ad
Deshabhimani

എം പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരകം ഉദ്ഘാടനം ഇന്ന്

നെഞ്ചുനീറി ഉതിർന്ന വിതുമ്പലുകൾ

എട്ടാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി പാലക്കാട്‌ ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പി സുന്ദരയ്യയെ 
കുഞ്ഞിരാമൻ മാസ്റ്ററുടെ (ഇടത്ത് നിന്ന് ഒന്നാമത്) നേതൃത്വത്തിൽ സ്വീകരിക്കുന്നു
avatar
വേണു കെ ആലത്തൂർ

Published on Mar 03, 2026, 01:29 AM | 2 min read

കലയും സാഹിത്യവും പോരാട്ടങ്ങളും ഇഴചേർന്ന പാലക്കാടൻ ഗ്രാമങ്ങളിൽ ശത്രുവർഗത്തിന്റെ ക്രൂരതയിൽ 55 പേരാണ്‌ രക്തസാക്ഷികളായത്


കർഷക– തൊഴിലാളി പോരാട്ടങ്ങൾക്കുപിന്നിൽ ഒരു സമൂഹ വ്യവസ്ഥയിൽ ജനത അനുഭവിച്ച കൊടിയ പീഡനങ്ങളും മർദനങ്ങളും അതിൽനിന്നുയർന്ന വിലാപങ്ങളുമായിരുന്നു. അവർ നെഞ്ചുലഞ്ഞ്‌ നിലവിളിച്ചപ്പോൾ കരംകൊടുത്ത്‌ കണ്ണീർത്തുടച്ച്‌ ആ വ്യവസ്ഥിതി മാറ്റാൻ പടപൊരുതിയവരാണ്‌ ജില്ലയിലെ കർഷക– കമ്യൂണിസ്‌റ്റ്‌ നേതാക്കൾ. ത്യാഗനിർഭരമായ പൊതുപ്രവർത്തനത്തിലൂടെ മാറ്റങ്ങൾക്കായി ശബ്ദമുയർത്തിയ അവരുടെ പേരുകളാണ്‌ നമ്മുടെ പാർടി ഓഫീസുകൾക്ക്‌ നൽകിയിരിക്കുന്നത്‌. അവർ നയിച്ച പാതയിൽ പുതിയ വെളിച്ചവും പ്രഭാതവും പുലർന്നു. മനുഷ്യനെ അടിമകളാക്കിയ ഇരുണ്ട കാലത്തിന്റെ കാർമേഘങ്ങൾ തൂത്തെറിയാനും നവോത്ഥാനം മുതൽ സ്വാതന്ത്ര്യ സമരംവരെയും ചെങ്കൊടിയുടെ കൊടിക്കൂറ കാത്തുസൂക്ഷിക്കാനും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങൾ. അതിൽ നഷ്ടമായ ചുടുയ‍ൗവനങ്ങൾ, എതിരാളികൾ കൊത്തിക്കീറുന്പോഴും ഇൻക്വിലാബ്‌ വിളിച്ച സഖാക്കൾ... അങ്ങനെ നാടിനും പ്രസ്ഥാനത്തിനുംവേണ്ടി ജീവൻ ത്യജിച്ചവരുടെ ഓർമകളാണ്‌ ഇന്നും ഉ‍ൗർജമാകുന്നത്‌. കർഷകത്തൊഴിലാളി സ്‌ത്രീകൾക്ക്‌ മാറുമറച്ച്‌ പണിയെടുക്കാൻ അവകാശമില്ലാത്ത കാലത്ത്‌, 1953ൽ പൊന്നിൻ ചിങ്ങത്തിലെ ഉത്രാടം നാളിൽ മൂർക്കത്ത്‌ കളത്തിൽ മാറുമറച്ച്‌ പണിക്കുപോയ 30 കർഷകത്തൊഴിലാളി യുവതികൾ പകർന്ന സമരാവേശം ഇ‍ൗ നാടിന്റെ ജീർണതകൾക്കെതിരായ പോരാട്ട സന്ദേശമായിരുന്നു. ജില്ലയിലെ ആദ്യരക്തസാക്ഷിയാണ് ചിറ്റൂരിലെ അരണ്ടപ്പളം ആറു. കൂലിക്കൂടുതലിനും പതമ്പിനുംവേണ്ടി നടത്തിയ സമരത്തിലാണ് ജന്മിയുടെ വെടിയേറ്റ് അരണ്ടപ്പള്ളം ആറു രക്തസാക്ഷിയായത്. സമരം കൊടുമ്പിരികൊണ്ട 1957 ഒക്ടോബർ ഒന്നിനാണ് ആറു വെടിയേറ്റ് മരിച്ചത്. ​വിളയൂരിലെ പാലാട്ടുപാടത്ത് ജന്മി ഗുണ്ടകളുടെ ആക്രമണത്തിലാണ്‌ പൂഴിക്കുന്നത്ത് സെയ്താലിക്കുട്ടി രക്തസാക്ഷിത്വംവരിച്ചത്‌. പട്ടികജാതിയിൽപ്പെട്ട പുത്തൻവീട്ടിൽ ചെള്ളി എന്ന കർഷകനെ കുടിയൊഴിപ്പിക്കാനുള്ള ജന്മിയുടെ നീക്കത്തിനെതിരെ സമരംചെയ്ത കർഷകസംഘം പ്രവർത്തകനായിരുന്നു സെയ്താലിക്കുട്ടി. കവുങ്ങിന്റെ അലക് ചെത്തിക്കൂർപ്പിച്ച ആയുധവുമായാണ് ജന്മിയുടെ ഗുണ്ടകൾ കർഷകരെ നേരിട്ടത്. കരിയുടെ പിടികൊണ്ടുള്ള അടിയിൽ സെയ്താലിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ചോരവാർന്നൊലിക്കുമ്പോഴും ആ ചുണ്ടിൽനിന്ന് ഇൻക്വിലാബ് ഉയർന്നു. 1970 മെയ് മൂന്നിനാണ് സെയ്താലി അടിയേറ്റ് വീണത്. അടുത്തദിവസം രക്തസാക്ഷിത്വംവരിച്ചു. ‘ഉരിയരിപോലും കിട്ടാനില്ല പൊന്നുകൊടുത്താലും, ഉദയാസ്തമയം പീടികമുന്നിൽനിന്നു കരഞ്ഞാലും' എന്ന മുദ്രാവാക്യം കേട്ടാൽതന്നെ അന്നത്തെ ചൂഷണവ്യവസ്ഥ നമുക്ക്‌ മനസ്സിലാക്കാം. അതിനെതിരെ നടത്തിയ സമരത്തെ ജന്മിമാരുടെ ഗുണ്ടകൾ മർദനമുറകളുമായി നേരിട്ടു. എംഎസ്‌പിക്കാർ കർഷകരെയും കമ്യൂണിസ്റ്റ്കാരെയും തിരഞ്ഞുപിടിച്ച് മർദിച്ചു. ആ സമരത്തിന്റെ ഓർമയിൽനിന്നാണ്‌ വണ്ടാഴിയിലെ മോസ്‌കോമൊക്ക്‌ എന്ന പേരുണ്ടായത്‌. ഭൂപരിഷ്‌കരണ നിയമം കേരളത്തിൽ പാസാക്കിയശേഷവും നിരവധി ജന്മിമാർ സ്ഥലം വിട്ടുകൊടുക്കാതെ കൈവശംവച്ചു. അതിനെതിരെ വള്ളുവനാട്ടിലും നിരവധി സമരങ്ങൾ നടന്നു. തൃക്കടീരി സമരംപോലുള്ളവ ഇതിൽ ചിലതുമാത്രം. കലയും സാഹിത്യവും പോരാട്ടങ്ങളും ഇഴചേർന്ന പാലക്കാടൻ ഗ്രാമങ്ങളിൽ ശത്രുവർഗത്തിന്റെ ക്രൂരതയിൽ 55 പേരാണ്‌ രക്തസാക്ഷികളായത്‌. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നാല്‌ ജീവൻ പൊലിഞ്ഞ പാലക്കാട്‌ കോട്ടയിലെ വെടിവയ്‌പ്പും ചരിത്രത്തിന്റെ ഭാഗം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home