സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് നവീകരിച്ച കെട്ടിടം
ഇന്നും മുഴങ്ങുന്ന വെടിയൊച്ച

പാലക്കാട് രക്തസാക്ഷികൾ
വി കെ രഘുപ്രസാദ്
Published on Mar 02, 2026, 12:51 AM | 2 min read
അവകാശങ്ങൾക്കായുള്ള പോരാട്ടവീഥിയിൽ വിരിമാറിൽ വെടിയുണ്ടകളേറ്റുവാങ്ങിയ ധീരരക്തസാക്ഷികളുടെ നാടാണ് പാലക്കാട്. 1969 ഡിസംബർ ഒന്നിന് പാലക്കാട് കോട്ടയ്‌ക്കുമുന്നിൽ സിപിഐ എം നടത്തിയ കലക്‌ടറേറ്റ് ഉപരോധത്തിന്റെ അവസാനനിമിഷങ്ങളിലാണ് പൊലീസ് വെടിയുതിർത്തത്. ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ സുകുമാരൻ, മാണിക്യൻ, രാജൻ, ചെല്ലൻ എന്നീ നാല് അനശ്വരപോരാളികളാണ് രക്തസാക്ഷിത്വം വരിച്ചത്. നാടിന്റെ മനസ്സിൽ ഇന്നും മുഴങ്ങുന്നുണ്ട് ആ വെടിയൊച്ച. തുടിക്കുന്നുണ്ട്, നിറതോക്കുകൾക്ക് തോൽപ്പിക്കാനാകാത്ത സമരവീര്യത്തിന്റെ ചുവപ്പനോർമ. 1967ൽ അധികാരത്തിൽവന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് അടിത്തറ പാകിയ നിയമനിർമാണം നടത്തി. 1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ തുടർച്ചയായി കാർഷിക ഭൂപരിഷ്കരണനിയമം പാസാക്കി. ആ മന്ത്രിസഭ കേരളത്തിന്റെ സാമൂഹ്യഘടനയിൽ മഹത്തായ മാറ്റത്തിന് വഴിയൊരുക്കി. ഈ സാമൂഹ്യമാറ്റം തടസ്സപ്പെടുത്താൻ വലതുപക്ഷ ശക്തികൾ തുടക്കംമുതൽ ശ്രമിച്ചു. സർക്കാരിന് നേതൃത്വം നൽകിയിരുന്ന ഐക്യമുന്നണിയിലെ ചില പാർടികളെ അടർത്തിയെടുത്ത് പ്രതിലോമശക്തികൾ ആ സർക്കാരിനെ അട്ടിമറിച്ചു. അവർ രൂപീകരിച്ച കുറുമുന്നണി മന്ത്രിസഭ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് 1969 ഡിസംബർ ഒന്നിന് സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകൾ ഉപരോധിക്കാൻ സിപിഐ എം ആഹ്വാനം ചെയ്തു. അന്ന് പാലക്കാട് കലക്ടറേറ്റ് പ്രവർത്തിച്ചിരുന്നത് കോട്ടയ്ക്കുള്ളിലായിരുന്നു. രാവിലെമുതൽ കോട്ടയ്ക്കകത്തെ സർക്കാർ ഓഫീസുകൾ പൂർണമായി സ്തംഭിപ്പിച്ച് പതിനായിരങ്ങൾ ഉപരോധം തുടങ്ങി. വൈകിട്ടുവരെ അറസ്റ്റ് തുടർന്നിട്ടും പ്രക്ഷോഭത്തിന് വന്നവരെ പൂർണമായും അറസ്‌റ്റ് ചെയ്‌ത് നീക്കാൻ പൊലീസിനായില്ല. അത്രയേറെ ജനങ്ങൾ ബാക്കിയായി. ജനാധിപത്യപരമായ പ്രക്ഷോഭത്തെ അടിച്ചമർത്താൻ തുടക്കംമുതൽ പ്രകോപനം സൃഷ്ടിക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. വൈകിട്ട് അഞ്ചിന് ഉപരോധം അവസാനിപ്പിക്കാനിരിക്കെ മുന്നറിയിപ്പില്ലാതെ പൊലീസ് വെടിവച്ചു. നാല് ധീരരാണ് അന്ന് പാലക്കാട് കോട്ടയ്ക്കുമുന്നിൽ വെടിയേറ്റ് വീണത്. അവരുടെ ഓർമകളെ ഇന്നും രക്തപുഷ്പങ്ങൾകൊണ്ട് ജില്ലയിലെ സിപിഐ എം ആദരിക്കുന്നു. എല്ലാ വർഷവും ഡിസംബർ ഒന്നിന് പാലക്കാട് വെടിവയ്‌പ്പിലെ രക്തസാക്ഷികളുടെ ഓർമകൾക്കുമുന്നിൽ ആദരാഞ്ജലി അർപ്പിച്ച് ബൈക്ക് റാലിയും നാലിടങ്ങളിൽ പൊതുയോഗങ്ങളും നടത്താറുണ്ട്. സംസ്ഥാനത്ത് നടന്ന പോരാട്ട ചരിത്രത്തിൽ ജ്വലിക്കുന്ന അധ്യായമാണ് പാലക്കാട് വെടിവയ്‌പ്പ്. മനുഷ്യനെ മനുഷ്യനായി കാണാൻ നടത്തിയ എണ്ണമറ്റ സമരങ്ങളുടെ തീജ്വാലകൾക്കിടയിൽ ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയുള്ള ഇൗ പോരാട്ടവും ഓർമകളെ ത്രസിപ്പിക്കുന്നു.










0 comments