Deshabhimani

ക്രിമിനൽ സംഘത്തെ 
സംരക്ഷിക്കുന്നവർക്ക്‌ താക്കീത്‌

a
വെബ് ഡെസ്ക്

Published on Nov 04, 2026, 12:21 AM | 1 min read

സ്വന്തം ലേഖകൻ

മലപ്പുറം

എസ്‌എഫ്‌ഐ ജില്ലാ നേതാക്കളെ ആശുപത്രിയിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച എംഎസ്‌എഫുകാരെ അറസ്‌റ്റ്‌ ചെയ്യണമെന്നും നീതിപൂർവമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്‌ ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസിലേക്ക്‌ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്വല മാർച്ച്‌. സിവിൽസ്‌റ്റേഷൻ പരിസരത്ത്‌ ആരംഭിച്ച മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ എംഎസ്‌എഫ്‌ ക്രിമിനൽ സംഘം നടത്തുന്ന ആക്രമണങ്ങളെ ഇനിയും വച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനമായിരുന്നു മാർച്ച്‌. ഭരണത്തിന്റെ ഹുങ്കിൽ എംഎസ്‌എഫിന്റെയും ലീഗിന്റെയും ഇടപെടലിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ജില്ലയിലാകെ നടക്കുന്ന പൊലീസ്‌ വേട്ട പ്രതിരോധിക്കുമെന്ന മുദ്രാവാക്യം മാർച്ചിലുയർന്നു. ട‍ൗൺ ചുറ്റിയ മാർച്ച്‌ ഡിപിഒ റോഡിലേക്ക്‌ എത്തുന്നതിനുമുന്നേ കനത്ത പൊലീസ്‌ സുരക്ഷയാണ്‌ ഏർപ്പെടുത്തിയത്‌. പൊലീസ്‌ മേധാവിയുടെ ഓഫീസിന്‌ മീറ്ററുകൾക്ക്‌ മുന്നിലായി ബാരിക്കേഡുകെട്ടി പ്രവേശനം തടഞ്ഞു. ജലപീരങ്കിയും എത്തിച്ചിരുന്നു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ‍, ജില്ലാ സെക്രട്ടറി വി പി അനിൽ, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സംസാരിച്ചു. ലീഗും കോൺഗ്രസും പൊലീസും എസ്‌എഫ്‌ഐ പ്രസ്ഥാനത്തെ അടിച്ചമർത്താനാണ്‌ ശ്രമിക്കുന്നത്‌. എംഎസ്‌എഫ്‌ ആക്രമണത്തിൽ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർക്ക്‌ ഗുരുതര പരിക്കേറ്റിട്ടും പ്രതികളെ പിടികൂടാൻ പൊലീസ്‌ തയ്യാറായിട്ടില്ല. മർദനമേറ്റ എസ്‌എഫ്‌ഐ പ്രവർത്തകരെയും പൊലീസ്‌ വേട്ടയാടുകയാണ്‌. ഇനിയും ഇത്‌ തുടർന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന്‌ സിപിഐ എം നേതാക്കൾ അറിയിച്ചു. മാർച്ചിന്‌ സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാർ, കെ പി അനിൽ, ഇ ജയൻ, വി എം ഷ‍ൗക്കത്ത്‌, ബി മുഹമ്മദ്‌ റസാഖ്‌, കെ പി സുമതി, ടി എം സിദ്ധിഖ്‌ തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home