ad
Deshabhimani

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് നവീകരിച്ച കെട്ടിടം

അലയടിക്കുന്ന 
ഓർമകൾ

ഉദ്‌ഘാടനത്തിനൊരുങ്ങിയ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്

ഉദ്‌ഘാടനത്തിനൊരുങ്ങിയ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്

avatar
വേണു കെ ആലത്തൂർ

Published on Feb 28, 2026, 12:34 AM | 2 min read

പാലക്കാട്‌

സിപിഐ എം രൂപീകൃതമായശേഷം ആദ്യ സംസ്ഥാന സമ്മേളനം നടന്നത്‌ പാലക്കാട്ടായിരുന്നു. 1968 നവംബറിലായിരുന്നു സമ്മേളനം. അന്ന്‌ സ്വാഗതസംഘം ഓഫീസായി പ്രവർത്തിച്ച കെട്ടിടമാണ്‌ ഇന്നത്തെ എം പി കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകമായി പാലക്കാട്‌ വിക്ടോറിയ കോളേജിന്‌ സമീപം തല ഉയർത്തിനിൽക്കുന്നത്‌. സംസ്ഥാന സമ്മേളനം നടക്കുന്ന കാലത്ത്‌ പട്ടിക്കര ബിഒസി റോഡിൽ ചെറിയ കെട്ടിടത്തിലായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസ്‌. സമ്മേളനം പാലക്കാട്ട്‌ നിശ്‌ചയിച്ചതോടെ സ്വാഗതസംഘത്തിന്‌ പ്രവർത്തിക്കാൻ കൂടുതൽ സ‍ൗകര്യപ്രദമായ കെട്ടിടം വേണമെന്ന്‌ തീരുമാനിച്ചു. വിക്ടോറിയ കോളേജിന്‌ സമീപം പെൺകുട്ടികളുടെ ഹോസ്‌റ്റലായി പ്രവർത്തിച്ച സ്വകാര്യ വ്യക്തിയുടെ കെട്ടിടം സ്വാഗതസംഘം ഓഫീസിനായി തൽക്കാലത്തേക്ക്‌ വാടകയ്‌ക്ക്‌ എടുത്തു. സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ നടത്തിപ്പിനായി പിരിച്ച പണത്തിൽ കുറച്ച്‌ മിച്ചം വന്നു. അതോടെ കെട്ടിടം സ്ഥിരമായി വാടകയ്‌ക്ക്‌ എടുക്കുന്നതിന്‌ തീരുമാനിച്ച്‌ റെന്റ്‌ കൺട്രോളർ വ്യവസ്ഥയിൽ കെട്ടിടം ഏറ്റെടുത്തു. ആദ്യം പണം നൽകി ഒഴിയുന്പോൾ വാടക കഴിച്ച്‌ ബാക്കിതുക നൽകുന്ന വ്യവസ്ഥയാണ്‌ അന്ന്‌ കരാറിൽ പറഞ്ഞത്‌. 1969ൽ കുഞ്ഞിരാമൻ മാസ്‌റ്റർ മരിച്ചതോടെ പി പി കൃഷ്‌ണൻ ജില്ലാ സെക്രട്ടറിയായി. കെട്ടിടം പാർടിയുടെ പേരിൽ വിലയ്‌ക്കുവാങ്ങി. ജില്ലാ സെക്രട്ടറിയായിരിക്കുന്പോൾ മലന്പുഴ എംഎൽഎ കൂടിയായിരുന്ന കുഞ്ഞിരാമൻ മാസ്‌റ്റർക്ക്‌ താമസിക്കാനും എംഎൽഎ ഓഫീസ്‌ എന്ന നിലയിൽ പ്രവർത്തിക്കാനും കൂടി ലക്ഷ്യമിട്ടായിരുന്നു കെട്ടിടം വാടകയ്‌ക്ക്‌ എടുത്തത്‌. എന്നാൽ കെട്ടിടത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്‌ അവിടെ താമസിക്കാൻ കഴിഞ്ഞില്ല. 1968 നവംബറിൽ സമ്മേളനം കഴിഞ്ഞ് മാസങ്ങൾക്കകം 1969 ജനുവരി 29ന് അദ്ദേഹം വിടവാങ്ങി. അദ്ദേഹത്തിന്റെ മൃതദേഹമാണ് പിന്നീട്‌ അവിടേക്ക്‌ കൊണ്ടുവന്നത്. എം ചന്ദ്രൻ ജില്ലാ സെക്രട്ടറിയായിരിക്കെ 1989ലാണ്‌ പഴയ കെട്ടിടം പൊളിച്ച്‌ പുതിയ കെട്ടിടം എം പി കുഞ്ഞിരാമൻ മാസ്റ്റർ സ്‌മാരകം നിർമിച്ചത്‌. ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകം വെറും ഒരു കെട്ടിടമല്ല, നവകേരള നിർമിതിയുടെ വളർച്ചയിൽ ചരിത്രപരമായ സംഭാവന നൽകിയ ഒരു സ്‌മാരകം കൂടിയാണ്‌. ലോക്‌സഭാ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി, യുഗപ്രഭാവനായ ഇ എം എസ്‌, ജനകീയ നേതാവ്‌ ഇ കെ നായനാർ, സമരതേജസ്‌ വി എസ്‌ അച്യുതാനന്ദൻ തുടങ്ങിയവരെല്ലാം ഇ‍ൗ ഓഫീസിലിരുന്ന്‌ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടിരിന്നുവെന്ന അപൂർവതയുമുണ്ട്‌. പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തിൽനിന്ന്‌ എ കെ ജിയും പട്ടാന്പിയിൽനിന്ന്‌ ഇ എം എസും മലന്പുഴയിൽനിന്ന്‌ നായനാരും വി എസും ജയിച്ചത്‌ ജില്ലയുടെ പാർലമെന്ററി ചരിത്രത്തിൽ അവിസ്‌മരണീയ ഏടുകളാണ്‌. തെരഞ്ഞെടുപ്പ്‌ വിജയങ്ങൾക്കൊപ്പം ഇടതുപക്ഷ പോരാട്ട ചരിത്രത്തിലും നിർണായക സംഭാവന നൽകിയ ഇടം കൂടിയാണ്‌ ആധുനികമായി നവീകരിച്ച്‌ തുറക്കുന്നത്‌.


