ഇന്ന്‌ മന്ത്രിതല യോഗം

ആലത്തൂർ മാതൃക 
പകർത്താൻ സഹകരണ വകുപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Nov 08, 2025, 12:00 AM | 1 min read

പാലക്കാട്‌

കേന്ദ്ര സർക്കാരിന്റെ പിടിവാശിയും മില്ലുകാരുടെ നിഷേധ സമീപനവും കാരണം നെല്ല്‌ ശേഖരിക്കാൻ വൈകിയതോടെ ആലത്തൂർ സർവീസ്‌ സഹകരണ ബാങ്ക്‌ മാതൃകയിൽ സംഭരണം തുടങ്ങാൻ സഹകരണവകുപ്പ്‌. ഇതുമായി ബന്ധപ്പെട്ട്‌ ശനി രാവിലെ 10.30ന്‌ പാലക്കാട്‌ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ മന്ത്രിതലയോഗം ചേരും. മന്ത്രിമാരായ വി എൻ വാസവൻ, എം ബി രാജേഷ്‌, കെ കൃഷ്‌ണൻകുട്ടി, സഹകരണ രജിസ്‌ട്രാർ ഡോ. സജിത്‌ബാബു തുടങ്ങിയവർ പങ്കെടുക്കും. സഹകരണ സംഘങ്ങൾ വഴി നെല്ല്‌ സംഭരിക്കാനുള്ള നിർദേശം യോഗത്തിൽ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഏറ്റവും കൂടുതൽ ചെറുകിട കർഷകരുള്ള ആലത്തൂർ മേഖലയിൽ കെ ഡി പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘നിറ’ പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞമാസം 27 മുതൽ നെല്ല്‌ സംഭരിച്ചുവരികയാണ്‌. ഇതുവരെ 351 ടൺ സംഭരിച്ചു. നെല്ല്‌ എടുക്കുന്ന സമയത്ത്‌ കർഷകർക്ക്‌ നൽകുന്ന രശീത്‌ ആലത്തൂർ സഹകരണ ബാങ്കിൽ നൽകിയാൽ ഉടൻ പണം നൽകും. ബാങ്കിന്റെ പരിധിയിലുള്ള പാടശേഖരങ്ങളിൽ നിന്നാണ്‌ നെല്ല്‌ സംഭരിക്കാൻ പദ്ധതിയിട്ടതെങ്കിലും കർഷകരൂടെ ആവശ്യപ്രകാരം സമീപത്തെ 15 ഓളം പഞ്ചായത്തുകളിൽനിന്ന്‌ നെല്ല്‌ എടുക്കുന്നുണ്ട്‌. കേന്ദ്ര താങ്ങുവിലയായ 23.69 രൂപയിൽനിന്നും വർധിപ്പിച്ച്‌ 24.50 രൂപയ്‌ക്കാണ്‌ നെല്ല്‌ സംഭരിക്കുന്നത്‌. കൊയ്‌തെടുത്ത നെല്ല്‌ സൂക്ഷിക്കാൻ കഴിയാത്ത കർഷകർക്ക്‌ ഇത്‌ വളരെ ആശ്വാസമായി. ജില്ലയിലെ ഏത്‌ സഹകരണസംഘങ്ങൾ മുന്നോട്ട്‌ വന്നാലും ഇതേ മാതൃകയിൽ നെല്ല്‌ സംഭരിക്കാൻ സന്നദ്ധമാണെന്ന്‌ ആലത്തൂർ സർവീസ്‌ സഹകരണ ബാങ്കിന്റെ നെല്ല്‌ സംഭരണ ചുമതലയുള്ള കോ–ഓർഡിനേറ്റർ പി കെ മോഹനൻ പറഞ്ഞു.

എലപ്പുള്ളിയിൽ 150 ഹെക്ടറിലെ നെല്ല്‌ സംഭരിച്ചു

പാലക്കാട്‌ എലപ്പുള്ളി കൃഷിഭവൻ നേതൃത്വത്തിൽ പഞ്ചായത്തിലെ മൂന്ന്‌ പാടശേഖരങ്ങളിലെ 150 ഹെക്ടറിലെ നെല്ല്‌ സംഭരിച്ചു. നേരത്തേ ലിസ്‌റ്റ്‌ തയ്യാറാക്കിയ കർഷകരിൽനിന്ന്‌ നെല്ല്‌ എടുത്ത്‌ സപ്ലൈകോയ്‌ക്ക്‌ നൽകുന്നതാണ്‌ ആരംഭിച്ചത്‌. ഇവർക്ക്‌ പണം തിങ്കളാഴ്‌ച നൽകും. സർക്കാർ അവധിയായ ശനി, ഞായർ ദിവസങ്ങളിലും നെല്ല്‌ സംഭരിക്കുമെന്ന്‌ കൃഷി ഓഫീസർ ബി എസ്‌ വിനോദ്‌കുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home