പ്രതി സമൂഹത്തിന് ഭീഷണി

കെന്നത്ത് ജോർജ് (ജഡ്ജി)
പാലക്കാട്
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി. ജില്ലാ പ്രൊബേഷണറി ഓഫീസർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജ് വിധി പറഞ്ഞത്. അപൂർവങ്ങളിൽ അപൂര്‍വമാണ് കുറ്റം. പ്രതിക്ക് കുറ്റബോധമോ, മാനസാന്തരമോ ഇല്ല. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകങ്ങൾക്ക് കാരണമെന്ന വാദം ശരിയല്ല. ഒരുകൊല്ലത്തോളം ആസൂത്രണം ചെയ്താണ് കൊല നടത്തിയത്. കൊലപാതകത്തിന് പ്രതി നേരത്തേ പദ്ധതിയിട്ടിരുന്നതായി സാക്ഷിമൊഴിയുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം ജഡ്‌ജി ചോദിച്ചപ്പോൾ പ്രതി നടത്തിയ പ്രതികരണങ്ങളും വിധിന്യായത്തിൽ ഇടംപിടിച്ചു. ‘‘താൻ ഗാന്ധിജിയെ പോലല്ല, ഒരുകരണത്ത് അടിച്ചാല്‍ മറുകരണത്തിൽ അടിച്ചിരിക്കും’’, ‘അവനവന് വന്നാലേ അറിയൂ, ഞാനായിട്ട് പോകത്തില്ല, വന്നാല്‍ വിടില്ല’ തുടങ്ങിയ പ്രതിയുടെ പ്രതികരണങ്ങളും കോടതി പരാമർശിച്ചു.
അന്വേഷകസംഘത്തിനും പ്രോസിക്യൂഷനും അഭിനന്ദനം
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രോസിക്യൂഷനെയും അന്വേഷക സംഘത്തെയും അഭിനന്ദിച്ച് കോടതി. പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ചുള്ള വിധിന്യായത്തിലാണ് അഭിനന്ദനം. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത 56 ദിവസത്തിനകമാണ് കുറ്റപ്രത്രം സമർപ്പിച്ചത്. ശാസ്‌ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും കൃത്യസമയം ഹാജരാക്കാനും അന്വേഷക സംഘത്തിനായി. 2025 ജനുവരി 27നാണ് ഇരട്ടക്കൊലപാതകം. ചുരുങ്ങിയ കാലയളവിൽ 132 സാക്ഷികളിൽനിന്ന് പ്രോസിക്യൂഷൻ തെളിവിലേക്കാവശ്യമായ 81 സാക്ഷികളെയും 91 രേഖകളും 28 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി. ലെയ്‌സൺ ഓഫീസർ ഗ്രേഡ് എഎസ്‌ഐ കെ ജിനപ്രസാദും പ്രോസിക്യൂഷൻ സെല്ലിലെ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസറായ എസ്‌ഐ രമേഷും നെന്മാറ പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവദാസനും പ്രോസിക്യൂഷനെ സഹായിച്ചു. ആലത്തൂർ ഡിവൈഎസ്‌പി എൻ മുരളീധരന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ മഹേന്ദ്രസിംഹൻ, എസ്‌ഐ ആർ രാജേഷ്, ഗ്രേഡ് എസ്‌ഐ സന്തോഷ്, എഎസ്‌ഐമാരായ രാജേഷ്, കൃഷ്‌ണദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബിൻ, ശിവപ്രകാശ്, സിവിൽ പൊലീസ് ഓഫീസർ വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്.
ആശങ്കയില്ല, അപ്പീൽ പോകും: പ്രതിഭാഗം
ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ ആശങ്കയില്ലെന്നും വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. മാധ്യമങ്ങളാണ് കോടതിയെ ഇൗയൊരു ശിക്ഷാവിധിയിൽ എത്തിച്ചതെന്ന് ഉറപ്പിച്ചുപറയുന്നു. തെളിവുകളുടെ പിൻബലം ശിക്ഷാവിധിക്കില്ല. പ്രോസിക്യൂഷൻ ശാസ്‌ത്രീയ തെളിവുകളും മെഡിക്കൽ തെളിവുകളും ഹാജരാക്കിയെങ്കിലും കൃത്യമായി തെളിയിക്കാനായിട്ടില്ല. ശാസ്‌ത്രീയ തെളിവ് പ്രോസിക്യൂഷന് എതിരാണ്. പ്രതിയുടെ സമീപനം കോടതിവിധിയെ സാരമായി ബാധിച്ചിട്ടുണ്ട്. തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ പോരായ്മയുണ്ട്. മുന്‍വിധിയോടെയാണ് കണ്ടത്. തെളിവുകളുടെ ആഴത്തിലുള്ള പരിശോധന കോടതി നടത്തിയിട്ടില്ല. വിചാരണ സമയത്ത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് അപ്പീല്‍ കോടതിയെ ബോധിപ്പിക്കും. കൊലയ്ക്ക് ഉപയോഗിച്ച ആയുധത്തില്‍ പ്രതിയുടെ കോശം കണ്ടെത്തിയെന്ന് പറയുന്നു. എന്നാല്‍ ശരീരത്തിലെ മുറിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് പ്രോസിക്യൂഷന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെ സന്തോഷം: പ്രോസിക്യൂട്ടർ
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്‌ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിന്റെ അംഗീകാരമാണിത്. അന്വേഷണ ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും സഹകരണമാണ് ഇൗ വിധി ലഭിക്കാന്‍ കാരണമായത്. കേരള സമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണിത്. കോൾഡ് ബ്ലഡഡ് മർഡർ (വികാരങ്ങളോ സഹതാപങ്ങളോ ഇല്ലാതെ മുൻകൂട്ടി ആസൂത്രണം ചെയ്‌ത് നടത്തുന്ന കൊലപാതകം) ആണെന്നാണ് വിധിയിലുള്ളത്. പ്രതിക്ക് പശ്ചാത്താപമോ മാനസാന്തരമോ ഇല്ല. സമൂഹത്തിന് ഭീഷണിയാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി. ശാസ്ത്രീയ പരിശോധനയില്‍ കൊടുവാളില്‍നിന്ന് കോശങ്ങൾ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ വിധി നിര്‍ണയത്തിന് സഹായമായതായും അദ്ദേഹം പറഞ്ഞു.









0 comments