ജീവനക്കാരില്ല, ചികിത്സയുമില്ല
പാലക്കാട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി


സ്വന്തം ലേഖകൻ
Published on Nov 13, 2026, 02:00 AM | 1 min read
പാലക്കാട്
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കി അത്യാധുനിക സജ്ജീകരണങ്ങളും ആവശ്യത്തിന് ജീവനക്കാരെയും നിയമിച്ച് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കിയ പാലക്കാട് ഗവ. മെഡിക്കൽ കോളേജിനെ യുഡിഎഫ് സർക്കാർ തകർക്കുന്നതായി ആക്ഷേപം. ഭരണം മാറിയതോടെ എൻഎച്ച്എം ഉൾപ്പെടെയുള്ള കരാർ നിയമനങ്ങളിൽ പലതും പുതിയ സർക്കാർ അവസാനിപ്പിച്ചു. മൂന്ന് ആധുനിക ഓപ്പറേഷൻ തിയറ്ററുകൾ പരിചരണമില്ലാതെ പൂട്ടി. ഓരോ തിയറ്ററിനും മൂന്ന് കോടി രൂപയിലധികം ചെലവാക്കിയാണ് സജ്ജീകരിച്ചത്. ഇവിടെ സ്ഥാപിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന അനുബന്ധ ഉപകരണങ്ങളും തകർച്ചയിലാണ്. 15 തിയറ്ററുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. സർജന്മാർ, നഴ്സുമാർ, മറ്റു സ്റ്റാഫുകൾ എന്നിവരുടെ കുറവ് തിയറ്ററുകളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്ക് എത്തുന്നവർക്കുപോലും ശസ്ത്രക്രിയയ്ക്കായി മൂന്ന് മുതൽ നാല് മാസംവരെ കാത്തിരിക്കേണ്ട ഗതികേടാണ്. സർജറി വിഭാഗത്തിൽ ആറ് മാസം വരെയും ഇഎൻടി വിഭാഗത്തിൽ മൂന്ന് മാസവും കാത്തിരിക്കണം. പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസിയും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും പലതവണ മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും നിയമനങ്ങൾ വേഗത്തിലാക്കുമെന്നും വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടന്നില്ല. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ സർക്കാർ സ്ഥാപനത്തെ നശിപ്പിക്കുന്നത് വൻകിട സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. കിടത്തിച്ചികിത്സ പൂർണ തോതിൽ ആരംഭിക്കുകയും മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കുകയും വേണം. ഇതിനൊപ്പം അൾട്രാ സൗണ്ട്, സിടി, എംആർഐ സ്കാനിങ് ഉൾപ്പെടെയുള്ള രോഗനിർണയ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. കെടുകാര്യസ്ഥത തുടർന്നാൽ കോടികൾ മുടക്കി നിർമിച്ച മെഡിക്കൽ കോളേജിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.








0 comments