print edition സ്ഥിരം സെക്രട്ടറിയില്ല; താളംതെറ്റി പൊതുവിദ്യാഭ്യാസം


സ്വന്തം ലേഖകൻ
Published on Nov 04, 2026, 01:02 AM | 1 min read
തിരുവനന്തപുരം : അടിക്കടി തലപ്പത്തെ ഉദ്യോഗസ്ഥരെ മാറ്റുന്നതിനൊപ്പം സ്ഥിരം സെക്രട്ടറിയും ഇല്ലാതെ കുത്തഴിഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായശേഷം, വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയുടെ അധിക ചുമതല നിർവഹിച്ചിരുന്ന ഡി സജിത് ബാബുവിനെ മാറ്റി പകരം നിയമിച്ച എ പി എം മുഹമ്മദ് ഹനീഷിനും അധിക ചുമതലയാണ് നൽകിയത്. സ്ഥിരം സെക്രട്ടറി വേണമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ ആവശ്യപ്പെട്ടിരുന്നങ്കിലും പരിഗണിച്ചില്ല. അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടയും സ്ഥാനകയറ്റത്തിലും സ്ഥലംമാറ്റത്തിലും വകുപ്പ് സെക്രട്ടറിക്കാണ് അധികാരം. അധ്യാപകരുടെ നിയമനാംഗീകാരം, പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ സെക്രട്ടറിയുടെ നിരന്തര ഇടപെടലും ശ്രദ്ധയും വേണ്ടതുണ്ട്. സ്ഥിരം സെക്രട്ടറി ഇല്ലാത്തതിനാൽ ഇതെല്ലാം തോന്നുംപടിയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ എസ്‌എസ്‌എൽസി പരീക്ഷാ നടത്തിപ്പടക്കം താളംതെറ്റും. വകുപ്പിൽ പല കാര്യങ്ങളും മന്ത്രിപോലും അറിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
അഞ്ചുമാസത്തിനിടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) സ്ഥാനത്തുനിന്ന് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള സ്ഥലം മാറ്റത്തിനെതിരെ ഒടുവിൽ മന്ത്രി എൻ ഷംസുദ്ദീൻ രംഗത്തെത്തുകയായിരുന്നു. സർക്കാർ അധികാരമേൽക്കുമ്പോൾ എന്‍ എസ് കെ ഉമേഷ് ആയിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഉമേഷിനെ മുഖ്യമന്ത്രിയുടെ സ്‌പെഷൽ ഓഫീസറായി നിയമിച്ചതോടെ ആസിഫ് കെ യൂസഫിനെ ഡയറക്ടറാക്കി. സംഘപരിവാർ സമ്മർദത്തെതുടർന്ന് ഒരു മാസത്തിനകം മാറ്റി. തുടർന്ന് സ്‌നേഹിൽ കുമാർ സിങ്ങിനെ നിയമിച്ചു. രണ്ടു മാസത്തിനുശേഷം അരുൺ കെ വിജയനെ ഡയറക്‌ടറാക്കി ഉത്തരവിറക്കി. മന്ത്രി അറിയാതെയാണ് സ്‌നേഹില്‍കുമാറിനെ മാറ്റിയത്. 43 ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്ന വിധമാണ് സർക്കാർ പ്രവർത്തനം.









0 comments