പട്ടാമ്പിയിൽ ഇ എം എസ് സ്മൃതി

സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇ എം എസ് സ്മൃതി കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി
സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ ഇ എം എസ് സ്മൃതി സംഘടിപ്പിച്ചു. "കേരളത്തിന്റെ നേട്ടങ്ങളും, ഭാവിയും കമ്യൂണിസ്റ്റുകാരുടെ പങ്ക്’ എന്ന വിഷയത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് വിഷയാവതരണം നടത്തി. സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ടി കെ നാരായണദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സുബൈദ ഇസഹാഖ്, ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ, സംഘാടകസമിതി കൺവീനർ ടി ഗോപാലകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം എ വി സുരേഷ്, രക്തസാക്ഷി പി കെ രാജന്റെ സഹോദരൻ ഡോ. പി കെ ഹരിദാസ് എന്നിവർ സംസാരിച്ചു.
ന്യൂനപക്ഷവും ദളിതരും അരക്ഷിതാവസ്ഥയിൽ: പി രാജീവ്
സമീപകാല ഇന്ത്യയിൽ ന്യൂനപക്ഷവും ദളിതരും അരക്ഷിതാവസ്ഥയിലാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്. സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇ എം എസ് സ്-മൃതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തിനും ദളിതർക്കും ഇടയിൽ ഭയവും അരക്ഷിതാവസ്ഥയും നിലനിൽക്കുന്നു. ഇത് അഭിസംബോധന ചെയ്യുന്നതിൽ കുറവുകളുണ്ടോയെന്ന് പരിശോധിക്കണം. രാജ്യം കുറേക്കൂടി വലതുപക്ഷത്തേക്ക് മാറുന്നത് നമ്മൾ ശ്രദ്ധിക്കണം. വർഗീയ ശക്തികളുടെ ആസൂത്രിതമായ നീക്കം അതിന് പിന്നിലുണ്ട്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഇൗ മാറ്റത്തിന് കാരണമാണ്. വർഗഘടനയിൽവന്ന മാറ്റവും പരിശോധിക്കണം. കേരളത്തിലെ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാതെ പോയ ഭാഗമാണ് പൗരത്വ നിയമം. ഇന്ത്യയിൽ പൗരത്വ നിയമത്തിനെതിരെ ആദ്യമായി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിയമം കൊണ്ടുവന്ന സംസ്ഥാനമാണ് നമ്മുടേത്. പൗരത്വ നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനത്തിനപ്പുറം നിയമപരമായ ഇടപെടൽകൂടിയായിരുന്നു. എന്നാൽ അത് ഗവർണർ ഒപ്പിട്ടില്ല. ഇതൊന്നും സമൂഹത്തിൽ ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments