print edition ചുവന്ന ഭൂമി

ന്യൂജേഴ്സി: ഒറ്റഗോളിൽ സ്‌പെയ്‌ൻ ആകാശം തൊട്ടു. ആയിരം പാസുകൾ സ്‌പാനിഷ് കെട്ടുകഥയോ അതിശയോക്തിയോ അല്ലെന്ന് ന്യൂജേഴ്സി കണ്ടറിഞ്ഞു. ആയിരം പാസുകൾ ആയിരം വഴികളായി, അതിലേറെ ആശയങ്ങളായി. ഒറ്റഗോളിന്റെ ഒറ്റപ്പെട്ട കണക്കല്ല സ്‌പെയ്‌ൻ. അതിലേക്കൊഴുകിയ നീക്കങ്ങൾ, ചിന്തകൾ കളംനിറച്ചു. പന്തിനെ ഹൃദയത്തിലാക്കി കളിച്ച ലയണൽ മെസിയുടെ അർജന്റീന സ്‌പെയ്‌നിന്റെ പെരുങ്കോട്ടയ്‌ക്കുള്ളിൽ ശ്വാസംകിട്ടാതെ വലഞ്ഞു. ഒറ്റവഴിയും തുറക്കാനറിയാതെ ലയണൽ മെസിയുടെ മാന്ത്രിക വടി വെറുമൊരു മരത്തടിയായി മാറിയപ്പോൾ ലമീൻ യമാലിന്റെ കൗമാരം അതിന്റെ വസന്തകാലം കണ്ടു. ഒരു വ്യാഴവട്ടം മുന്പ് വൻകരകൾക്കപ്പുറം നിശബ്‌ദമായ, മാരക്കാനയിൽ അടക്കം ചെയ്യപ്പെട്ട സ്‌പാനിഷ് നിരയുടെ വീണ്ടെടുപ്പ്. അധികസമയത്തെ ഫെ-റാൻ ടോറസിന്റെ ഗോളിൽ റോഡ്രി ലോകകപ്പ് ഉയർത്തുന്പോൾ ‘ഇത് ഫുട്‌ബോളിന്റെ വിജയം’ എന്ന് ലോകം കുറിച്ചു.
അടങ്ങാത്ത മനക്കരുത്തിനാൽ ഫൈനൽവരെയെത്തിയ അർജന്റീനയെ ചിതറിത്തെറിച്ച ആൾക്കൂട്ടമാക്കി സ്‌പെയ്‌ൻ മാറ്റുകയായിരുന്നു. ആദ്യനിമിഷംമുതൽ പന്തിനെ അവർ കാലിലേക്കാവാഹിച്ചു. പന്തൊഴുകുന്ന വഴികളിൽ അതിവേഗത്തിൽ കാലുകളെത്തി. ആകാശനീലയിലേക്കിറ്റുവീണ ചുവന്നപൊട്ട് പടർന്നുകയറി. നീലമാഞ്ഞു.
സ്‌പെയ്‌ൻ പന്തിനെ തലച്ചോറാക്കി. നിരന്തരം പാസുകൾ എയ്‌തു. പന്ത് കൈവിടുന്പോഴെല്ലാം നിമിഷങ്ങളുടെ വ്യത്യാസത്തിൽ തിരികെപ്പിടിച്ചു. ക്യാപ്‌റ്റൻ റോഡ്രി 101 പാസുകളാണ് തൊടുത്തത്. പ്രതിരോധത്തിലെ പത്തൊന്പതുകാരൻ പൗ കുബാർസി 121ഉം. പെലെയ്‌ക്കും ഗിസപ്പെ ബെർഗോമിക്കുംശേഷം ലോക ചാന്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി യമാൽ. 19 വയസും ആറ് ദിവസവുമാണ് പ്രായം. 65 ശതമാനമായിരുന്നു സ്‌പെയ്‌നിന്റെ പന്ത് നിയന്ത്രണം. 20 ഷോട്ടുകളിൽ 12 എണ്ണം ലക്ഷ്യത്തിലേക്ക് മാത്രം. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ പ്രകടനമില്ലായിരുന്നെങ്കിൽ അർജന്റീനയുടെ ഗോൾവല ഇതിലും കനക്കുമായിരുന്നു. 90 മിനിറ്റിൽ ഒറ്റഷോട്ട് പോലും തൊടുക്കാനാകാതെ അർജന്റീന ആ സമയം വിറങ്ങലിച്ചു. മധ്യനിരക്കാരൻ എൺസോ -െഫർണാണ്ടസിന്റെ ചുവപ്പുകാർഡ് സ്‌കലോണിയുടെ പദ്ധതികൾ തകർത്തു.
റോഡ്രിയും ഫാബിയാൻ റൂയിസും ഡാനി ഒൽമോയും നിയന്ത്രിച്ച മധ്യനിര അർജന്റീനയ്‌ക്ക് താങ്ങാനായില്ല. പ്രതിരോധത്തിൽ കുബാർസി–അയ്‌മെറിക് ലപോർടെ സഖ്യം. മാർക് കുകുറെല്ല പ്രതിരോധംവിട്ട് ആക്രമണങ്ങൾ നെയ്‌തു. യമാൽ പന്തിനെ തഴുകി നീങ്ങി. നിശ്‌ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ യമാലിന്റെ ഫ്രീകിക്ക് മാർട്ടിനെസ് നെടുങ്കൻ ചാട്ടത്തിൽ തട്ടിയകറ്റി.
