സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് നാളെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
വളർച്ചയുടെ വഴികളിൽ അഭിമാനത്തോടെ

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, ടി കെ നൗഷാദ് എന്നിവർ സമീപം
■ പൂർണമായി ഡിജിറ്റലൈസ് ചെയ്‌ത ഓഫീസ് പ്രവർത്തിക്കുക സൗരോർജത്തിൽ
പാലക്കാട്
നവീകരിച്ച സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് എം പി കുഞ്ഞിരാമൻ മാസ്റ്റർ സ്‌മാരക മന്ദിരം ചൊവ്വ പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് പൊതുയോഗം ചേരും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്‌ണൻ എംപി, കെ എസ് സലീഖ തുടങ്ങിയവർ പങ്കെടുക്കും. പാർടിയുടെ വളർച്ചയ്‌ക്കും കാലഘട്ടത്തിനും അനുസൃതമാണ് പുതിയ ഓഫീസ്. പൂർണമായി ഡിജിറ്റലൈസ് ചെയ്‌ത ഓഫീസ് പ്രവർത്തനമാണ് ലക്ഷ്യം. 2025 ആഗസ്‌തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചത്. ബഹുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചിട്ടില്ല. ജില്ലയിലെ നാൽപ്പത്തി രണ്ടായിരത്തോളം വരുന്ന പാർടി അംഗങ്ങൾ നൽകിയ തുകയാണ് ഉപയോഗിച്ചത്. കഴിഞ്ഞ സെപ്‌തംബറിൽ തുടങ്ങിയ നിർമാണം ജനുവരി അവസാനത്തോടെ പൂർത്തിയാക്കി. നിലവിലുള്ള കെട്ടിടത്തിന്റെ ഘടന നിലനിർത്തിക്കൊണ്ടുതന്നെ മുകളിൽ ഒരുനില പണിതു. താഴത്തെ നിലയിലെ ഹാൾ 250 പേർക്ക് ഇരിക്കാവുന്ന നിലയിൽ വിസ്‌തൃതമാക്കി. ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുക. ജില്ലാ സെക്രട്ടറിയുടെ മുറി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ എന്നിവർക്ക് ഇരിക്കാനുള്ള സൗകര്യം, രണ്ട് ഗസ്റ്റ് റൂമുകൾ, ലൈബ്രറി, വാർത്താസമ്മേളനം നടത്താനുള്ള മുറി, സമൂഹമാധ്യമ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക സൗകര്യം എന്നിവയാണ് ഒന്നാംനിലയിലുള്ളത്. പുതുതായി നിർമിച്ച നിലയിലാണ് ജില്ലാ കമ്മിറ്റി യോഗം ചേരുക. ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേരാനുള്ള ഹാൾ, ഗസ്റ്റ് റൂം, അടുക്കള, ഡൈനിങ് ഹാൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂർണമായും സൗരോർജത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. ജില്ലയിലെ സാധാരണക്കാരുടെ ആശാകേന്ദ്രമായും രാഷ്‌ട്രീയത്തിനതീതമായ ജനസേവന കേന്ദ്രമായും തുടർന്നും ഓഫീസ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, ടി കെ നൗഷാദ് എന്നിവരും പങ്കെടുത്തു.










0 comments