സിഎസ്‌ആർ ഫണ്ടിൽ സജ്ജമാക്കും
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നവീകരിക്കാൻ ജില്ലാ പഞ്ചായത്ത്

പാലക്കാട്
സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയിൽ സിഎസ്ആർ ഫണ്ടിന്റെ സഹായത്തോടെ അത്യാധുനിക അൾട്രാ സൗണ്ട് സ്കാനിങ് മെഷീനും ലാപ്രോ സ്കോപ്പിക് ശസ്ത്രക്രിയ സംവിധാനവും അനസ്തേഷ്യ വർക്ക് സ്റ്റേഷനും ഇൻഫന്റ് വാർമർ സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ധാരണ. 3500ലേറെ പ്രസവങ്ങളും 3000ത്തിലേറെ ശസ്ത്രക്രിയകളും 5000-ത്തിലധികം സ്കാനിങ്ങുകളും ഒരു വർഷം ഇവിടെ നടക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിലുള്ള സ്കാനിങ് മെഷീൻ കാലപ്പഴക്കം മൂലം ശരിയായി പ്രവർത്തിക്കുന്നില്ല. ഗർഭസ്ഥ ശിശുക്കളുടെ രോഗനിർണയം കൃത്യമായി നടത്താൻ പുതിയ അത്യാധുനിക അൾട്രാ സൗണ്ട് സ്കാനിങ് മെഷീൻ സ്ഥാപിച്ചാൽ പരിഹാരമാകും. മികച്ച ചികിത്സ നൽകുക, സാധാരണക്കാരായ രോഗികളെ സ്വകാര്യ ലാബുകൾ ചൂഷണം ചെയ്യുന്നത് ഒഴിവാക്കലുമാണ് ഉദ്ദേശ്യം. 37 ലക്ഷം രൂപ ചെലവ് വരുന്ന ഹൈ ഡെഫിനിഷൻ അൾട്രാ സൗണ്ട് സ്കാനിങ് മെഷീനും 43 ലക്ഷം രൂപ ചെലവ് വരുന്ന ലാപ്രോസ്കോപ്പി ഓപ്പറേഷൻ തിയറ്ററും 12.34 ലക്ഷം രൂപ ചെലവിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷനും 11.80 ലക്ഷം രൂപ ചെലവ് വരുന്ന മൂന്ന് ഇൻഫന്റ് വാർമർ സിസ്റ്റവും സ്ഥാപിക്കാൻ ധാരണയായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൻ സരിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ കെ വിമൽ രാജ്, ഫിനാൻസ് ഓഫീസർ പി അനിൽകുമാർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് മിനി മാത്യു, ആർഎംഒ വി ശ്രീജ, ചന്ദ്രൻ, ഡോ. കാജൽ, ഡോ. സന്ധ്യ നായർ, ഡോ.കെ ദീപ്തി, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.









0 comments