നാട്ടുകാർ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും തൂക്കുകയർ

എ തുളസീദാസ്
Published on Jul 21, 2026, 12:57 AM | 1 min read
കൊല്ലങ്കോട്
ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നാട്ടുകാരാണ്. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ സാക്ഷി പറഞ്ഞവരെയും മറ്റ് ചിലരെയും കൊല്ലുമെന്ന് തെളിവെടുപ്പിനിടയിൽ ചെന്താമര ഭീഷണി മുഴക്കിയിരുന്നു. ഇത് പ്രദേശവാസികളിലും കൊല്ലപ്പെട്ട സുധാകരന്റെ മക്കളിലും ഭീതിപടർത്തി. ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് തുടക്കംമുതൽ സുധാകരന്റെ മക്കളായ അഖിലയും അതുല്യയും അയൽവാസികളായ പുഷ്പയും വസന്തയും ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ വിധിച്ചതോടെ പരോളോ, ജാമ്യമോ ലഭിക്കില്ല. പരോളിലോ, ജാമ്യത്തിലോ ഇറങ്ങി വീണ്ടും കൊലപാതകം നടത്തുമോ എന്ന ആശങ്കയും ഇതോടെ നീങ്ങി. ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യങ്ങൾ കോടതി പൂർണമായും തള്ളുകയായിരുന്നു. പ്രതിക്ക് കുറ്റബോധമോ മാനസാന്തരമോ ഇല്ലെന്നും സമൂഹത്തിന് ഭീഷണിയായി തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കോടതി വിലയിരുത്തി. അതിനാൽ പരമാവധി ശിക്ഷയിൽനിന്ന് ഇളവ് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. ചെയ്ത കുറ്റത്തെ ന്യായീകരിക്കാൻ പ്രതി ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും വിധിയിൽ പറയുന്നു. കുറ്റകൃത്യത്തെക്കുറിച്ച് പശ്ചാത്താപം പ്രകടിപ്പിക്കാത്തത് ശിക്ഷ നിർണയത്തിൽ ഘടകമായതായി കോടതി നിരീക്ഷിച്ചു. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയശേഷവും ചെന്താമരയുടെ സമീപനം മാറിയില്ല. തനിക്ക് തടസ്സം നിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്ന തരത്തിലുള്ള പരാമർശങ്ങളും പ്രതി കോടതിയിൽ നടത്തിയിരുന്നു.









0 comments