിഎസ്‌സി പുനർ മൂല്യനിർണയവും വിദ്യാഭ്യാസ മേഖലയെ ആശങ്കയിലാക്കി. പാവപ്പെട്ട വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാവി വൽക്കരിക്കാനുള്ള ശ്രമം ആർഎസ്‌എസ് തുടരുകയാണ്. വിദ്യാഭ്യാസ മേഖലയിൽ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. ആരോപണ വിധേയനായ കേന്ദ്രമന്ത്രി സിബിഐ അന്വേഷണം നേരിടുമ്പോഴും ചേർത്ത് നിർത്തുന്ന നിലപാടാണ് പ്രധാനമന്ത്രിക്ക്. പ്രതിഷേധ റാലി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്‌ഘാടനം ചെയ്തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറിമാരായ അഫ്‌സൽ, വി നന്ദു, എ മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി വി അഭിഷേക് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണുപ്രിയ നന്ദിയും പറഞ്ഞു.











0 comments