ad
Deshabhimani

തുടരും ഹൃദയപൂർവം

ഹൃദയങ്ങളിലാണീ സ്‌നേഹപ്പൊതികൾ

hrdayapoorvam

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വാങ്ങുന്നവർ

വെബ് ഡെസ്ക്

Published on Jul 21, 2026, 12:55 AM | 1 min read

കോട്ടയം ‘അഞ്ചു വർഷമായി ഡയാലിസിസ്‌ ചികിത്സയിലാണ്‌. താമസം ഇവിടെ അടുത്തൊരു വാടക വീട്ടിൽ. ഇ‍ക്കാലമത്രയും ദിവസവും ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിക്കുന്നത്‌ ഇവിടെനിന്നാ. ചികിത്സാച്ചെലവിനിടയിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കാൻ ഞങ്ങൾക്ക് കഴിയില്ല. വിശപ്പടക്കാൻ ഡിവൈഎഫ്‌ഐയുടെ ഇ‍ൗ പൊതിച്ചോർ വലിയ ആശ്വാസമാണ്‌. ഇതൊരു ഭക്ഷണപ്പൊതി മാത്രമല്ല, ഞങ്ങളെപ്പോലുള്ളവർക്ക്‌ പിടിച്ചുനിൽക്കാനുള്ള പിടിവള്ളി കൂടിയാണ്‌’. പാമ്പാടി സ്വദേശി ജെയ്‌സൺ തോമസിന്റെ വാക്കുകളിലുണ്ട്‌ ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂർവം’ പദ്ധതിയുടെ മഹത്വം. കക്ഷി രാഷ്ട്രീയത്തിനതീതമായി ആയിരങ്ങളാണ്‌ ദിവസവും ഉച്ചയ്‌ക്ക്‌ ‘ഹൃദയപൂർവം’ പദ്ധതിയുടെ പൊതിച്ചോറിനായി മെഡിക്കൽ കോളേജ്‌ വരാന്തയിൽ കാത്തുനിൽക്കുന്നത്‌. ഉച്ചസമയത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തുമ്പോൾ, കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ട്. മെഡിക്കൽ കോളേജുകളിലെ പൊതിച്ചോർ വിതരണം വിലക്കുമെന്ന ആരോഗ്യ മന്ത്രിയുടേതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾക്കിടയിലും സ്‌നേഹപ്പൊതികൾ അർഹരായവരെ തേടിയെത്തുന്നു. ജില്ലയിൽ ഏഴുവർഷത്തിനിടെ ഒരുദിവസംപോലും പൊതിച്ചോർ വിതരണം മുടങ്ങിയിട്ടില്ല. ഇതുവരെ കൈമാറിയത്‌ 50ലക്ഷത്തിലധികം സ്‌നേഹപ്പൊതികൾ. 2019 ആഗസ്ത്‌ ഒന്നിനായിരുന്നു പദ്ധതിയുടെ തുടക്കം. 
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക്‌ കീഴിലുള്ള 124 മേഖലാ കമ്മിറ്റികളാണ്‌ ഓരോ ദിവസത്തെയും ഭക്ഷണ വിതരണം ഏറ്റെടുക്കുന്നത്‌. മേഖലാകമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന്‌ പൊതികൾ ശേഖരിച്ച്‌ വാഹനത്തിൽ എത്തിച്ചാണ്‌ വിതരണം. തിങ്കളാഴ്ച ഡിവൈഎഫ്‌ഐ പാമ്പാടി മേഖലാ കമ്മിറ്റിക്കായിരുന്നു ചുമതല. 2300 പൊതിച്ചോറുകൾ വിതരണംചെയ്‌തു. ശരാശരി മൂവായിരത്തിലധികം പൊതിച്ചോറാണ്‌ ദിവസവും മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്യുന്നത്‌. പൊതിച്ചോർ വിതരണത്തിനെതിരായ പ്രസ്‌താവനകൾക്കെതിരെ വ്യാപക ജനരോഷമാണ്‌ ഉയരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home