പാചകവാതക – ഇന്ധന വിലവർധന; ആഘോഷങ്ങളെ പൊള്ളിച്ച്

പാലക്കാട്
വലിയ പെരുന്നാൾ ആഘോഷങ്ങളിൽ വലിയ വെല്ലുവിളിയായി പാചകവാതക – ഇന്ധന വിലവർധന. പാചകവാതക ക്ഷാമവും വില വർധനയും അടുക്കളയുടെ പ്രവർത്തനങ്ങൾ ദുസ്സഹമാക്കിയെന്ന് കുടുംബങ്ങൾ പറയുന്നു. വീടുകളെ കൂടാതെ ഹോട്ടലുകളും കാറ്ററിങ് യൂണിറ്റുകളും പ്രതിസന്ധിയിലാണ്. ബിരിയാണി, ഇറച്ചി വിഭവങ്ങൾക്ക് അധികനേരം തീ കത്തിക്കണം. നിലവിലെ സാഹചര്യത്തിൽ ഇരട്ടിയിലധികം തുകയാണ് ഇങ്ങനെ ചെലവാകുന്നത്. വാടക മുറികളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് അടുപ്പ് കത്തിക്കാനുമാകില്ല. പാചകവാതക ക്ഷാമം രൂക്ഷമായതോടെ മിക്ക ഹോട്ടലുകളിലും സാമ്പത്തിക പ്രതിസന്ധി കടുത്തു. ഇതോടെ സാധാരണക്കാർക്ക് തലവേദനയായി വിഭവങ്ങൾക്ക് വിലയും വർധിച്ചു. ചെറിയ കടകളിലും കാറ്ററിങ് യൂണിറ്റുകളിലും സ്വകാര്യ സിലണ്ടറുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പാചക വാതക ക്ഷാമം മുതലെടുത്ത് ഏജൻസികൾ ഹോട്ടലുകാരെ പിഴിയുന്നു. ഗ്യാസ് ഏജൻസികൾ സിലണ്ടറുകൾ വലിയ കാറ്ററിങ് യൂണിറ്റുകൾക്ക് മാത്രം നൽകുന്നുവെന്ന ആരോപണവും ചെറുകിട ഹോട്ടൽ, കാറ്ററിങ് ഉടമകൾ ഉന്നയിക്കുന്നുണ്ട്. പാചകവാത ക്ഷാമവും പാചകവാതക വിലയും നെട്ടോട്ടമോടിക്കുമ്പോഴാണ് ഇടിമിന്നൽപോലെയുള്ള ഇന്ധനവില വർധന. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ നാലുതവണയാണ് വില ഉയർന്നത്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരും ഓട്ടോറിക്ഷ–ടാക്സി ഡ്രൈവർമാരും വിലവർധനയിൽ ആശങ്കയിലാണ്. പെരുന്നാൾ അവധിയിൽ കുടുംബവുമൊത്ത് വിനോദയാത്ര പോകാനുള്ള സാഹചര്യംപോലുമില്ല. അതേസമയം വില വർധനയ്ക്ക് പരിഹാരം കണ്ടെത്താൻ കേന്ദ്ര സർക്കാർ ഇടപെടലുകളൊന്നും നടത്തുന്നില്ല.










0 comments