Deshabhimani

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് ചങ്കിടിപ്പേറുന്നു

US Senate Election
വെബ് ഡെസ്ക്

Published on Nov 04, 2026, 12:21 AM | 1 min read

വാഷിങ്‌ടൺ : ഇടക്കാല തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന അമേരിക്കയില്‍ കനത്ത പോളിങ്. ഇനിയുള്ള രണ്ടുവര്‍ഷം യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പ് ട്രംപിന്റെ നയങ്ങള്‍ക്കുള്ള ഹിതപരിശോധനകൂടിയാണ്. ചൊവ്വാഴ്ച വെർമോണ്ട് അടക്കമുള്ള കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ന്യൂയോർക്ക്, ന്യൂജേഴ്സി, വിർജീനിയ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായി. വോട്ടെടുപ്പ്‌ ഇന്ത്യന്‍സമയം ബുധന്‍ രാവിലെ 11.30ന് അവസാനിക്കും.


രണ്ടുവർഷം കാലാവധിയുള്ള ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും (435 സീറ്റുകൾ) സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് പ്രധാനമായും വോട്ടെടുപ്പ്. നിലവിൽ പാർലമെന്റിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. ജനപ്രതിനിധി സഭയിൽ 218–214 എന്ന നേരിയ ഭൂരിപക്ഷമാണെങ്കില്‍ സെനറ്റിൽ 53–47 എന്നാണ് നില. സർവേ ഫലങ്ങളെല്ലാം ഡെമോക്രാറ്റുകൾക്ക്‌ അനുകൂലമാണ്.

36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും നടക്കും. ഇന്ത്യൻ അമേരിക്കൻ വംശജരായ നിരവധി പേർ ഇക്കുറി മത്സരരംഗത്തുണ്ട്‌. ഒഹിയോയിൽ ഇന്ത്യൻ വംശജനായ വിവേക്‌ രാമസ്വാമി റിപ്പബ്ലിക്കൻ പാർടിയുടെ ഗവർണർ സ്ഥാനാർഥിയാണ്‌. റോ ഖന്ന, അമി ബേര, പ്രമീള ജയപാൽ, സുഹാസ്‌ സുബ്രമഹ്ണ്യം എന്നിവർ യുഎസ്‌ ജനപ്രതിനിധി സഭയിലേക്ക്‌ വീണ്ടും ജനവിധി തേടുന്നു.പിയ ഡാണ്ടിയ, അമിഷ്‌ ഷാ എന്നിവർ ഡെമോക്രാറ്റിക്‌ പ്രതിനിധികളായി ആദ്യമായി മത്സരരംഗത്തെത്തുന്നുണ്ട്‌.


ജനപിന്തുണ എക്കാലത്തെയും താഴ്‌ന്ന നിലയിലെത്തിയതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് ട്രംപ് വലിയ ബാധ്യതയായി മാറിയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്ന പരാജയഭീതി മുന്നിൽക്കണ്ട് താൻ 'മിസ്റ്റർ വീറ്റോ' ആയി മാറുമെന്നും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഭരിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കാലിഫോർണിയയിലെ തപാൽ വോട്ടുകൾ എണ്ണുന്നത് തടയണമെന്ന ട്രംപിന്റെ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതും റിപ്പബ്ലിക്കൻ പക്ഷത്തിന് കനത്ത പ്രഹരമായി.

Highlights:




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home