ഓണമായിട്ടും ക്ഷേമപെൻഷനില്ല
വിപണിയിൽ മാന്ദ്യം, ഇടപെടാതെ സർക്കാർ

സ്വന്തം ലേഖകൻ
Published on Aug 15, 2026, 12:42 AM | 1 min read
പാലക്കാട്
തിരുവോണത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ നാട് സാന്പത്തിക മാന്ദ്യത്തിൽ. റേഷൻ കടകൾ വഴി ബിപിഎല്ലുകാർക്ക് വിതരണം ചെയ്‌തിരുന്ന അരിയുടെ വില കിലോയ്‌ക്ക് 10.90ൽനിന്ന് 26.50 രൂപയാക്കി വർധിപ്പിച്ചത് ജനങ്ങൾക്ക് വലിയ തിരിച്ചടിയായി. സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെ പെൻഷൻ ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആഘോഷ ദിവസങ്ങളുടെ രണ്ടാഴ്‌ച മുമ്പെങ്കിലും പെൻഷൻ തുക അനുവദിക്കുമായിരുന്നു. ഒരുമാസത്തെ തുക അഡ്വാൻസായും നൽകിയിരുന്നു. പെൻഷൻ വാങ്ങുന്ന ഒരാൾ വീട്ടിലുണ്ടെങ്കിൽ നാലായിരം രൂപ ലഭിക്കുമായിരുന്നു. മിക്ക വീടുകളിലും ഏതെങ്കിലും ഇനത്തിലുള്ള പെൻഷൻ വാങ്ങുന്ന രണ്ടുപേരെങ്കിലും ഉണ്ടാകും. ഇൗ തുക വിപണയിലിറങ്ങുന്നത് അങ്ങാടികൾക്ക് ഉണർവ് പകരും. എന്നാൽ, യുഡിഎഫ് സർക്കാർ പെൻഷൻ തുക അനുവദിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഓണം പെൻഷന്റെ തീയതികളും ഗഡുക്കളുടെ വിവരങ്ങളും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബാങ്കുവഴിയാണ് വിതരണമെങ്കിൽ ഓണത്തിനുമുമ്പ് എല്ലാവർക്കും കിട്ടണമെന്നില്ല. അരിവില കുതിക്കുന്നു പെട്രോൾ – ഡീസൽ വില അടിക്കടി വർധിപ്പിച്ചതുകാരണം അരിവില കുതിക്കുകയാണ്. അരിയുമായി വരുന്ന ഒരു ട്രക്കിന് നാല് മാസംമുമ്പ് കൊടുത്തതിനേക്കാൾ 10,000 മുതൽ 20,000 രൂപവരെ വാടകയാണ് നിലവിൽ മൊത്തക്കച്ചവടക്കാർ നൽകേണ്ടത്. ഇതിന് അനുസൃതമായി അരിയുടെ വിലയും വർധിച്ചു. റേഷൻ അരിയുടെ വിലവർധിപ്പിച്ചതോടെ ആനുപാതികമായി പൊതുവിപണിയിലെ വിലയും വർധിച്ചു. വിപണിയിൽ ഇടപെട്ട് വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. സപ്ലൈകോ മേളകൾ ഉൾപ്പെടെ തുടങ്ങിയെങ്കിലും ആവശ്യത്തിന് നിത്യോപയോഗ സാധനങ്ങൾ ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പച്ചക്കറി വിലയും കുതിക്കുകയാണ്. രണ്ടാംവിള കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ തുക കിട്ടാതെ വലയുകയാണ് കർഷകർ.










0 comments