പൊലീസ് തൊപ്പി ഉപയോഗിച്ച് ലീഗിനെ വളർത്താമെന്ന് കരുതേണ്ട: എ വിജയരാഘവൻ

മലപ്പുറം
പൊലീസ് തൊപ്പി ഉപയോഗിച്ച് ലീഗിനെയും എംഎസ്‌എഫിനെയും യുഡിഎഫിനെയും വളർത്താമെന്ന് ഉദ്യോഗസ്ഥർ കരുതേണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മതനിരപേക്ഷതയും മതസൗഹാർദവും തകർക്കാൻ ബോധപൂർവം എംഎസ്‌എഫിനെ മുസ്ലിംലീഗ് ഇറക്കിവിട്ടിരിക്കുകയാണ്. അധികാരത്തിന്റെ മറവിൽ മുസ്ലിംലീഗ് കേരളത്തെ തീവ്രസ്വഭാവത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇതിന്റെ തെളിവാണ് എസ്‌എഫ്‌ഐ നേതാക്കൾക്കുനേരെയുണ്ടായ കായികമായ കടന്നാക്രമണം. ഇത് ആപത്‌ക്കരമാണ്. ഇതിനെ പിന്തുണയ്‌ക്കുന്ന നിലപാടുമായി മുന്നോട്ടുപോകാനാണോ ലീഗും എംഎസ്‌എഫും തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണം. കലിക്കറ്റ് സർവകലാശാല ക്യാന്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്കുണ്ടായ വൻ വിജയത്തിൽ വിറളിപൂണ്ടാണ് എംഎസ്‌എഫുകാർ അക്രമം അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയെ പരാജയപ്പെടുത്താൻ പല ഇടപെടലും നടത്തിയിരുന്നു. ആർഎസ്‌എസ് നിയമിച്ച വൈസ് ചാൻസലറുടെ സഹായത്തോടെയായിരുന്നു ഇത്. ഇവിടെ തോൽക്കാത്ത ലീഗ് നേതാക്കളില്ല എന്നത് ആരും മറന്നു പോകരുത്. ലീഗിന്റെ കൊലകൊന്പൻമാരെ കൊന്പുകുത്തിച്ച പാർടിയാണ് സിപിഐ എം എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വന്നതോടെ പൊലീസ് പെരുമാറുന്നത് പേയിളകിയപോലെ: എം വി ജയരാജൻ
മലപ്പുറം
യുഡിഎഫ് അധികാരത്തിൽ വന്നതോടെ പൊലീസുകാർ പേയിളകിയപോലെയാണ് പെരുമാറുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് യുവാക്കളെയാണ് പൊലീസുകാർ മർദിച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരിൽ മോഷ്ടാക്കളും പെരുകുകയാണ്. അടൂരിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുന്നിൽ പൊലീസ് മുട്ടുമടക്കുന്നതും നമ്മൾ കണ്ടു. ഇന്‍സ്പെക്ടറെ ഭീഷണിപ്പടുത്തിയാണ് ലോക്കപ്പിലുള്ളയാളെ അവർ കണ്ടത്. കലിക്കറ്റ് സർവകലാശാല ക്യാന്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ വിജയത്തിൽ വിറളിപൂണ്ട ലീഗും എംഎസ്‌എഫും ഗുണ്ടായിസമാണ് കാട്ടിയത്. ഇവരുടെ കൈവശം മാരാകായുധങ്ങളാണുണ്ടായിരുന്നത്. ആശുപത്രിയിൽ കയറി ആക്രമണം നടത്തുന്നത് ലോകത്ത് ഒരുകൂട്ടർ മാത്രമേയുള്ളൂ. ഭീകരന്മാരിൽ ഭീകരനായ നെതന്യാഹുവിന്റെ ഇസ്രയേൽ സേനയാണത്. ഇസ്രയേലുകാരിൽനിന്ന് പഠിച്ചുകൊണ്ടാണോ ആശുപത്രിയിൽ കയറി മലപ്പുറത്തെ ലീഗുകാർ അക്രമം നടത്തിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.









0 comments