print edition കെഎസ്‌ആർടിസി പെൻഷൻ സർക്കാരിന്റേത് വഞ്ചന: ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ നില മെച്ചപ്പെട്ടാലേ പെൻഷൻ പരിഷ്കരിക്കൂ എന്ന ഗതാഗത മന്ത്രിയുടെ പ്രസ്‌താവന വഞ്ചനയാണെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ. പെൻഷൻകാരെ സർക്കാർ കൈവിടുന്നതിന്റെ സൂചനയാണിത്. 2011–16ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതോടെ 24 പേരാണ് ആത്മഹത്യചെയ്തത്. എൽഡിഎഫ് അധികാരത്തിൽ വന്നയുടൻ ആറു മാസത്തെ കുടിശ്ശിക ഒറ്റത്തവണയായി കൊടുത്തുതീർത്തു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് എല്ലാ മാസവും പെൻഷൻ നൽകി. ഇതിന് 13 കോടി രൂപയും പലിശയും സർക്കാരാണ് ബാങ്കുകൾക്ക് നൽകിയത്.
പെൻഷൻ ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ രണ്ടു മാസമായി കെഎഫ്‌സിയിൽനിന്ന് വായ്‌പയെടുത്താണ് പെൻഷൻ നൽകുന്നത്. പലിശ മാത്രമായി 6.56 കോടി കെഎഫ്സി ഈടാക്കി. ബാധ്യത കെഎസ്ആർടിസിയുടെ ചുമലിലായി. ഇതോടെയാണ് കോർപറേഷന്റെ നില മെച്ചപ്പെടാതെ പെൻഷൻ പരിഷ്‌കരിക്കില്ലെന്ന പ്രഖ്യാപനം. പെൻഷന്റെയോ പലിശയുടെയോ ഒരു രൂപയുടെ ബാധ്യതപോലും എൽഡിഎഫ് ഭരണത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടായില്ല. ശമ്പളത്തിന് മാസം 50 കോടിയും നൽകി. 14,102 കോടിയാണ് എൽഡിഎഫ് സർക്കാർ അനുവദിച്ചത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിനിടെ പെൻഷൻ പരിഷ്‌കരണത്തിന് കാലതാമസം നേരിട്ടു എന്നത് വസ്‌തുതയാണ്. ആ അസംതൃപ്തിയെ വോട്ടാക്കിയാണ് യുഡിഎഫ് അധികാരത്തിൽ വന്നത്. സർക്കാർ പ്രഖ്യാപിച്ച യാത്രാസൗജന്യത്തിന്റെ ബാധ്യതയടക്കം പലിശഭാരം കെഎസ്ആർടിസിയിൽ അടിച്ചേൽപ്പിച്ച് പെൻഷൻ നൽകാനുള്ള ചുമതലയിൽനിന്ന് സർക്കാർ ഒഴിയുകയാണ്. ഇതിനെതിരെ പെൻഷൻകാരും തൊഴിലാളികളും മുന്നോട്ടുവരണമെന്നും ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments