ഇമേജ് പ്ലാന്റ് സിപിഐ എം നേതാക്കൾ സന്ദർശിച്ചു

പുതുശേരി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുകീഴിലെ ബയോവേസ്റ്റ് പ്ലാന്റായ മലമ്പുഴയിലെ ഇമേജ് ജനപ്രതിനിധികളും സിപിഐ എം നേതാക്കളും സന്ദർശിച്ചു. 23 വർഷംമുന്പ് ആരംഭിച്ച ഇമേജിലാണ് സംസ്ഥാനത്തെ എല്ലാ ആശുപത്രി മാലിന്യവുമെത്തുന്നത്. ഇതിന്റെ ആശങ്ക നേതാക്കൾ പങ്കുവച്ചു. ഇൻസിനറേറ്റർ തകരാറുമൂലം മാലിന്യം സംസ്കരിക്കാനുള്ള കാലതാമസം അപകടമാണെന്നും ജനപ്രതിനിധികൾ പറഞ്ഞു. ആശുപത്രികൾ വൻതോതിൽ കൂടിയതിനാൽ സംസ്ഥാനത്തെ വിവിധ മേഖലകളിൽ ബയോ മാലിന്യ പ്ലാന്റ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി പറഞ്ഞു. ലൈസൻസ് പുതുക്കാൻ പുതുശേരി പഞ്ചായത്തിനുലഭിച്ച ഇമേജിന്റെ അപേക്ഷ ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ പരിശോധനയ്‌ക്കുശേഷമേ പരിഗണിക്കൂയെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് സുഭാഷ് ചന്ദ്രബോസ്, ഏരിയ കമ്മിറ്റിയംഗം എസ് സുഭാഷ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണൻകുട്ടി, സ്ഥിരംസമിതി ചെയർമാൻ വി സി ഉദയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഷീല, സ്ഥിരംസമിതി ചെയർമാൻമാരായ ആർ ശെൽവൻ, എൻ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി സി പാർവതി, പഞ്ചായത്തംഗങ്ങളായ കെ കണ്ണൻ, കെ സത്യൻ, വിജയകുമാരി എന്നിവർ ഒപ്പമുണ്ടായിരുന്നു.











0 comments