ഏറ്റവും കൂടുതൽ കാലം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിച്ച വൈ രാമന്റെ ഓർമകളിലൂടെ
പ്രിന്റ് ചെയ്‌ത റിപ്പോർട്ട് കിട്ടിയില്ല, സമ്മേളന ദിവസം ആശങ്കയേറി

വൈ രാമൻ
വേണു കെ ആലത്തൂർ
Published on Mar 02, 2026, 12:48 AM | 2 min read
‘‘1980ൽ പാർടി ജില്ലാ സമ്മേളനം നടക്കുകയാണ്. നൂറണി ശാരദ ശങ്കര കല്യാണമണ്ഡപത്തിലായിരുന്നു പ്രതിനിധി സമ്മേളനം. സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ട് ജയഭാരത് പ്രിന്റേഴ്‌സിലാണ് അച്ചടിക്കാൻ കൊടുത്തത്. സമയം പകൽ 11 ആയി. റിപ്പോർട്ട് അവതരിപ്പിക്കുന്പോൾ പ്രതിനിധികൾക്ക് കോപ്പി നൽകണം. എന്നാൽ പ്രിന്റ് ചെയ്‌ത് കിട്ടിയില്ല. പെട്ടെന്ന് കിട്ടാൻ ഒരു സാധ്യതയുമില്ലെന്ന് പ്രസിൽനിന്നുള്ള വിവരം. എന്ത് ചെയ്യുമെന്നറിയാതെ അന്തംവിട്ട് നിൽക്കുകയായിരുന്നു ഞാൻ. സമ്മേളനത്തിന് മുന്നിൽ ജില്ലാ സെക്രട്ടറി എം കെ കൃഷ്‌ണൻ റിപ്പോർട്ട് അവതരണം തുടങ്ങി. റിപ്പോർട്ട് തയ്യാറാക്കാനായി നേരത്തേ ഡയറിയിൽ കുറിച്ച ചില ഭാഗങ്ങൾ എഴുതിത്തയ്യാറാക്കിയത് പ്രവർത്തന റിപ്പോർട്ട് പോലെ അദ്ദേഹം ഒരു ആശങ്കയുമില്ലാതെ അവതരിപ്പിച്ചു.’’ അന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ചിറ്റൂർക്കാവ് ശ്രീകണ്‌ഠത്ത് വൈ രാമൻ ഓർക്കുന്നു. സമ്മേളനദിവസം വൈകിട്ട് നാലിനാണ് പ്രവർത്തനറിപ്പോർട്ട് പ്രിന്റ് ചെയ്‌ത് കിട്ടിയത്. എം കെ കൃഷ്‌ണന്റെ സംഘടനാ വൈഭവം ഒന്നുവേറെതന്നെയെന്ന് അദ്ദേഹവുമായി അടുത്തിടപഴകിയ വൈ രാമൻ എന്ന പ്രസ് രാമേട്ടൻ പറയുന്നു. പ്രായം 86 ആയെങ്കിലും അന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ ഒരുപ്രയാസവുമില്ല. 1979 മുതൽ 20 വർഷം പാർടി ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ച വൈ രാമൻ പഴയ ജില്ലാ കമ്മിറ്റി ഓഫീസിലും പിന്നീട് 1989 ൽ പുതിയതായി നിർമിച്ച കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകത്തിലും സെക്രട്ടറിയായി ചുമതല വഹിച്ചു. മഞ്ഞളൂരിലെ കെ ശിവൻ ഓഫീസ് സെക്രട്ടറിയായി വരുന്നതുവരെ രാമേട്ടനായിരുന്നു ഓഫീസിന്റെ ചുമതല. ഏറ്റവും കൂടുതൽ കാലം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിച്ചയാളാണ് അദ്ദേഹം. എം കെ കൃഷ്‌ണൻ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് രാമേട്ടനെ ഓഫീസ് സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കുന്നത്. ചിറ്റൂർ ലോക്കൽ സെക്രട്ടറിയായി കെ വിശ്വം തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനം ഒഴിഞ്ഞ രാമനെ എം കെ കൃഷ്‌ണൻ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമതല ഏൽപ്പിക്കുകയായിരുന്നു. അന്ന് ഓഫീസിന്റെ ചുമതല വഹിച്ചിരുന്നത് അന്തരിച്ച കെ വി രാമകൃഷ്‌ണനായിരുന്നു. സംഘടനാ രംഗത്തേക്ക് കെ വി രാമകൃഷ്‌ണനെ നിയോഗിക്കണമെന്ന് ഇ കെ നായനാർ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ ഓഫീസ് സെക്രട്ടറിയെ കണ്ടെത്തിയത്. എ കെ ജി, ഇ എം എസ്, നായനാർ, വി എസ് തുടങ്ങിയ നേതാക്കളുമായി അടുത്തിടപഴകിയ രാമന്റെ ഓർമകൾക്ക് ഇന്നും സുഗന്ധം.










0 comments