അട്ടപ്പാടിയിൽ ഡെങ്കിപ്പനി പടരുന്നു


നിഖിൽ രവീന്ദ്രൻ
Published on Jun 16, 2026, 12:42 AM | 1 min read
പാലക്കാട്
അട്ടപ്പാടി മേഖലയിൽ അസാധാരണമായി ഡെങ്കിപ്പനി പടരുന്നു. ഒന്നരമാസത്തിനിടെ 32 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏകദേശം 60,000 ജനസംഖ്യയുള്ള മലയോര ആദിവാസി മേഖലയിൽ ഇത്രയധികം രോഗ വ്യാപനം ചരിത്രത്തിൽ ആദ്യമാണ്. അഗളി പഞ്ചായത്തിലാണ് കൂടുതൽ പേർക്ക് ഡെങ്കിപ്പനി ബാധിച്ചത്. 28 പേർക്ക്. മേയിൽ ഒന്പത് പേർക്കും ഇൗ മാസം ഇതുവരെ 19 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഗളി പഞ്ചായത്തിലെ ചിറ്റൂർ വാർഡിലാണ് കൂടുതൽ രോഗികളുള്ളത്. ആറ് പേർ നിലവിൽ ചികിത്സയിലുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് കടുത്ത രോഗവ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കൊടുംവേനൽച്ചൂടിനുപിന്നാലെ ഇടവിട്ടുണ്ടായ ശക്തമായ മഴ കൊതുകുകളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള മൂടിയില്ലാത്ത ജലസംഭരണികളും രോഗവ്യാപനത്തിന് കാരണമായി. സമീപ പഞ്ചായത്തുകളായ തെങ്കര, കുമരംപുത്തൂർ എന്നിവിടങ്ങളിലും വ്യാപകമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തിരുന്നു. കോയന്പത്തൂരിലും ഇത്തവണ വ്യാപകമായി ഡെങ്കി അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിച്ചിരുന്നു. കോയന്പത്തൂരിൽ ഹോസ്‌റ്റലിൽ താമസിക്കുന്ന അട്ടപ്പാടി സ്വദേശികളായ രണ്ടുപേർക്കും ഡെങ്കിപ്പനി ബാധിച്ചു. ജില്ലയിൽ ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണം കഴിഞ്ഞദിവസം കരിന്പുഴയിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ജനുവരി മുതൽ ഇതുവരെ ജില്ലയിൽ ആകെ നാനൂറോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഉയർന്ന പനി, കടുത്ത തലവേദന, അസഹനീയമായ ശരീരവേദന, കടുത്ത ക്ഷീണം തുടങ്ങിയവ അനുഭവപ്പെടുന്നവർ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടണമെന്ന് ഡോക്ടർമാർ നിർദേശം നൽകി.










0 comments