ജനങ്ങളുടെ ആശ്രയകേന്ദ്രം

ജില്ലയിലെ 43,000–ത്തോളം സിപിഐ എം അംഗങ്ങളുടെയും ലക്ഷക്കണക്കിന്‌ വർഗ ബഹുജന സംഘടന പ്രവർത്തകരുടെയും വിശിഷ്യ, ജനാധിപത്യ വിശ്വാസികളായ മുഴുവനാളുകളുടെയും ആശ്രയ കേന്ദ്രമായി പ്രവർത്തിക്കുക എന്ന ഉത്തരവാദിത്തമാണ്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുള്ളത്‌. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്‌ക്ക്‌ പരിഹാരം കാണാനും എന്നും എപ്പോഴും ആർക്കുവേണമെങ്കിലും സമീപിക്കാവുന്ന ആശ്രയ കേന്ദ്രം കൂടിയാണ്‌ ആധുനിക രീതിയിൽ നവീകരിച്ച എം പി കുഞ്ഞിരാമൻ മാസ്‌റ്ററുടെ പേരിലുള്ള ജില്ലാ കമ്മിറ്റി ഓഫീസ്‌. ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്‌ എന്നും ചാലകശക്തിയായി പ്രവർത്തിക്കുന്ന കെട്ടിടം കൂടുതൽ സ‍ൗകര്യങ്ങളോടെ നവീകരിക്കണമെന്നത്‌ ജില്ലാകമ്മിറ്റിയുടെ കൂട്ടായ തീരുമാനമാണ്‌. കാലം അതിവേഗം മുന്നോട്ട്‌ പോകുകയാണ്‌. ഇന്ന്‌ കാണുന്ന ലോകമല്ല നാളെ. അനുദിനം മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന, സാങ്കേതിക വിദ്യ അത്ഭുതകരമായി വളരുന്ന, സമൂഹമാധ്യമങ്ങൾ വലിയതോതിൽ ജനങ്ങളെ സ്വാധീനിക്കുന്ന കാലം. ഇക്കാലത്ത്‌ അതിനനുസൃതമായി ഒരു ജില്ലാ ആസ്ഥാനം വേണമെന്നത്‌ ഏറെ നാളത്തെ ആലോചനയായിരുന്നു. പൊതുജനങ്ങളിൽനിന്ന്‌ പണം പിരിക്കാതെ പൂർണമായും പാർടി അംഗങ്ങളുടെ സംഭാവന കൊണ്ടായിരിക്കണം നവീകരണം എന്നതും ഐകകണേ്ഠ്യന എടുത്ത തീരുമാനമാണ്‌. അതിന്‌ വലിയ പിന്തുണയാണ്‌ പാർടി അംഗങ്ങളിൽനിന്ന്‌ ലഭിച്ചത്‌. വലതുപക്ഷ മാധ്യമങ്ങൾ സംഘടിതമായി ഇടതുപക്ഷ പ്രസ്ഥാനത്തെയും എൽഡിഎഫ്‌ സർക്കാരിനെയും തകർക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, അവയെ പ്രതിരോധിക്കാനുള്ള ആശയ അടിത്തറ വിപുലപ്പെടുത്താൻ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌.

-ഇ എൻ സുരേഷ്‌ബാബു, സെക്രട്ടറി സിപിഐ എം ജില്ലാ കമ്മിറ്റി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home