ad
Deshabhimani

ഡെങ്കിപ്പനിയിൽ പൊള്ളുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 20, 2026, 12:54 AM | 1 min read

പാലക്കാട്‌

ജില്ലയിലെ പകർച്ചവ്യാധി വ്യാപനം പ്രതിരോധിക്കാനാകാതെ ആരോഗ്യ വകുപ്പ്‌. 18 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച്‌ ആശുപത്രികളിൽ പ്രവേശിച്ചത്‌ 192 പേർ. ജൂലൈ 14നാണ്‌ ഏറ്റവും കൂടുതൽ കേസ്‌ റിപ്പോർട്ട്‌ ചെയ്തത്‌. ഒരൊറ്റ ദിവസം 44 പേർക്ക്‌ വൈറസ്‌ സ്ഥിരീകരിച്ചു. 16ന്‌ 33 പേർക്കും സ്ഥിരീകരിച്ചു. മെയ്‌ പകുതി മുതൽ ഇതുവരെ ആറുപേരാണ്‌ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്‌. ഡെങ്കിപ്പനി കൂടാതെ നാലുപേർ എലിപ്പനി ബാധിച്ചും മൂന്നുപേർ എച്ച്‌1 എൻ1 ബാധിച്ചും ഒരാൾ ഷിഗല്ല ബാധിച്ചും മരിച്ചിരുന്നു. ഡെങ്കിപ്പനി നിരക്ക്‌ ദിനംപ്രതി വർധിക്കുമ്പോഴും പ്രതിരോധ സംവിധാനം ഉണർന്ന്‌ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുണ്ട്‌. കൂടുതൽ പ്രതിരോധ പ്രവർത്തനം ആവശ്യമായ സാഹചര്യമാണ്‌. എന്നിട്ടും വകുപ്പ്‌ മന്ത്രിയുടെയും ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരുടെയും ശ്രദ്ധ ഉണ്ടായിട്ടില്ല. മഴ കുറഞ്ഞ സാഹചര്യത്തിലും മാലിന്യങ്ങൾ നീക്കാനോ പ്രതിരോധ പ്രവർത്തനം ഉ‍ൗർജിതപ്പെടുത്താനോ അധികൃതർ തയ്യാറായില്ല. നിസാരമല്ല 
ജാഗ്രതവേണം ശുദ്ധജലത്തിൽ മുട്ടയിട്ട്‌ പെരുകുന്ന ഇ‍ൗഡിസ്‌ കൊതുകുകളാണ്‌ ഡെങ്കിപ്പനി പരത്തുന്നത്‌. ജില്ലയിലെ ഇടവിട്ടുള്ള മഴ ഇവ പെരുകാനുള്ള സാധ്യത വർധിപ്പിക്കുന്നു. മുട്ടയിടാൻ വളരെക്കുറച്ച്‌ വെള്ളം മതി. വെള്ളം വാർന്നുപോയാലും ലാർവകൾക്ക്‌ വര്‍ഷങ്ങളോളം അതിജീവിക്കാനുള്ള ശേഷിയുണ്ട്. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഫ്രിഡ്‌ജിന്റെ പിന്നിലെ ട്രേ, പൂച്ചട്ടികൾ, എയർ കൂളറുകൾ, ടെറസ്, ചിരട്ടകൾ, ഉപേക്ഷിച്ച പാത്രങ്ങൾ, ജലസംഭരണി എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക. കൊതുകുവലകളോ ലോഷനുകളോ ഉപയോഗിക്കുക. കൊതുക്‌ കൂത്താടി നശീകരണത്തിനുള്ള ഡ്രൈ ഡേ ആചരിക്കാനും മറക്കരുത്‌. അതിവേഗം തിരിച്ചറിഞ്ഞ്‌ ചികിത്സ ആരംഭിച്ചില്ലെങ്കിൽ ജീവനുതന്നെ അപകടമാണ്‌ ഡെങ്കിപ്പനി. ഉയർന്ന പനി, പേശികളിലും സന്ധികളിലും വേദന, കഠിനമായ തലവേദന, കണ്ണുകളുടെ പിൻഭാഗത്തുള്ള വേദന, ശരീരത്തിൽ ചുവന്ന പാടുകൾ, ഓക്കാനം, ഛർദി, അതിസാരം എന്നിവയാണ്‌ ലക്ഷണങ്ങൾ. കഠിനമായ വയറുവേദന, വിട്ടുമാറാത്ത ഛർദി, മലത്തിലൂടെയോ മൂക്കിലൂടെയോ വായിലൂടെയോ ഉള്ള രക്തസ്രാവം, അമിതമായ തളർച്ച എന്നിവയാണ്‌ ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ. സ്വയംചികിത്സ പൂർണമായി ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണം. ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികളും മറ്റ്‌ മരുന്നുകളും കഴിക്കുന്നത്‌ ആരോഗ്യാവസ്ഥ കൂടുതൽ സങ്കീർണമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home