അധികസമയത്തേക്കുള്ള ആയുധങ്ങളായി ഫുയന്റെ ഫെറാൻ ടോറസിനെയും നിക്കോ വില്യംസിനെയും പെഡ്രിയെയും മിക്കേൽ മെറീനോയെയും വിട്ടു. അർജന്റീന പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടു. 106–ാം മിനിറ്റിൽ കഥ ശുഭകരമായി സ്‌പെയ്‌നിന്. വില്യംസ് നൽകിയ പന്ത് ടോറസ് വലയിലേക്ക് അടിച്ചുകയറ്റി. 2010ൽ ഡച്ചിനെതിരെ ആന്ദ്രേ ഇനിയേസ്‌റ്റ 116–ാം മിനിറ്റിൽ നേടിയ ഗോളിനെ ലോകം ഓർത്തു. ഇനിയേസ്‌റ്റയുടെ സംഘം ആ കാഴ്‌ച കണ്ടു. ഒപ്പം നാല് വർഷത്തിനുശേഷം മാരക്കാനയിൽ ചിലിയോട് തോറ്റുമടങ്ങിയ കണ്ണീർപ്പാടും മായ്‌ച്ചു.
തോൽക്കാതെ 38 മത്സരം
തോൽവിയറിയാതെ 38 മത്സരം പൂർത്തിയാക്കി സ്‌പെയ്‌ൻ ലോകറെക്കോഡിട്ടു. ലോകകപ്പ് ഫൈനൽ ജയത്തോടെയാണ് നേട്ടം. ഇറ്റലിയുടെ റെക്കോഡാണ് തകർത്തത്. ലൂയിസ് ഡെ ലാ ഫുയെന്റെ പരിശീലകനായെത്തിയശേഷമാണ് സ്‌പെയ്‌ൻ അജയ്യരായത്. 2024 മാർച്ച് 22ന് കൊളംബിയയോട് തോറ്റശേഷം തലകുനിച്ചിട്ടില്ല. 32 ജയവും ആറ് സമനിലയുമാണ്.
മാസ്‌റ്റർ ബ്രെയ്‌ൻ
ബഹളങ്ങളില്ല, അകത്തും പുറത്തും ശാന്തനാണ് ലൂയിസ് ഡെ ലാ ഫുയന്റെ. ലോകഫുട്‌ബോളിന്റെ നെറുകയിലേക്ക് സ്‌പെയ്‌നിനെ വീണ്ടും കൈപിടിച്ചുയർത്തിയ പ്രതിഭാശാലിയായ പരിശീലകൻ. 2010ലെ സുവർണ തലമുറയ്‌ക്ക് ശേഷം പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനാകാതെ പരുങ്ങിയ ടീമിന്റെ തലവര മാറിയത് 2013ൽ അണ്ടർ 19 ടീമിന്റെ പരിശീലകനായി ഫുയന്റെ വന്നതോടെയാണ്. താൽക്കാലികാടിസ്ഥാനത്തിൽ അറുപത്തഞ്ചുകാരനെ പരിശീലകനായി നിയമിച്ച സ്‌പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്റെ തീരുമാനം ചരിത്രമായി. അണ്ടർ 19 ടീം മുതൽ കോച്ചിന് അടുപ്പമുള്ള കളിക്കാരാണ് നിലവിലെ ചാന്പ്യൻ ടീമിലുള്ളത്.
കോച്ച്– കളിക്കാർ വേർതിരിവില്ലാതെ എല്ലാവരുമായും മാനസിക അടുപ്പം സൂക്ഷിച്ച ഫുയന്റെയുടെ ഇടപെടൽ ലോകകപ്പ് നേടുന്നതിൽ നിർണായകമായി. റോഡ്രി, മിക്കേൽ മെറീനോ, ഉനായ് സിമോൺ, മിക്കേൽ ഒയർസബാൽ, ഡാനി ഒൽമോ, മാർടിൻ സുബിമെൻഡി, മാർക് കുകുറെല്ല, പെഡ്രി എന്നിവരെല്ലാം അണ്ടർ 19 ടീം മുതൽ കളിക്കുന്നവരാണ്.
ഫുയന്റെയുടെ കീഴിൽ 2015ൽ അണ്ടർ 19 യൂറോയിൽ ചാന്പ്യൻമാരായ സ്‌പെയിനിന്റെ യാത്ര ഇപ്പോൾ ലോകകപ്പ് കിരീടത്തിൽ എത്തി നിൽക്കുന്നു. ഇതിനിടെ 2019 അണ്ടർ 21 യൂറോ കപ്പ്, 2020 ഒളിന്പിക്‌സ് വെള്ളി, 2024 യൂറോ കപ്പ്, 2022–23 നേഷൻസ് ലീഗ് എന്നീ കിരീടങ്ങളും സ്‌പെയ്‌ൻ കൂടാരത്തിലെത്തിച്ചു.









0 comments