ad
Deshabhimani

print edition ധാർഷ്ട്യത്തിന്റെ കോട്ട തകർത്ത ഇടിമുഴക്കം; കരുത്തായി എസ്‌എഫ്‌ഐ

ന്യൂഡൽഹിയിൽ വിദ്യാർഥികൾക്കുനേരെ നടന്ന  പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എസ്എഫ്ഐ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനുനേരെ  പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ / ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ
വെബ് ഡെസ്ക്

Published on Jul 21, 2026, 12:54 AM | 2 min read

ന്യൂഡൽഹി: സിജെപി സമരമാരംഭിച്ചത്‌ മുതൽ എസ്‌എഫ്‌ഐയും ജന്തർമന്തറിൽ സജീവമാണ്‌. തിങ്കളാഴ്‌ചത്തെ പാർലമെന്റ്‌ മാർച്ചിനും വിദ്യാർഥികളെ എസ്‌എഫ്‌ഐ ഡൽഹിയിലെത്തിച്ചു. ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രേദേശ്‌, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, ഡൽഹി എന്നിവിടങ്ങളില്‍നിന്ന് ആയിരത്തോളം ആളുകളാണ്‌ എസ്‌എഫ്‌ഐ ബാനറിൽ മാർച്ചിനെത്തിയത്‌.


പൊലീസ്‌ അതിക്രമത്തെത്തുടർന്ന്‌ പെൺകുട്ടികൾക്കുൾപ്പെടെ നാൽപതിലധികം വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. പെൺകുട്ടികളെ പുരുഷ പൊലീസ്‌ മർദിച്ചു. ഇവരെ ആശുപത്രികളിലേക്ക്‌ മാറ്റി.

ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ കെ ഗോപിക ബാബു, എസ്‌എഫ്‌ഐ പ്രവർത്തകരായ സഖി ബാനു, ശരണ്യ വർമ, ഇഷിത എന്നിവരെ അറസ്റ്റ്‌ ചെയ്തു. ജന്തർമന്തറിലെ എസ്‌എഫ്‌ഐയുടെ ക്രാന്തി കോർണർ പൊലീസ്‌ അടിച്ചുതകർത്തു. പുസ്‌തകങ്ങൾ നശിപ്പിച്ചു.

പാർലമെന്റ്‌ മാർച്ചിന്‌ ഐക്യദാർഢ്യവുമായി ജനറൽ സെക്രട്ടറി എം എ ബേബി, പിബി അംഗങ്ങളായ മറിയം ധാവ്‌ളെ, വിജ‍ൂ കൃഷ്ണൻ, ആർ അരുൺ കുമാർ, മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌, കേന്ദ്ര കമ്മിറ്റിയംഗം വിക്രം സിങ്‌, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ്‌ സക്‌സേന എന്നിവർ ജന്തർ മന്തറിലെത്തി.


പ്രക്ഷോഭം തുടരും


വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്‌ക്കാതെ പ്രക്ഷോഭത്തിൽ നിന്ന്‌ പിന്തിരിയില്ലെന്ന്‌ എസ്‌എഫ്‌ഐ. ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കും യുവജനങ്ങൾക്കും നേരെയുള്ള പൊലീസ്‌ അതിക്രമത്തെ എസ്‌എ-ഫ്‌ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജിയും ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യയും അപലപിച്ചു.


യൂണിഫോമോ ബാഡ്‌ജോ ഇല്ലാത്ത പുരുഷ പൊലീസുകാർ എന്ന്‌ അവകാശപ്പെട്ടവർ വിദ്യാർഥിനികളെ തല്ലിചതച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ സത്യേശ ലെയുവ അടക്കമുള്ള വനിതാ പ്രവർത്തകർക്ക്‌ പരിക്കേറ്റു. എസ്‌എഫ്‌ഐ യുപി പ്രസിഡന്റ്‌ അബ്‌ദുൾ വഹാബ്‌, വൈസ്‌പ്രസിഡന്റ്‌ മുകേഷ്‌, പ്രവർത്തകരായ സമീർ, അൻഷിൽ, സെയ്‌ദ്‌, അമിത്ത്‌, ദുർഗേഷ്‌ എന്നിവർക്കും സാരമായി പരിക്കേറ്റു.

ഡിവൈഎഫ്‌ഐ ഡൽഹി സെക്രട്ടറി അമൻ സെയ്‌നിയെയും പൊലീസ്‌ മർദിച്ചു. പൊലീസ്‌ നടപടി സർക്കാരിന്റെ അരക്ഷിതാവസ്ഥയാണ്‌ പ്രകടമാക്കുന്നത്. വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന മോദി സർക്കാരിന്റെ നയങ്ങളുടെ ഒരു കണ്ണി മാത്രമാണ്‌ പരീക്ഷാചോദ്യ ചോർച്ച. ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം– എസ്‌എഫ്‌ഐ അറിയിച്ചു.


അതിനിടെ എംഡിഎംകെ ജനറൽ സെക്രട്ടറി വെെക്കോ പരിക്കേറ്റവരെ സന്ദർശിച്ചു. ആശുപത്രിയിൽ നിരാഹാരസമരം തുടരുമെന്ന് സോനം വാങ്‌ചുക്ക്‌ അറിയിച്ചു. പൊലീസ്‌ തേർവാഴ്‌ചയിൽ പ്രതിഷേധിച്ചാണിത്‌.



നിരാഹാരം അവസാനിപ്പിച്ച്‌ എസ്‌എഫ്‌ഐ


സോനം വാങ്‌ചുക്കിന്‌ ഐക്യദാർഢ്യം അറിയിച്ച്‌ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ച്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജിയും ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ എന്നിവർ ആദർശിനും ഐഷിക്കും നാരങ്ങാ നീര്‌ നൽകി. വാങ്‌ചുക്കിനെ അറസ്റ്റ്‌ ചെയ്തതിനെത്തുടർന്നാണ്‌ സിജെപി നേതാവ്‌ അഭീജീത്ത്‌ ദിപ്‌കെയ്ക്കൊപ്പമാണ് എസ്‌എഫ്‌ഐയും നിരാഹാരമാരംഭിച്ചത്‌. വരുംനാളുകളിലും ശക്തമായ സമരവുമായി എസ്‌എഫ്‌ഐ മുന്നോട്ടുപോകുമെന്ന്‌ എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home