സ്‌ത്രീ സുരക്ഷ, കണക്ട് ടു വർക്ക് പദ്ധതികൾ പുനഃസ്ഥാപിക്കുക

ആലത്തൂർ
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്‌ത്രീ സുരക്ഷ, കണക്ട് ടു വർക്ക് പദ്ധതികൾ പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 30 മുതൽ 60വരെ വയസ്സുള്ള സ്‌ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും അവരുടെ അധ്വാനത്തിനുള്ള അംഗീകാരം എന്ന നിലയിലാണ് എൽഡിഎഫ് സർക്കാർ പ്രതിമാസം 1000 രൂപ സ്‌ത്രീ സുരക്ഷാ പദ്ധതി പ്രകാരം പെൻഷൻ അനുവദിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒരു മാസംകൊണ്ട് പദ്ധതി നിർത്തലാക്കി. കേരളത്തിലെ സ്‌ത്രീ സമൂഹത്തിന്റെ അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കുന്ന പദ്ധതി പുനഃസ്ഥാപിക്കണം. 18 മുതൽ 30 വയസ്സുവരെയുള്ള യുവജനങ്ങൾക്ക് പ്രതിമാസം 1000 രൂപ നൽകിയിരുന്ന പദ്ധതിയാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്‌കോളർഷിപ്. ഇൗ പദ്ധതിയും യുഡിഎഫ് സർക്കാർ നിർത്തലാക്കി. വനിത സംവരണത്തിന്റെ പേരിൽ രാജ്യത്ത് മണ്ഡല പുനർനിർണയം നടത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ്. ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഭരണഘടന വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ–മത നിരപേക്ഷ കക്ഷികളുടെ ശക്തിവർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.











0 comments