മരണഭൂമിയിലെ അണയാത്ത ജ്വാല

പുതുശേരി പഞ്ചായത്ത് പൊതുശ്‌മശാനം
ജിജോ ജോർജ്ജ്
Published on Jun 16, 2026, 12:46 AM | 1 min read
പാലക്കാട്
‘അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കുമെല്ലാം ചിതയൊരുക്കേണ്ടി വന്നിട്ടുണ്ട്-. മരിച്ചയാളുടെ ബന്ധുക്കളുടെ കരച്ചിലുകൾക്കിടയിൽ മൃതദേഹം സംസ്‌കരിക്കാൻ എടുത്തുവയ്‌ക്കുന്പോൾ പലപ്പോഴും ഞങ്ങളുടെ കണ്ണുകളും നിറയും. ആദ്യമൊക്കെ പതറി പോകുമായിരുന്നു. ഇത് ഞങ്ങളുടെ ജോലിയാണല്ലോ എന്ന് ആലോചിക്കുന്പോൾ എല്ലാം മറക്കും. നമ്മുടെ ജോലി നന്നായി ചെയ്യുക’– വർഷങ്ങളായി പുതുശേരി പഞ്ചായത്ത് പൊതുശ്‌മാശനത്തിൽ ജോലി ചെയ്യുന്ന എം സുരേഷിന് തന്റെ ജോലിയെപ്പറ്റി നല്ല ബോധ്യമുണ്ട്. ഇത് സുരേഷിന്റെ മാത്രം കാര്യമല്ല, മൃതദേഹം സംസ്‌കരിക്കുന്ന ഒരോ മനുഷ്യരുടെയും ജീവിതമാണ്. ഒരു മൃതദേഹം സംസ്‌കരിക്കാൻ രണ്ടുപേർ മതി. മിക്കയിടങ്ങളിലും രണ്ടോ മൂന്നോ പേരാണ് ജോലിക്കുള്ളത്. കുറഞ്ഞ വേതനത്തിൽ എറ്റവും വേദനജനമായ ജോലി ചെയ്യേണ്ടി വരുന്നവരാണ് സംസ്‌കാര ജോലി ചെയ്യേണ്ടിവരുന്നവർ. മത– സമുദായ ശ്‌മാശനത്തിൽ ജോലി ചെയ്യുന്നവരുടെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്. കോവിഡ് കാലത്തായിരുന്നു എറ്റവും ഭീകരമായ അവസ്ഥ. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കുഴിയെടുത്ത്, സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു സംസ്‌കാരം. പൊതു ശ്‌മശാനങ്ങളുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ (ആറ് വരെ നീളാം) ആണെങ്കിൽ കോവിഡ് സമയത്ത് രാവിലെ തുടങ്ങി പുലർച്ചെ രണ്ട് വരെ നീണ്ടു. പിപിഇ കിറ്റ് ധരിച്ചായിരുന്നു ജോലി. ആംബുലൻസിൽ കൊണ്ടുവരുന്ന മൃതദേഹത്തിനൊപ്പം ഒരാൾ മാത്രമാണ് ഉണ്ടാകുക. മൃതദേഹം എടുത്ത് കിടത്തിയിരുന്നതെല്ലാം ഞങ്ങളാണ്. വല്ലാത്തൊരു കാലമായിരുന്നു അത്. വീട്ടിൽ പോകാൻ പോലും കഴിയാത്ത അവസ്ഥ. കോവിഡ് കാലത്തെക്കുറിച്ച് ഓർക്കുന്പോൾ മൃതദേഹം സംസ്‌കരിക്കുന്ന ജോലി ചെയ്യുന്നവരുടെ മനസിൽ ഇന്നും ഭയമാണ്. ഇനിയൊരിക്കലും അത്തരമൊരു കാലം വരരുതെന്ന് അവരും ആഗ്രഹിക്കുന്നു.










0 comments