വന്യമൃഗങ്ങളെ തുരത്താന്‍ അഗ്നി എക്സ്

കെഡിസ്ക് യങ് ഇന്നൊവേറ്റേര്‍സ് പ്രോഗ്രാം 8.0യില്‍ വിജയിച്ച വർക്കല യുകെഎഫ് അഗ്നി റോബോട്ടിക്സ് ടീമംഗങ്ങള്‍
സ്വന്തം ലേഖകന്‍
Published on Jun 14, 2026, 01:09 AM | 1 min read
വർക്കല
വന്യമൃഗ ശല്യമകറ്റാന്‍ വർക്കല യുകെഎഫ് കോളേജിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച അഗ്നി റോബോട്ടിക്സിന് കെഡിസ്കിന്റെ അംഗീകാരം. യുകെഎഫ് ഓഫ് എന്‍ജിനിയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പാണ് അഗ്നി റോബോട്ടിക്സ്. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്ക്) സംഘടിപ്പിച്ച യങ് ഇന്നൊവേറ്റേര്‍സ് പ്രോഗ്രാം 8.0ല്‍ വിജയിച്ചതിനൊപ്പം കേരളത്തിലെ മികച്ച ഇന്നൊവേഷന്‍ ആശയമെന്ന നേട്ടവും സ്വന്തമാക്കി. തൃശൂർ സെന്റ് തോമസ് കോളേജില്‍ നടന്ന സംസ്ഥാനതല ഗ്രാന്‍ഡ് ഫിനാലെയില്‍ 1200 ആശയങ്ങളോട് മത്സരിച്ചാണ് അഗ്നിയുടെ നേട്ടം. ജില്ലാതലത്തില്‍ 25,000 ഗ്രാന്റിനൊപ്പം സംസ്ഥാനതലത്തില്‍ 50,000 രൂപ ഗ്രാന്റും ടീം കരസ്ഥമാക്കി. കൃഷിയിടത്തില്‍ കടന്നുകയറുന്ന ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളെ ഉപദ്രവിക്കാതെ സുരക്ഷിതമായി അകറ്റുന്ന സാങ്കേതികവിദ്യയാണ് അഗ്നി എക്സ്. നിര്‍മിതബുദ്ധി (എഐ), സെന്‍സര്‍ സാങ്കേതികവിദ്യ, റിയല്‍-ടൈം അലര്‍ട്ട് സംവിധാനവും ഇതിലുണ്ട്. വിള സംരക്ഷണം, കാട്ടുതീ കണ്ടെത്തല്‍, അനധികൃത കടന്നുകയറ്റങ്ങള്‍ നിരീക്ഷിക്കല്‍, ചന്ദനക്കടത്തും വന്യജീവിവേട്ടയും തടയല്‍, തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അഗ്നി എക്സ് പ്രയോജനപ്പെടും. വനംവകുപ്പുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനും ക ഴിയും. ഐഇഡിസി നോഡല്‍ ഓഫീസര്‍ പ്രൊഫ. ബി വിഷ്ണു, ഇന്ദു വി നായര്‍, എ എസ് ആതിര എന്നിവരുടെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗം വിദ്യാര്‍ഥികളായ യു ആകാശ് കൃഷ്ണ, ആര്‍ അഭിരാം, ബി അര്‍ജുന്‍, അഫ്സിന്‍ഷ, സൈബര്‍ സെക്യൂരിറ്റി വിഭാഗം വിദ്യാര്‍ഥി എ അക്ഷയ് എന്നിവരാണ് അഗ്നി എക്സിന്റെ നിര്‍മാതാക്കള്‍.









0 comments